Skip to main content

 

ആധുനിക പത്രപ്രവര്‍ത്തനത്തിന് ഏതാണ്ട് അഞ്ച് നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. പക്ഷേ ഇന്നത്തെപ്പോലെ മാധ്യമങ്ങളാല്‍ മനുഷ്യജീവിതം സ്വാധീനിക്കപ്പെട്ട കാലം മുമ്പുണ്ടായിരുന്നില്ല. മനുഷ്യന്റെ ചിന്തയും പ്രവൃത്തിയും സ്വപ്നവും മൂല്യബോധവുമൊക്കെ മാധ്യമങ്ങളാല്‍ ചിട്ടപ്പെടുന്നതാണ് ഈ വര്‍ത്തമാനകാലം. ഇന്ന് മാധ്യമലോകം എന്ന് വിവക്ഷിക്കുന്നത് പരമ്പരാഗത മാധ്യമങ്ങളായ അച്ചടി മാധ്യമങ്ങള്‍, ടെലിവിഷന്‍, റേഡിയോ സിനിമ എന്നിവ മാത്രമല്ല. ഇന്റര്‍നെറ്റും ബ്ലോഗുകളും മൈക്രോബ്ലോഗും ഫേസ്ബുക്കും, ട്വിറ്ററും മൊബൈല്‍ ഫോണ്‍ സേവനങ്ങളും മറ്റും അടങ്ങിയ നവസാമൂഹ്യമാധ്യമങ്ങളും ഗൂഗിളും ഒക്കെ ഉള്‍പ്പെട്ട കൂട്ടുകുടുംബത്തെയാണ്. മൂലധനത്തിന്റെയും സാങ്കേതികവിദ്യയുടെയും നേതൃത്വത്തില്‍ അരങ്ങേറിയ മാധ്യമങ്ങളുടെ ഈ മഹാപ്രാഭവത്തിന്റെ പിന്നില്‍ ലിബറല്‍ ജനാധിപത്യത്തിനും മുതലാളിത്തത്തിനും കൈവന്ന ഏറെക്കുറെ സാര്‍വത്രികമായ മേധാവിത്തത്തിനും സുപ്രധാന പങ്കുണ്ടെന്ന് സംശയമില്ല. 

 

