Skip to main content

കൊല്ലം അഞ്ചല്‍ ഉത്രാ വധക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. വധക്കേസിലെയും ഗാര്‍ഹിക പീഡനക്കേസിലെയും കുറ്റപത്രം രണ്ടായിട്ടായിരിക്കും കോടതിയില്‍ നല്‍കുക. വധക്കേസിന്റെ കുറ്റപത്രമാണ് ആദ്യം സമര്‍പ്പിക്കുന്നത്. വധക്കേസില്‍ സൂരജ് മാത്രമാണ് പ്രതി. 

ഗാര്‍ഹിക പീഡനമാണ് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും പ്രതി ചേര്‍ക്കും. കേസിലെ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ കോടതി മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.

അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് മരിച്ചത്. കിടപ്പ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

വന്യജീവി സംരക്ഷണ നിയമ പ്രകാരം സൂരജിനും സുരേഷിനുമെതിരെ വനംവകുപ്പ് എടുത്ത മുന്നു കേസിന്റെയും കുറ്റപത്രം തയാറാക്കി വരികയാണ്. കേസില്‍ പ്രത്യേക അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.