Skip to main content

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നു. കേസില്‍ യു.എ.പി.എ ചുമത്തിയത് നിലനില്‍ക്കില്ലെന്നും കേസ് എന്‍.ഐ.എ ഏറ്റെടുത്തതും ധൃതിപ്പെട്ട് എഫ്.ഐ.ആര്‍ തയ്യാറാക്കിയതും രാഷ്ട്രീയപ്രേരിതമാണെന്നും ഇതുവെറും നികുതിവെട്ടിപ്പാണെന്നും സ്വപ്‌നയ്ക്ക് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 

കേസില്‍ എന്‍.ഐ.എയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യമില്ലെന്നും കേരളാ മുഖ്യമന്ത്രിയാണ് കേസ് അന്വേഷണത്തിന് കേന്ദ്രത്തിന് കത്തെഴുതിയതെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ യു.എ.പി.എ നിലനില്‍ക്കുമോയെന്ന് എന്‍.ഐ.എ കോടതി ചോദിച്ചു. ഇതേ തുടര്‍ന്ന് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി എന്‍.ഐ.എ സംഘം കോടതിയില്‍ ഹാജരാക്കി. അന്വേഷണോദ്യോഗസ്ഥനായ ഡി.വൈ.എസ്.പി സി.രാധാകൃഷ്ണപിള്ളയാണ് കേസ് ഡയറി ഹാജരാക്കിയത്.