Skip to main content

ലൈഫ് മിഷന്‍ വിവാദത്തില്‍ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. ഏകപക്ഷീയമായി റെഡ്ക്രസന്റ് തയ്യാറാക്കിയ ധാരണാപത്രം നടപടിക്രമം പാലിക്കാതെ തിടുക്കത്തില്‍ ഒപ്പിടുകയാണ് ഉണ്ടായതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അത് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മുഖ്യമന്ത്രി വിളിപ്പിച്ചത്. നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്. 

ലൈഫ് മിഷന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കില്‍ക്കൂടി ലൈഫ് മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തത് തദ്ദേശഭരണവകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടുവകുപ്പുകളില്‍ നിന്നും മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചത്. തദ്ദേശഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീനും സമാനമായ രീതിയില്‍ ഫയലുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

വടക്കാഞ്ചേരിയിലെ ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടിരുന്നത്. ലൈഫ്മിഷന്‍ സി.ഇ.ഒ യു.വി.ജോസാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നത്. ധാരാണാപത്രം തയ്യാറാക്കിക്കൊണ്ടുവന്നത് റെഡ്ക്രസന്റാണ്.