Skip to main content

 

പടക്കശാലകള്‍ പൊട്ടിത്തെറിച്ച് ആളുകള്‍ മരിക്കുന്നത് കേരളത്തില്‍ പതിവായിരിക്കുന്നു. ഓരോ തവണ സ്‌ഫോടനമുണ്ടാവുമ്പോഴും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസധനം പ്രഖ്യാപിക്കുന്നു. ഇത്തരം അത്യാഹിതങ്ങള്‍ ഒഴിവാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗവണ്‍മെന്‍റ് പ്രഖ്യാപിക്കുകയും ചെയ്യും. പക്ഷേ സ്‌ഫോടനങ്ങള്‍ കൃത്യം ഇടവേളകളിലെന്നോണം നടന്നുവരികയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍ മാര്‍ച്ച് രണ്ടിന് പാലക്കാട് ചെര്‍പ്പുളശ്ശേരിക്കടുത്ത് പന്നിയാംകുറിശ്ശിയില്‍ പടക്കനിര്‍മാണസ്ഥലത്തുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു.

 

യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കണം. ചിലപ്പോള്‍ ചിലത് യുക്തിക്ക് നിരക്കാത്തതാണെന്നു പോലും തോന്നും. ഉത്സവവും വെടിക്കെട്ടുകളും ഇന്ന് അതി ഗംഭീരമായി കൊണ്ടാടുന്ന ഒരു സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. ഉത്സവങ്ങള്‍ സാമൂഹ്യശാസ്ത്രപരമായും സാംസ്‌കാരികപരമായും ഒട്ടേറെ ഗുണകരമായ രസതന്ത്രങ്ങള്‍ മനുഷ്യസമുദായത്തില്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് മിക്ക ഉത്സവങ്ങളും ധൂര്‍ത്തിന്റെയും അജ്ഞതയുടെയുമൊക്കെ പ്രകടനവേദികളായി മാറുന്നു. അവയ്‌ക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ അതിനെ ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങിത്തിരിക്കുകയോ ചെയ്താല്‍ അത്തരം പ്രവണതകളുടെ ശക്തി പതിന്മടങ്ങ് വര്‍ധിക്കുകയേ ഉള്ളു. അതു മനസ്സിലാക്കി ഉത്സവങ്ങളുടേയും സാമൂഹികാഘോഷങ്ങളുടേയും സര്‍ഗാത്മകതലത്തിലേക്ക് ജനങ്ങള്‍ക്ക് ഉയരുവാനുള്ള സാഹചര്യസൃഷ്ടിയാണ് ആവശ്യം. അപ്പോള്‍ അനാചാരങ്ങള്‍ അപ്രത്യക്ഷമാകുകയും പകരം സാംസ്‌കാരിക സാന്നിധ്യത്തിന്റെ ഭൗതികപ്രതീകങ്ങള്‍ നിലനില്‍ക്കുകയും ശക്തിപ്രാപിക്കുകയും ചെയ്യും.

 

വെടിക്കെട്ടുകളുടെ കാര്യമെടുക്കാം. തൃശ്ശൂര്‍ പൂരം, നെന്മാറ വല്ലങ്ങി വേല, കൊച്ചി  മരട് ഉത്സവം, കൊല്ലം മലനട ഉത്സവം എന്നിവയോടൊക്കെ അനുബന്ധമായ വെടിക്കെട്ടുകളാണ് കേരളത്തിലെ എണ്ണം പറഞ്ഞ വെടിക്കെട്ടുകള്‍. ആ വെടിക്കട്ടുകളാണ് ഓരോ ക്ഷേത്രക്കമ്മറ്റിക്കാരുടേയും മാതൃക. പറ്റുമെങ്കില്‍ ഈ വെടിക്കെട്ടുകളെ പിന്നിലാക്കാന്‍ പറ്റുമോ എന്ന അന്വേഷണവുമുണ്ട്. എത്രതന്നെ സ്‌ഫോടനങ്ങളുണ്ടായിട്ടും അതിലേര്‍പ്പെടുന്നവരെ അത് ഒട്ടും പിന്തിരിപ്പിക്കുന്നില്ല. ഈ യാഥാര്‍ഥ്യത്തെയാണ് സര്‍ക്കാര്‍ കാണേണ്ടത്.

