Skip to main content

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം യു.എ.ഇയിലേക്കും. കേസിലെ നയതന്ത്ര ബന്ധങ്ങള്‍ ഉള്‍പ്പെടെ എന്‍.ഐ.എ പരിശോധിക്കും. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് അനവദിക്കണം എന്നാണ് എന്‍.ഐ.എ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ യു.എ.ഇ സര്‍ക്കാരിന്റെ അനുമതി തേടും.

യു.എ.ഇ അറ്റാഷെയും കോണ്‍സുലേറ്റ് ജനറലുമായും ബന്ധപ്പെട്ട് കേസില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഏത് തരത്തിലാണ് കേസില്‍ നയതന്ത്ര സംവിധാനം ദുരുപയോഗം ചെയ്തതെന്ന് സംബന്ധിച്ച അന്വേഷണത്തിനായാണ് എന്‍.ഐ.എ യു.എ.ഇയിലേക്ക് പുറപ്പെടുന്നത്. 

യു.എ.ഇയില്‍ നയതന്ത്ര ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നത് ആരെല്ലാം, ഹവാല പണത്തിന്റെ വിതരണ ശൃംഖലയും ഇടപാടുകളും എന്നിവയെ സംബന്ധിച്ച് എന്‍.ഐ.എ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.