Skip to main content

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോ കോണ്‍ഫറന്‍സ് വഴി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തന സജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ രാജ്യവും ലോകവും പല ഘട്ടങ്ങളിലും കേരളത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നു. ആദ്യ ഘട്ടങ്ങളില്‍ മഹാമാരിയെ നേരിടുന്നതിന് വലിയ തോതിലുള്ള പിന്തുണ ലഭിച്ചിരുന്നു എന്നും കുറച്ച് കഴിഞ്ഞപ്പോള്‍ അതില്‍ അലംഭാവം ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. അലംഭാവവും വിട്ടു വീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നല്ല മാതൃകയുടെ ഭാഗമായി മഹാമാരിയെ നേരിടുമ്പോള്‍ രാജ്യവും ലോകവും പലഘട്ടങ്ങളിലും കേരളത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നു. ഇതിന് കാരണം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമായിരുന്നുവെന്നതുകൊണ്ടാണ്. മഹാമാരിയെ നേരിടുന്നതിന് എല്ലാവരുടെയും ഭാഗത്തുനിന്ന് വലിയതോതിലുള്ള പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായി. അത് രോഗം പടരുന്നതിന് ഇടയാക്കി. മഹാമാരിയെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ഏറ്റവും പ്രധാനം ക്വാറന്റീനില്‍ കഴിയേണ്ടവര്‍ കൃത്യമായി കഴിയണമെന്നുള്ളതാണ്. ശാരീരിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഒരു വിട്ടുവീഴ്ചയും ഇതിലുണ്ടാകരുത്. 

കുറച്ച് വിട്ടുവീഴ്ചയും അലംഭാവവും പലസ്ഥലങ്ങളിലുമുണ്ടായി. ഇതില്‍ മാറ്റം വരുത്തണം. കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നു. ഈ മഹാമാരിയെ പിടിച്ചുകെട്ടിയേ പറ്റു. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രധാനമാണ്. ഈ മുന്‍കരുതല്‍ മുമ്പ് നല്ലരീതിയില്‍ സ്വീകരിച്ചിരുന്നു. പല കാരണങ്ങള്‍കൊണ്ട് ഇതൊന്നും സാരമില്ലെന്ന സന്ദേശം ഉണ്ടാകുന്നതിന് ഇടയാക്കി. അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്ന് നാം കുറ്റബോധത്തോടെ ഓര്‍ക്കണമെന്നും മുഖ്യന്ത്രി പറഞ്ഞു.  ഉത്തരവാദികളോരോരുത്തരും അത് ഓര്‍ക്കുന്നത് നല്ലതാണ്. ഇനിയെങ്കിലും ഇതിനെ തടയാന്‍ ഒരേ മനസോടെ നീങ്ങാന്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും അദ്ദേഹം പറഞ്ഞു.