ആരംഭകാലം മുതല്‍ ബഹുജനമാധ്യമങ്ങളുടെ ഒരു അടിസ്ഥാന ദൗത്യം ദൂരത്തെയും സമയത്തെയും കീഴടക്കുക എന്നതാണ്. എത്രയും ദൂരത്ത് നിന്നുമുള്ള വാര്‍ത്തകള്‍ ഏറ്റവും വേഗം എത്തിക്കുക എന്നതാണീ ദൗത്യം. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യം നടന്ന വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയന്റെ പരാജയം ഏതാനും മുന്നൂറോളം കിലോമീറ്റര്‍ അകലെ ലണ്ടനില്‍ റിപ്പോട്ട് ചെയ്തത് 4 ദിവസം കൊണ്ടായിരുന്നു. ഇത് അന്ന്  ഒരു റിക്കാഡാണ്. എന്നാല്‍ ഇന്ന് ലോകത്തിന്റെ ഏത് കോണില്‍  നടക്കുന്ന സംഭവങ്ങളും അതേ നിമിഷം ലക്ഷക്കണക്കിന് മൈലുകള്‍ അകലെയിരുന്നു പോലും അറിയാനും നേരിട്ട് കാണാനുമുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നു. ദൂരവും സമയവും കീഴടക്കാനുള്ള ചരിത്രയുദ്ധത്തില്‍ അന്തിമ വിജയം മാധ്യമം കൈവരിച്ചെന്ന് അര്‍ത്ഥം. വിജ്ഞാനം വിരല്‍ത്തുമ്പില്‍ എന്നത് ആലങ്കാരികപ്രയോഗമല്ല, അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ഥ്യമായിരിക്കുന്നു. എത്രയോ കാലം കൊണ്ട് എത്രയോ ഗുരുക്കന്മാരില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നും ഒക്കെയായി സമാഹരിച്ചിരുന്ന അറിവിന്റെ ലോകത്തെത്താന്‍ -സൂര്യനു കീഴിലോ അതിനപ്പുറത്തോ ഉള്ള ആയ എന്ത് വിഷയം സംബന്ധിച്ചായാലും- ഇന്ന്  ഗൂഗിള്‍ എന്ന മഹാവിസ്മയത്തില്‍ ഒന്ന് തൊടേണ്ടതേയുള്ളൂ. അറിവാണ് ശക്തിയെങ്കില്‍ വ്യക്തിയുടെ ശാക്തീകരണം വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നുവോ എന്ന ചോദ്യം നേരിട്ട ഒരു വിരുതന്‍ ഈയ്യിടെ നല്കിയ മറുപടി ഇങ്ങനെ; ''ഗൂഗിളിലൂടെ അറിയാന്‍ ഇനി എനിക്ക് കുറച്ചു കാര്യങ്ങള്‍ കൂടിയുണ്ട്. അതുകൊണ്ട് ഇപ്പോഴും ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു''. വാസ്തവത്തില്‍ മറ്റൊരു ദൈവാവതാരമാണ് ഗൂഗിള്‍ എന്ന് പോലും പറയാം. എല്ലാം അറിയുവന്നനും എല്ലായിടവും നിറഞ്ഞവനുമല്ലൊ അവന്‍! വിജ്ഞാനവും വിനോദവും പകരുക എന്ന മാധ്യമങ്ങളുടെ രണ്ട് പരമ്പരാഗത ദൗത്യങ്ങളും നിറവേറ്റാന്‍ ഇനി ബാക്കിയില്ലാതായിരിക്കുന്നുവെന്ന്  സാരം. അതേ സമയം പുതുമാധ്യമങ്ങളുടെ ഈ ആരോഹണം ഇന്നുവരെ ചെങ്കോലും കിരീടവും വഹിച്ച പരമ്പരാഗത മാധ്യമങ്ങളുടെ -അച്ചടി, ടി വി- അവരോഹണത്തിനും വഴി വെച്ചിരിക്കുന്നു.

 

ഇന്നലെവരെ ഏതൊരു സാങ്കേതികപുരോഗതിയെയും മൂലധനം വിഴുങ്ങുകയായിരുന്നെങ്കില്‍ വിവരസാങ്കേതികവിദ്യ അതിന് ഇനിയും വഴങ്ങിയിട്ടില്ലെന്നതാണ് മനുഷ്യരാശിയുടെ വികാസചരിത്രത്തില്‍ തന്നെ പുതിയ അധ്യായം കുറിച്ചിരിക്കുന്നത്.

 

മറ്റൊരു സുപ്രധാന വഴിത്തിരിവ് കൂടി സാക്ഷ്യം വഹിക്കുന്നുണ്ട് വര്‍ത്തമാനകാല മാധ്യമലോകം. ആരംഭകാലം മുതല്‍ മാധ്യമങ്ങള്‍ സാങ്കേതികവിദ്യയുടെ മാത്രമല്ല തത്ഫലമായി മൂലധനത്തിന്റെയും ചലനനിയമങ്ങള്‍ക്ക് വിധേയമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ വ്യവസായവിപ്ലവത്തിന്റെ ആവിര്‍ഭാവത്തോടെ ഈ വിധേയത്വം തീവ്രമായി. മുഖ്യധാരാ മാധ്യമലോകം മൂല്യാധിഷ്ഠിതവും ആദര്‍ശപ്രേരിതവുമായ ഒരു മഹാദൗത്യമെന്നതില്‍ നിന്ന് വലിയ നിക്ഷേപവും സാങ്കേതികവിദ്യയും ലാഭവും ഉള്‍ക്കൊണ്ട വന്‍കിടവ്യവസായമായി വളരുന്നത് അതോടെയാണ്. അതിവേഗം ഈ പ്രവണതകള്‍ കൂടുതല്‍ കൂടുതല്‍ ശക്തമാകുകയും വിപണികേന്ദ്രിതമായ കച്ചവടവല്ക്കരണം മാധ്യമങ്ങളുടെ മുഖമുദ്രയാകുകയും ചെയ്തു. ബഹുസ്വരതയുടെയും ജനാധിപത്യത്തിന്റെയും പതാകാവാഹകരെന്ന് അഭിമാനിച്ച മാധ്യമങ്ങള്‍ കുത്തകവല്ക്കരണത്തിന്റെ കൂത്തരങ്ങായിത്തീര്‍ന്നു. ഇതില്‍ അത്ഭുതപ്പെടാനില്ല. മുതലാളിത്തത്തിന്റെ ശിശു മുതലാളിത്തത്തിന്റെ ചലനനിയമങ്ങളല്ലേ പിന്തുടരുക!