 

ഏതു വിധത്തിലാണ് യാഥാര്‍ഥ്യത്തെ കാണേണ്ടത് എന്നത് പ്രധാനം. ഒരു വിഷയത്തെ സമീപിക്കുമ്പോള്‍ സര്‍ഗാത്മകത അത്യാവശ്യം. ഓരോ വെടിക്കെട്ടുകള്‍ കാണുമ്പോഴും അതിന്റെ കേമത്തരം അതിന്റെ പ്രത്യേകതകളിലാണ്. നെന്മാറ വല്ലങ്ങിയും മരടുമൊക്കെ ഉഗ്രശേഷിയിലാണ് പെരുമ കാണിക്കുന്നതെങ്കില്‍ ഇപ്പോള്‍ തൃശ്ശൂര്‍ പൂരത്തിന്റെത് ആകാശത്തു വിരിയിക്കുന്ന വിസ്മയങ്ങളിലാണ്. എല്ലാ വെടിക്കെട്ടുകളിലും ആകാശത്തിലെ ഈ വിസ്മയമെഴുത്തു കാണാം. ചുമരില്ലാതെ ആകാശത്തു തീ കൊണ്ടുവരയ്ക്കുന്ന ചിത്രങ്ങളാണ്. അതു മാത്രവുമല്ല ചില കഥകളും ആശയങ്ങളും വരെ വിരിയിക്കുന്നു. ശബ്ദം കൊണ്ട് പ്രത്യേക വികാരങ്ങള്‍ സൃഷ്ടിക്കുന്നു. അത് കലയല്ലേ. അല്ല എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. മനുഷ്യശേഷിയുടെ വിസ്മയം കൂടിയാണ് അത്.

 

മറ്റെല്ലാ കലാകാരന്മാരെയും ഒരുവിധമുള്ളവര്‍ക്കറിയാം, അവര്‍ അല്പം പ്രശസ്തമായ സൃഷ്ടികള്‍ നടത്തിയാല്‍. കേരളത്തില്‍ ആകാശത്തു വിസ്മയം തീര്‍ക്കുന്ന വെടിക്കട്ട് കലാകാരന്മാര്‍ അണിയറയില്‍ ഒതുങ്ങുന്നു. അവര്‍ക്കു പോലുമറിയില്ല അവര്‍ ആകാശത്ത് വിരിയിക്കുന്ന വര്‍ണ്ണ ശബ്ദ-താള വിസ്മയങ്ങള്‍ കലയാണെന്ന്. പലരും അറിയപ്പെടുന്നത് ഇത്തരം സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെടുമ്പോഴാണ്. വെടിക്കെട്ട് കല ശാസ്ത്രീയമായും കലാപരമായും വികസിപ്പിക്കാനും അതുവഴി സുരക്ഷിതമായി ആ കലയിലേര്‍പ്പെടാനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം.

 

ഓരോ പ്രദേശത്തും  യോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ സര്‍ക്കാരിനു തന്നെ അടിസ്ഥാനസൗകര്യമൊരുക്കാവുന്നതാണ്. അതൊരുക്കുമ്പോള്‍ അപകടം ഉണ്ടാകാത്ത വിധവും, അഥവാ ഉണ്ടായാല്‍ ഉടനടി അത് നിര്‍വീര്യമാക്കാനുമൊക്കെയുള്ള സംവിധാനമുണ്ടാക്കാന്‍ ഇപ്പോള്‍ ഒട്ടും പ്രയാസമില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ വേണമെങ്കില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. നിരീക്ഷണത്തിനും വിധേയമാക്കാം. ഇതെല്ലാം സര്‍ക്കാര്‍ചെലവില്‍ നിര്‍വഹിച്ചിട്ട് ലൈസന്‍സികളില്‍നിന്ന് ഉപയോഗിക്കുന്നതനുസരിച്ചുള്ള ഫീസ് ഈടാക്കുകയും ആകാം.

