Skip to main content
തിരുവനന്തപുരം

ganesh kumarപൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പെഴ്സണല്‍ സ്റ്റാഫിലെ മൂന്ന്‍ പേര്‍ക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ തെളിവ് നല്‍കാന്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്ക് ലോക് ആയുക്ത മൂന്ന്‍ മാസം സമയം നല്‍കി. വിഷയത്തില്‍ തിങ്കളാഴ്ച ലോക് ആയുക്തയില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ തെളിവ് സമര്‍പ്പിക്കാന്‍ ഗണേഷ് മാര്‍ച്ച്‌ 31 വരെ സമയം ചോദിക്കുകയായിരുന്നു. ഡിസംബറില്‍ നിയമസഭയില്‍ ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന്‍ ലോക് ആയുക്തയില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടക്കുളമാണ് പരാതി നല്‍കിയത്.

 

ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി മൊഴി നല്‍കിയ ശേഷം ഗണേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പല തെളിവുകളും കൈവശമുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട ചില രേഖകള്‍ ലഭിക്കേണ്ടതിനാലാണ് കൂടുതല്‍ സാവകാശം തേടിയതെന്നും ഗണേഷ് വിശദീകരിച്ചു.

 

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിനെതിരെ അഴിമതിക്കേസില്‍ വിജിലന്‍സ് നടപടി ആരംഭിച്ചതിനെ തുടര്‍ന്ന്‍ അഴിമതിക്കാരായ കൂടുതല്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഗണേഷ് പറഞ്ഞിരുന്നു. തുടര്‍ന്ന്‍, നിയമസഭയില്‍ ഇബ്രാഹിം കുഞ്ഞിന്റെ പെഴ്സണല്‍ സ്റ്റാഫിലെ മൂന്ന്‍ പേര്‍ക്കെതിരെ ഗണേഷ് അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കേ സഭയില്‍ എഴുതിനല്‍കാതെയാണ് ആരോപണം ഉന്നയിച്ചത്. സഭയ്ക്കക്കത്തോ പുറത്തോ തെളിവുകള്‍ വെളിപ്പെടുത്താന്‍ ഗണേഷ് തയ്യാറായിരുന്നില്ല.