 

 

എന്നാല്‍ വര്‍ത്തമാനകാലം ഇതിന് ചരിത്രപ്രധാനമായ ഒരു മാറ്റം കുറിച്ചു. മാധ്യമങ്ങളുടെ ആവിര്‍ഭാവം മുതല്‍ മൂലധനനിയന്ത്രിതമായി മാത്രം ചരിച്ചിരുന്ന പ്രയാണത്തിനാദ്യമായി ദിശാമാറ്റം സംഭവിച്ചു. കോര്‍പ്പറേറ്റ് ഉടമസ്ഥതയിലുള്ള വന്‍കിട മാധ്യമ ഗ്രൂപ്പുകളുടെ കുത്തകക്ക് കീഴിലായിരുന്ന മാധ്യമ മുഖ്യധാരയില്‍ ഏകപക്ഷീയമായ വാര്‍ത്താദാനമല്ലാതെ ആശയവിനിമയം എന്ന ദ്വിമുഖമായ ആദാനപ്രദാനമേ ഉണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചരക്കുകളുടെ നിഷ്‌ക്രിയരായ ഉപഭോക്താക്കള്‍ മാത്രമായി വായനക്കാര്‍/പ്രേക്ഷകര്‍. ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയിലൂടെ ചീറിപ്പായുന്ന ആഡംബര വാഹനങ്ങളെ പാതയോരത്ത് നിന്ന്നോക്കി ''എന്തൊരു സ്പീഡ്!'' എന്ന് അന്തം വിടാന്‍ മാത്രമേ അവര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. ഇതിനാണ് ചരിത്രത്തില്‍ ആദ്യമായി ഒരു മാറ്റം. ഈ സൂപ്പര്‍ ഹൈവേയില്‍ ചുവട് വെയ്ക്കാനും വാര്‍ത്തയുടെ ഉപഭോക്താവ് മാത്രമല്ല  ഉല്‍പ്പാദകര്‍ കൂടി ആകാനും ചരിത്രത്തിലാദ്യമായി സാധാരണക്കാരന് അവസരം സൃഷ്ടിച്ചത് ഇന്റര്‍നെറ്റിന്റെയും വിവരസാങ്കേതികവിദ്യയുടെയും വരവ് തന്നെ.  ഇന്ന് ഒരു വന്‍കിട മാധ്യമക്കുത്തകയുടെയും ഔദാര്യമില്ലാതെ തന്റെ ബ്ലോഗുകളിലൂടെയോ യൂട്യൂബിലൂടെയോ ഫേസ്ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ ഏതൊരു വാര്‍ത്തയുടെയും സന്ദേശത്തിന്റെയും ചിത്രത്തിന്റെയും സാന്നിദ്ധ്യം ആഗോളദൃശ്യപഥത്തില്‍ തന്നെ ഉറപ്പിക്കാന്‍ വ്യക്തികള്‍ക്ക് സാധ്യമാണ്. ഇതിനാവശ്യമായ ഉപകരണം ഒരു മൊബൈല്‍ ഫോണ്‍ മാത്രം! മാധ്യമലോകത്തിന്റെ വിപുലമായ ജനാധിപത്യവല്ക്കരണം ആണ് ഈ സാങ്കേതികവിദ്യയിലൂടെ യാഥാര്‍ത്ഥ്യമായതെന്ന് സംശയമില്ല. സാധാരാണക്കാര്‍ക്ക് പോലും മാധ്യമലോകം പ്രാപ്യമായെന്ന് മാത്രമല്ല, റൂപ്പര്‍ട്ട് മര്‍ഡോക്കിനെപ്പോലെ ഏതാനും കുത്തക മാധ്യമമുതലാളിമാര്‍ വിചാരിച്ചാല്‍ കഴിയുമായിരുന്ന വാര്‍ത്താതമസ്‌കരണം ഇന്ന് പഴങ്കഥ ആകുകയും ചെയ്തു. തീര്‍ച്ചയായും സാങ്കേതികവും മാധ്യമപരവും മാത്രമല്ല രാഷ്ട്രീയവും സാമൂഹ്യവുമായ ഒരു വിപ്ലവമാണിത്. ഒളിച്ചുവെയ്ക്കലുകള്‍ക്കിടമില്ലാത്ത അതിരില്ലാത്ത, സുതാര്യതയ്ക്കുള്ള സാഹചര്യം സംജാതമായിരിക്കുന്നെന്നു പറയാം. ഇന്നലെവരെ ഏതൊരു സാങ്കേതികപുരോഗതിയെയും മൂലധനം വിഴുങ്ങുകയായിരുന്നെങ്കില്‍ വിവരസാങ്കേതികവിദ്യ അതിന് ഇനിയും വഴങ്ങിയിട്ടില്ലെന്നതാണ് മനുഷ്യരാശിയുടെ വികാസചരിത്രത്തില്‍ തന്നെ പുതിയ അധ്യായം കുറിച്ചിരിക്കുന്നത്.

