Skip to main content

സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനവുമായി ഇ.ശ്രീധരന്‍. സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി പിടിവാശിയാണ് കാണിക്കുന്നതെന്ന് ശ്രീധരന്‍ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. കേരളത്തിലെ ബ്യൂറോക്രസിയും പരാജയമാണെന്നും ശ്രീധരന്‍ പറഞ്ഞു.

കെ-റെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍ പുറത്തുവിടാത്തത് ദുരൂഹമാണ്. വലിയ നിര്‍മാണച്ചെലവ് വരുന്ന പദ്ധതിയുടെ ചെലവ് കുറച്ചു കാണിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പ്രോജക്ട് റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനു കാരണം ജനങ്ങള്‍ പദ്ധതി ചെലവ് മനസിലാക്കുമെന്നതാണെന്നും ഇ. ശ്രീധരന്‍ ആരോപിച്ചു.

നിലത്ത് കൂടിയുള്ള അതിവേഗ പാതയ്ക്ക് കേരളം യോജ്യമല്ല. കേരളത്തിന് അനുയോജ്യം ആകാശപ്പാതയെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കേന്ദ്രം സില്‍വര്‍ ലൈനിന് അനുമതി നല്‍കുമെന്ന് തോന്നുന്നില്ല. പദ്ധതിയുടെ ദോഷവശം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. റെയില്‍വേ പദ്ധതി കേന്ദ്രത്തിന്റെ അനുമതിയില്ലാതെ നടപ്പാക്കാനാവില്ല. സി.പി.എമ്മില്‍ പലര്‍ക്കും പദ്ധതിയോട് എതിര്‍പ്പുണ്ട്. തന്റെ എതിര്‍പ്പിന് പിന്നില്‍ രാഷ്ട്രീയമില്ല. നാടിന് ആവശ്യമുള്ള പദ്ധതിയെങ്കില്‍ രാഷ്ട്രീയം നോക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു. 

ജനങ്ങള്‍ക്ക് വേണ്ടിയല്ല കെ റെയില്‍ പദ്ധതി. മറ്റു പല ലക്ഷ്യങ്ങളും പിന്നിലുണ്ട്. ജനക്ഷേമത്തിന് വേണ്ടിയാണെങ്കില്‍ ആദ്യം നടപ്പിലാക്കേണ്ടത് നിലമ്പൂര്‍-നഞ്ചന്‍ഗുഡ് റെയില്‍വെ പദ്ധതിയാണ്. അത് നിര്‍ത്തി വെച്ചിരിക്കുകയാണ്. അതുപോലെ തന്നെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ പോലുള്ള പദ്ധതികളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും ഇ.ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

Tags