Skip to main content
ന്യൂഡല്‍ഹി

vs achuthanandanപാമോലിന്‍ അഴിമതി കേസില്‍ ഹര്‍ജിക്കാരനായ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‌ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വി.എസ്‌ രാഷ്ട്രീയ ലാഭത്തിനുവേണ്ടി കേസ്‌ വലിച്ചു നീട്ടുകയാണെന്നും ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും കോടതി തിങ്കളാഴ്ച പറഞ്ഞു. ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ്‌ ഹാജരാക്കുന്നതിന്‌ വിഎസിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ്‌ കോടതിയുടെ വിമര്‍ശനത്തിന് പ്രേരകമായത്.

 

പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം. ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതി നല്‍കാതെ നേരിട്ട്‌ കോടതിയെ സമീപിക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്ന്‍ കോടതി ചോദിച്ചു. കുറ്റകാരെ വെളിച്ചത്ത്‌ കൊണ്ടു വരികയല്ല, പുതിയ രേഖകള്‍ ഉണ്ടെന്ന്‌ ചൂണ്ടിക്കാട്ടി കേസ്‌ നീട്ടിക്കൊണ്ടു പോകുകയാണ് വി.എസിന്റെ ലക്ഷ്യം. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണിത്. കോടതിയുടെ വിലപ്പെട്ട സമയമാണ് ഇങ്ങനെ നഷ്ടപ്പെടുന്നതെന്നും ഇത്തരം നടപടികളുമായി മുന്നോട്ടുപോയാല്‍ വി.എസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി വാക്കാല്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, അപേക്ഷ അംഗീകരിച്ച് വി.എസിന്റെ ഹര്‍ജി പരിഗണിക്കുന്നത്‌ രണ്ടാഴ്ചത്തേക്ക്‌ നീട്ടിവച്ചിട്ടുണ്ട്.

 

സുപ്രീം കോടതിക്ക് തെറ്റിദ്ധാരണ ഉണ്ടായതിനാലാണ് തന്നെ വിമര്‍ശിച്ചതെന്നും ഇത് നീക്കുമെന്നും വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തെറ്റുകാരനാണന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിയുടെ  പരാമര്‍ശം ഹൈക്കോടതിയേയും സുപ്രീം കോടതിയേയും ബോധ്യപ്പെടുത്താനാണ് തന്റെ ശ്രമമെന്ന് വി.എസ് വിശദീകരിച്ചു. കോടതിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ തന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.