 

എന്നാല്‍ ഇതിനുമപ്പുറത്ത് പോയിരിക്കുന്നു പുതിയ മാധ്യമങ്ങളുടെ പങ്ക്. രാഷ്ട്രീയ-സാമൂഹ്യമാറ്റത്തിന് പ്രത്യക്ഷമായിത്തന്നെ അവ ചുക്കാന്‍ പിടിച്ചതാണ് അറബ് വസന്തത്തിനും മുല്ലപ്പൂ വിപ്ലവത്തിനും മാത്രമല്ല ഇന്ത്യയില്‍ അഴിമതിക്കെതിരെയുണ്ടായ വര്‍ത്തമാനകാല മുന്നേറ്റത്തിനും ദില്ലിയിലെ ബലാല്‍സംഗത്തിനെതിരെയുണ്ടായ ദേശീയപ്രതിരോധത്തിനും ഒക്കെ വഴിവെച്ചിരിക്കുന്നത്. ഇന്നുവരെ ഒരു പ്രസ്ഥാനത്തിനും എത്തിനോക്കാനാവാതിരുന്ന ഇസ്ലാമിക രാജ്യങ്ങളിലെ സ്വേഛാധികാരവ്യവസ്ഥകളെ അട്ടിമറിക്കാന്‍ കഴിയുന്ന ജനസഞ്ചയത്തെ അണിനിരത്താന്‍ നവ സോഷ്യല്‍ മീഡിയക്ക് കഴിഞ്ഞിരിക്കുന്നു. ട്വിറ്ററും ഫേസ് ബുക്കും നിരോധിക്കപ്പെട്ടിരിക്കുന്ന ചൈനയ്ക്ക് ''വെയ്‌ബോ'' എന്ന സ്വന്തം സോഷ്യല്‍ നെറ്റ് വര്‍ക്ക് അനുവദിക്കേണ്ടിവന്നിരിക്കുന്നു. സിന വെയ്‌ബോ എന്ന ഈ ''കിഴക്കിന്റെ ട്വിറ്ററില്‍ '' 36.8 കോടിപ്പേര്‍ ചേര്‍ന്നു കഴിഞ്ഞു. ചൈനക്കാര്‍ മാത്രമല്ല പാശ്ചാത്യലോകത്തെ സൂപ്പര്‍ താരങ്ങളായ ബില്‍ ഗെയ്റ്റ്‌സും, ടോം ക്രൂയ്‌സും പാരിസ് ഹില്‍ട്ടനും ചൈനയില്‍ പ്രവേശനം നിരോധിക്കപ്പെട്ട ഹോളിവുഡ് താരം ബ്രാഡ് പിറ്റും വരെ വെയ്‌ബോയില്‍ അംഗങ്ങളാണ്. എത്രയോ കാലമായി രണ്ട് മണിക്കൂറില്‍ ഒരു സ്ത്രീ എന്നോണം ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്ന ഇന്ത്യാമഹാരാജ്യത്ത് ദില്ലിയിലെ നിര്‍ഭയക്ക് ഉണ്ടായ അനുഭവം രാജ്യത്തെയാകെ ഉണര്‍ത്തിയെങ്കില്‍ അതിന് കടപ്പെടേണ്ടത് ഈ പ്രശ്‌നത്തെ അതിന്റെ സകലപ്രാധാന്യത്തോടെ നിരന്തരമെന്നോണം അവതരിപ്പിച്ച് സമൂഹമനസ്സാക്ഷിയെ ഇളക്കിമറിച്ച മാധ്യമങ്ങളോട് തന്നെ. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞൊഴുകുന്ന സത്യത്തെ കാണാതിരിക്കാനോ ഏറ്റെടുക്കാതിരിക്കാനോ മറ്റൊരു മാധ്യമത്തിനും ആകുമായിരുന്നില്ല. സംഘടിതപ്രസ്ഥാനങ്ങളുടെയോ നേതാക്കളുടെയോ സഹായമില്ലാതെ തന്നെ ജനസഞ്ചയരാഷ്ട്രീയം ക്രിയാത്മകമാക്കാന്‍ പുതിയ മാധ്യമങ്ങള്‍ക്കാകുന്നത് നിസ്സാരമല്ല.