 

പ്രത്യേക വാസനയും സര്‍ഗാത്മകതയുമുള്ളവരാണ് ഈ ജോലിയില്‍ ഏര്‍പ്പെടുക. അതുകൊണ്ടാണ് സ്‌ഫോടനവാര്‍ത്തകളൊന്നും ഇതിലേര്‍പ്പെടുന്നവരെ പിന്തിരിപ്പിക്കാത്തത്. ഇതിലുള്ള പഠനവും വികസനവും ഉറപ്പാക്കുന്നതിന് ഒരു അക്കാദമിയെക്കുറിച്ചും ആലോചിക്കാവുന്നതാണ്. അത് ഈ വാസനയുള്ളവരുടെ സര്‍ഗശേഷിയെ വികസിപ്പിക്കും. അത് വാസനകളെ ക്ഷുദ്രമാകാതെ സര്‍ഗാത്മകമാക്കാനും രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരുടെ എണ്ണം കുറഞ്ഞ് അത് സര്‍ഗാത്മകമായി മാറുകയും ചെയ്യും. അതായത് സ്‌ഫോടകവസ്തുക്കള്‍ കൊണ്ട് പെരുമാറാന്‍ വാസനയുള്ളവരാണ് ബോംബു നിര്‍മാണത്തിലും ഏര്‍പ്പെടുന്നത്. വാസനകള്‍ സര്‍ഗാത്മകമായി തിരിച്ചുവിട്ടില്ലെങ്കില്‍ സംഭവിക്കുന്ന പ്രതിഭാസമാണത്. ഒന്നോ രണ്ടോ അപകടമുണ്ടാവുമ്പോള്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രഖ്യാപിക്കുന്ന ആശ്വാസ ധനം മതിയാകും  ഇത്തരം സംവിധാനങ്ങള്‍ നിര്‍മിക്കാനും അക്കാദമി സ്ഥാപിക്കാനും. ആര്‍ക്കറിയാം ചിലപ്പോള്‍ ഇത്തരമൊരു പശ്ചാത്തലത്തില്‍ നിന്ന് ലോകമറിയുന്ന പ്രതിഭകളോ ശാസ്ത്രജ്ഞരോ ഉണ്ടാകില്ലെന്ന്.

 

ഇന്ന് ലോകത്തെമ്പാടും വന്‍ ആഘോഷങ്ങളോടൊപ്പം വെടിക്കെട്ട് പതിവാണ്. വിദേശങ്ങളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളില്‍ വരെ വളരെ കുറ്റമറ്റതും ആസ്വാദ്യകരവുമായ വെടിക്കെട്ടുകള്‍ നടത്താറുണ്ട്. അതൊക്കെ ശാസ്ത്രീയതയുതയുടെയും സര്‍ഗാത്മകതയുടേയും സമ്മേളനം കൊണ്ടാണ്. ഇവിടെ അത്തരം സംവിധാനങ്ങള്‍ നിലവില്‍ വരികയാണെങ്കില്‍ ലോകത്തെ വിസ്മയം കൊണ്ട് അന്ധാളിപ്പിക്കുന്ന കരിമരുന്നു പ്രയോഗ കലാകാരന്മാര്‍ നമ്മുടെ ഇടയില്‍നിന്നുയര്‍ന്നു വരും. കേരളം കാണാനായി വരുന്ന സന്ദര്‍ശകര്‍ക്കും അതു കൗതുകകരമായിരിക്കും. ഒപ്പം ഇവിടുത്തെ കലാകാരന്മാര്‍ക്ക് വിദേശ അവസരങ്ങള്‍ നേടിക്കൊടുക്കകയും ചെയ്യും. അല്ലെങ്കില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കുകയും അത്യപാര വാസനയുള്ളവര്‍ ബോംബുനിര്‍മാണം പോലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട്  അവര്‍ക്കും സമൂഹത്തിനും നാശകരമായ രിതിയില്‍ അധപ്പതിക്കുകയുമാവും ഉണ്ടാവുക.