Skip to main content

 

കൊച്ചി: പഞ്ചാബിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക്‌  കീഴടക്കി സര്‍വീസസ്‌  സന്തോഷ്‌ ട്രോഫി ഫൈനലിലേക്ക്‌. അടിമുടി ആവേശം നിറഞ്ഞ രണ്ടാം സെമിയില്‍ അധികസമയത്താണ് നിലവിലുള്ള ജേതാക്കള്‍ വിജയമുറപ്പിച്ചത്. രണ്ടു ഗോളുകളോടെ ലാലിയന്‍ മാവിയ സര്‍വീസസിന് വേണ്ടി തിളങ്ങി. കിരീട പോരാട്ടത്തില്‍ ആതിഥേയരായ കേരളത്തെ ഏഴു മലയാളികള്‍ നിരക്കുന്ന പട്ടാളനിര ഞായറാഴ്ച നേരിടും.

 

 

പഞ്ചാബിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ഇരുപതാം മിനിറ്റില്‍  വിജയ്‌ കുമാറിന്റെ ഗോളിലൂടെ അവര്‍ ലീഡ് നേടുകയും ചെയ്തു. എന്നാല്‍ മധ്യനിരയിലെ പ്ലേമേക്കര്‍ തരന്‍ജിത് സിംഗ് 55-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്ത് പോയത് പഞ്ചാബിന്റെ കളിയെ ബാധിച്ചു. 85-ാം മിനിറ്റില്‍ മാവിയ സര്‍വീസസിന് വേണ്ടി ലക്ഷ്യം കണ്ടതോടെ നിശ്ചിത സമയത്തെ കളി സമനിലയില്‍ അവസാനിച്ചു.

 

അധിക സമയത്ത് നിരന്തരം പഞ്ചാബ് ഗോള്‍മുഖത്തെ വിറപ്പിച്ച സര്‍വീസസ് 107-ാം മിനിറ്റില്‍ വല ചലിപ്പിച്ചു. ധന്‍ജിത്‌ സിംഗായിരുന്നു സ്‌കോറര്‍. തുടര്‍ന്ന് 116-ാം മിനിറ്റില്‍ മാവിയയുടെ രണ്ടാം ഗോള്‍ പഞ്ചാബിന് മടക്ക യാത്രക്കുള്ള ടിക്കറ്റായി.