 

രാഷ്ട്രീയ-സാമൂഹ്യസംവാദങ്ങളുടെ പൊതു ഇടങ്ങള്‍ നഷ്ടമായിരുന്ന വര്‍ത്തമാനകാല സമൂഹത്തിന്റെ പുതു പൊതു ഇടമാണ് സോഷ്യല്‍ മീഡിയ. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരികബോധം കരുപ്പിടിപ്പിച്ച ജനകീയ സംവാദകേന്ദ്രങ്ങളായിരുന്ന ഗ്രാമീണവായനശാലയും, ബാര്‍ബര്‍ ഷോപ്പും, ചായക്കടയും, ചാരായക്കടയും, അമ്പലപ്പറമ്പും, നാല്ക്കവലകളും, പള്ളിയങ്കണവും ഇന്ന് അതിന്റെ വേദികളല്ല. എല്ലാവരും വീട്ടിനുള്ളിലെ വിഡ്ഢിപ്പെട്ടിക്ക് മുന്നില്‍ സ്വന്തം രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ ബോധരൂപീകരണത്തിനായി നിഷ്‌ക്രിയരായി കാത്തിരിക്കുന്നു. സഹജീവികളുമായി പരസ്പര ആശയവിനിമയം എന്ന മനുഷ്യന്റെ അടിസ്ഥാനചോദന സഫലമാക്കുക എന്നതാണ് സാമൂഹ്യമാധ്യമങ്ങളുടെ വിജയത്തിന്റെ മുഖ്യ ആധാരം. മറ്റ് മാധ്യമങ്ങളില്‍ നി്ന്ന് വ്യത്യസ്തമായി കരണവും പ്രതികരണവും ഉടനടിയാകുമ്പോള്‍ ആശയവിനിമയം മാത്രമല്ല സൃഷ്ടിപരത എന്ന മനുഷ്യന്റെ മറ്റൊരു അടിസ്ഥാന ചോദനയും സഫലം. ഇവയ്ക്ക് പുറമേ മറ്റൊരു സാമൂഹ്യപ്രയോജനം കൂടി ഈ നവമാധ്യമങ്ങളില്‍ നിന്നുണ്ട്. പൊതുദുരന്തങ്ങളില്‍ ഇരകള്‍ക്ക് അതിവേഗം സഹായവും പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കാനും സാമൂഹ്യമീഡിയയ്ക്കുള്ള ശേഷിയുടെ ഏറ്റവും സമീപകാല ഉദാഹരണം ആണ് അമേരിക്കയിലെ സാന്റി ചുഴലിക്കാറ്റില്‍ പെട്ടവര്‍ക്ക്  ട്വിട്ടറും മറ്റും നല്കിയ സഹായം. 

