Skip to main content

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മൂന്നാറിലേക്ക് തിരികെ മടങ്ങി. രാജമല പഴയ തേയില കമ്പനിക്ക് സമീപം കാത്തുനിന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് മൂന്നാര്‍ ടീ കൗണ്ടിയിലേക്ക് കൊണ്ടുവരാനായി മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മൂന്നാര്‍ ടീ കൗണ്ടിയില്‍ അപകടവുമായി ബന്ധപ്പെട്ട അവലോകനയോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രി തൊഴിലാളികളെ കാണുക.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, മന്ത്രി എംഎം മണി, മന്ത്രി ടിപി രാമകൃഷ്ണന്‍, ഡീന്‍ കുര്യാക്കോസ് എംപി, എസ്. രാജേന്ദ്രന്‍ എംഎല്‍എ, ഇഎസ് ബിജിമോള്‍ എംഎല്‍എ, ഡിജിപി ലോക് നാഥ് ബഹ്‌റ, ദക്ഷിണമേഖല റേഞ്ച് ഐജി ഹര്‍ഷിത അട്ടല്ലൂരി, ഐജി യോഗേഷ് അഗര്‍വാള്‍, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, എസ്പി ആര്‍ കറുപ്പസ്വാമി എന്നിവരും  ഒപ്പമുണ്ടായിരുന്നു.

മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ സംഘം റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക് പോയി. ഏതാണ്ട് ഒരു മണിക്കൂറോളം സമയം സംഘം അപകട സ്ഥലത്ത് ചെലവഴിച്ചു. വൈദ്യുതി മന്ത്രി എം എം മണിയും  കെ കെ ജയചന്ദ്രന്‍ എം എല്‍ എ യും ഉദ്യേഗസ്ഥരും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.  പെട്ടിമുടിയില്‍ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കന്നിയാര്‍ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ദൗത്യസംഘം ഇന്നും തുടരും. 55 മൃതദേഹങ്ങളാണ് പെട്ടിമുടിയില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത്.