Skip to main content

ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി-രാജു ദമ്പതിമാരുടെ മകനായ പ്രിത്വിരാജ് ഇന്നലെയാണ് നാണയം വിഴുങ്ങി മരിച്ചത്. 
ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ വീട്ടുകാര്‍ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെ പീഡിയാട്രീഷന്‍ ഇല്ലായെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ ഇവിടെയും ചികിത്സ ലഭ്യമായില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇവിടെയും പീഡിയാട്രീഷന്‍ ഇല്ലാതിരുന്നതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.അതിനിടെ കുട്ടിക്ക് പഴവും വെള്ളവും കൊടുത്താല്‍ നാണയം ഇറങ്ങിപ്പൊയ്ക്കൊള്ളുമെന്നും പിന്നീട് വയറിളക്കിയാല്‍ അത് പുറത്തുപോകുമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു.  ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ഇവര്‍ വിളിച്ചു ചോദിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് പറയുന്നു. ഇതനുസരിച്ച് വീട്ടുകാര്‍ മടങ്ങിപ്പോവുകയും ശനിയാഴ്ച രാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച  പുലര്‍ച്ചെയോടുകൂടി കുട്ടി മരണപ്പെടുകയായിരുന്നു. മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് കുട്ടി മരിച്ചതെന്നാണ് ഇവര്‍ പറയുന്നത്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വന്നതു കൊണ്ട് കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ പറ്റില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇതെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ നിന്ന് സംഭവത്തെ കുറിച്ച് വിവരങ്ങള്‍ തേടിയെന്ന് ദേശീയ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂങ്കേ അറിയിച്ചു. വിവരങ്ങള്‍ ലഭിച്ചതിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.