 

പക്ഷേ ഇതിനര്‍ത്ഥം നവീനമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും യാതൊരു കുഴപ്പവുമില്ലാത്ത പ്രതിഭാസമാണൊണോ ? ഒരിക്കലുമല്ല. ധാരാളമുണ്ട് പ്രശ്‌നങ്ങള്‍. ഉടമസ്ഥതയിലും പങ്കാളിത്തത്തിലും ഭരണകൂടത്തിന്റെയും മൂലധനത്തിന്റെയും വിപണിയുടെയും കുറഞ്ഞ നിയന്ത്രണം, സാധാരണജനങ്ങള്‍ക്കുള്ള പ്രാപ്യത, കൈകാര്യം ചെയ്യുവന്നവര്‍ക്കു ലഭിക്കാവുന്ന മറവ് മൂലം അധികാരകേന്ദ്രങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാനുള്ള സൗകര്യം, വ്യാപ്തി, വേഗം എന്നിവയൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ ശക്തികള്‍. പക്ഷേ ഇതൊഴിച്ചാല്‍ നിലവിലുള്ള സമൂഹത്തിന്റെ വര്‍ഗ്ഗബന്ധങ്ങളിലും അധികാരസമവാക്യങ്ങളിലും നിന്ന് സോഷ്യല്‍ മീഡിയയും മോചിതമല്ല. സമൂഹത്തിന്റെയും മുഖ്യധാരാമാധ്യമങ്ങളുടെയും മൂല്യപ്രമാണങ്ങളും സവിശേഷതകളും ഇവിടെയും ആധിപത്യം വഹിക്കുന്നു. അതിനാലാണ് സോഷ്യല്‍  മീഡിയയും മുഖ്യധാരാസമൂഹത്തെയും മാധ്യമങ്ങളെയും പോലെ പുരുഷ-നഗര-മധ്യവര്‍ഗ്ഗ-സവര്‍ണ്ണ-ഇംഗ്ലീഷ്ഭാഷാകേന്ദ്രിതം ആണെന്ന വിലയിരുത്തല്‍. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിത്യേനെ കൊടും ചൂഷണം നേരിടുന്ന ദളിത്-ന്യൂനപക്ഷസ്ത്രീകള്‍ക്കൊന്നും കിട്ടാത്ത പ്രാധാന്യം ദില്ലിയിലെ ബലാല്‍സംഗത്തിന് ലഭിച്ചതിനെപ്പറ്റി അരുന്ധതി റോയിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെങ്കിലും (നിര്‍ഭയ നഗരവാസിയോ സവര്‍ണ്ണജാതിക്കാരിയോ മധ്യവര്‍ഗ്ഗക്കാരിയോ ആയിരുന്നില്ല) പൊതുവേ ഈ വിമര്‍ശനത്തില്‍ കഴമ്പുണ്ട്. രാഷ്ട്രീയത്തിലെ അഴിമതി, ജെസ്സിക്ക ലാല്‍, പ്രിയദര്‍ശിനി മാട്ടൂ എന്നീ നഗരമധ്യവര്‍ഗ്ഗയുവതികളുടെ കൊലപാതകം തുടങ്ങി മധ്യവര്‍ഗ്ഗത്തെ ഇളക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ക്കൊന്നും ലഭിക്കുന്ന പ്രാധാന്യം ഇന്ത്യയുടെ അടിസ്ഥാനപരമായ വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ വൈരുദ്ധ്യങ്ങള്‍ക്ക് ഇന്നും സോഷ്യല്‍ മീഡിയയില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. അപ്പോഴെന്താണ് സോഷ്യല്‍ മീഡിയയുടെ സവിശേഷ നേട്ടം? ഇന്നത്തെ സാമൂഹ്യസംവാദത്തിന്റെയും മാധ്യമപ്രവര്‍ത്തനത്തിന്റെയും അതിരുകള്‍ വന്‍ തോതില്‍ വികസിപ്പിക്കുകയും പരിമിതികള്‍ ഉണ്ടെങ്കിലും പൊതുഇടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നത് തന്നെ.

