Skip to main content

കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞു. എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയ അധികൃതര്‍ അറിയിച്ചു. പകര്‍ച്ച വ്യാധി മേഖലയില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് അളുകളെ കൂട്ടത്തോടെ മാറ്റുന്നത് ഗുരുതര പ്രത്യാഖാതം ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. ഇത് ചൂണ്ടിക്കാട്ടിയാണ് സ്ഥലത്ത് നിന്ന് ഇന്ത്യക്കാരെ മാറ്റാനുള്ള നീക്കത്തെ ചൈന തടഞ്ഞിരിക്കുന്നത്. 

കൊറോണ വൈറസ് ബാധ ചൈനയില്‍ ക്രമാതീതമായി പകരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍ ചൈനയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്കയുണ്ട്. വിദ്യാര്‍ത്ഥികളായ മലയാളികള്‍ ഉള്‍പ്പെടെ ചൈനയിലുള്ളതിനാല്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തി ഇവരെ തിരികെ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 

നിലവിലിതുവരെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താളങ്ങള്‍ക്ക് പുറമെ തുറമുഖങ്ങളിലും പരിശോധന നടത്തും. 8 വിമാനത്താവളങ്ങളില്‍ കൂടി പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം വിമാത്താവളങ്ങളിലാണ് നിലവില്‍ പരിശോധന ഏര്‍പ്പെടുത്തിയിട്ടുള്ളത്.