 

പക്ഷേ നിലവിലുള്ള സമൂഹത്തിന്റെ വര്‍ഗ്ഗബന്ധങ്ങളിലും അധികാരസമവാക്യങ്ങളിലും നിന്ന് സോഷ്യല്‍ മീഡിയയും മോചിതമല്ല. സമൂഹത്തിന്റെയും മുഖ്യധാരാമാധ്യമങ്ങളുടെയും മൂല്യപ്രമാണങ്ങളും സവിശേഷതകളും ഇവിടെയും ആധിപത്യം വഹിക്കുന്നു.

 

സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഇനിയുമുണ്ട് പ്രധാനപ്പെട്ട ഒട്ടേറെ ദൗര്‍ബല്യങ്ങള്‍. അവയിലൂടെ പ്രചരിക്കപ്പെടു സന്ദേശങ്ങളുടെ ആധികാരികത സംബന്ധിച്ച ഉറപ്പില്ലായ്മയാണ് അവയില്‍ ഒന്ന്. മറ്റ് മാധ്യമങ്ങള്‍ക്കും സമ്പൂര്‍ണമായ ആധികാരികത ഒന്നും അവകാശപ്പെടാനാവില്ലെങ്കിലും ചില അംഗീകൃത വസ്തുതാപരിശോധനാസംവിധാനങ്ങളും മാനദണ്ഡങ്ങളും അവിടെ പ്രാബല്യത്തിലുണ്ട്. അവയൊന്നും നവീനമാധ്യമങ്ങള്‍ക്കില്ല. മാധ്യമപ്രവര്‍ത്തനപരിചയത്തിന്റെ ദോഷങ്ങളെപ്പോലെ പല ഗുണങ്ങളും അവയ്ക്ക് അന്യമാണെന്ന് പറയേണ്ടതുണ്ട്. പക്ഷേ പരിചയക്കുറവോ അജ്ഞതയോ മൂലമുള്ള തെറ്റായ സന്ദേശപ്രചാരത്തിലേറെ അപായകരവും കുറ്റകരവുമായ മറ്റൊരു സാധ്യതയുണ്ട്. അത് ''സര്‍വതന്ത്രസ്വതന്ത്രറിപ്പബ്ലിക്കായ'' സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോധപൂര്‍വമായ നുണ-അപവാദപ്രചാരണവും വിദ്വേഷഭാഷണവും സ്ത്രീകളെയും കുട്ടികളെയും ലൈംഗികകുറ്റങ്ങള്‍ക്ക് ഇരകളാക്കാനുള്ള സാധ്യതകളുമാണ്. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മതങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും എതിരെ തന്നെ ഈ വക കുപ്രചാരണം ഇതിലൂടെ അനായാസമാണ്. സാമൂഹ്യമാധ്യമം എല്ലാ തരം തീവ്രവാദികള്‍ക്കും പ്രിയങ്കര വേദിയായത് ഇതിനാലാണ്. സ്ത്രീവിരുദ്ധത, ശിശുലൈംഗികത, വര്‍ഗ്ഗീയത എന്നിവ ഏറ്റവും ഫലപ്രദമായി വിപണനം ചെയ്യപ്പെടാനും ഇത് ദുരുപയോഗിക്കുന്നുണ്ട്.

 

ഇതിന്റെ ഫലമായി മറ്റൊരു ഭീഷണി കൂടിയുണ്ട്. ഈ ദുരുപയോഗം അധികാരികള്‍ക്ക് മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൂച്ചുവിലങ്ങിടാന്‍ അവസരമൊരുക്കുന്നു. ഇന്ത്യയുടെ ഐ ടി നിയമത്തിലെ കുപ്രസിദ്ധമായ 66 (എ) വകുപ്പിന്റെ ദുരുപയോഗം ഉദാഹരണം. ശിവസേനാതലവലന്‍ ബാല്‍ താക്കറെ മരിച്ചപ്പോള്‍ നടന്ന മുംബൈ ബന്ദിനെ വിമര്‍ശിച്ച് ഫേസ് ബുക്കില്‍ ഒരു അഭിപ്രായം രേഖപ്പെടുത്തുകയും അതിനോട് ''ലൈക്ക്'' പ്രകടിപ്പിക്കുകയും ചെയ്ത രണ്ട് പെണ്‍കുട്ടികളുടെ ദുരനുഭവം സമീപകാലത്തായിരുന്നല്ലോ. ഇതൊക്കെ പരിഗണിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങള്‍ കൂടുതല്‍ ആധികാരികവും ദുരുപയോഗമുക്തവുമാക്കാനുള്ള കൂടുതല്‍ ജനാധിപത്യപരമായ വഴികളെക്കുറിച്ച് ആലോചനകള്‍ നടക്കുന്നുണ്ട്.

 

സാമൂഹ്യ മീഡിയയുടെ മറ്റൊരു ദൗര്‍ബല്യം അത് തിരികൊളുത്തുന്ന മധ്യവര്‍ഗ്ഗാധിഷ്ഠിതമായ ജനസഞ്ചയരാഷ്ട്രീയത്തിന്റെ അല്‍പ്പായുസ്സാണ്. ആവേശത്തിന്റെയും വികാരത്തിന്റെയും സ്വാഭാവികസവിശേഷതയാണിത്. അതുകൊണ്ട് തന്നെ യഥാര്‍ത്ഥജനകീയമുന്നേങ്ങള്‍ക്ക് പകരമാകാന്‍ സാമുഹ്യമാധ്യമങ്ങളിലൂടെ രൂപം കൊള്ളുന്ന, ആരംഭശൂരത്വം മുഖമുദ്രയായേക്കാവുന്ന ജനസഞ്ചയരാഷ്ട്രീയത്തിനാകില്ല. മുല്ലപ്പൂ വിപ്ലവത്തിന്റെ ഹ്രസ്വായുസ്സ് തന്നെ ഉദാഹരണം. അരാജകത്വം മുഖമുദ്രയായ ആള്‍ക്കൂട്ട രാഷ്ട്രീയത്തിനും അത് മുതലെടുക്കുന്ന സ്വേഛാധികാരികള്‍ക്കും വളമേകാനും സംഘടിതരൂപമോ പ്രത്യയശാസ്ത്രമോ നേതൃത്വമോ ഭാരമാകാത്ത സാമൂഹ്യമാധ്യമ രാഷ്ട്രീയത്തിനായേക്കുമെന്ന ആശങ്കയും അസ്ഥാനത്തല്ല. പാര്‍ലമെന്റിന് സമാന്തരമായി ജനലോക്പാല്‍ ബില്ലിനു വേണ്ടി അഭിപ്രായരൂപീകരണം നടത്താന്‍ ഉണ്ടായ ശ്രമങ്ങളുടെ ലക്ഷ്യം എത്രയൊക്കെ ആദരണീയമാണെങ്കിലും ആ മാര്‍ഗ്ഗത്തിന്റെ ജനാധിപത്യം ചോദ്യം ചെയ്യപ്പെട്ടത് ഓര്‍ക്കാം. എന്തായാലും മനുഷ്യചരിത്രത്തില്‍ തന്നെ അപൂര്‍വമായ മാറ്റത്തിന് വഴിമരുന്നിട്ട നവമാധ്യമമെന്ന ഇരുതലമൂര്‍ച്ചയുള്ള പ്രതിഭാസത്തെ എത്രമാത്രം ആരോഗ്യകരമായി ഉപയോഗിക്കാമെന്നതാണ് നമ്മുടെ മുന്നിലെ വെല്ലുവിളി. ഒപ്പം മൂലധനമെന്ന എട്ട് തലയുള്ള സര്‍പ്പം പൂര്‍ണമായും വിഴുങ്ങാതെ എങ്ങിനെ ഈ പ്രതിഭാസത്തെ കാത്തുസൂക്ഷിക്കാമെന്നതും.

 

ഇന്ത്യ ടുഡേ അസ്സോസിയെറ്റ്  എഡിറ്റര്‍ ആണ് എം. ജി. രാധാകൃഷ്ണന്‍.