മഹാത്മാ ഗാന്ധിയ്ക്ക് പകരം ജവഹര്‍ലാല്‍ നെഹ്‌റുവിനെയായിരുന്നു നാഥുറാം ഗോഡ്സെ വധിക്കേണ്ടിയിരുന്നതെന്ന പരാമര്‍ശത്തില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ കേസരിയ്ക്കെതിരെ നിയമനടപടിയുടെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പോലീസ് മേധാവിയ്ക്ക് നല്‍കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന ബി. ഗോപാലകൃഷ്ണന്‍ എഴുതിയ ലേഖനത്തിലാണ് വിവാദമായ പരാമര്‍ശമുള്ളത്. വിഭജനത്തിനും ഗാന്ധിയുടെ വധം അടക്കമുള്ള ദുരന്തങ്ങള്‍ക്കും യഥാര്‍ത്ഥ ഉത്തരവാദി നെഹ്‌റുവായിരുന്നുവെന്നും ഗോഡ്സെയുടെ ഉന്നം പിഴച്ചുവോ എന്ന്‍ സംശയിച്ചാല്‍ തെറ്റ് പറയാന്‍ ആകില്ലെന്നുമാണ് ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. ഗോഡ്സെ ഗാന്ധിയുടെ മുന്നില്‍ നിന്ന്‍ നിറയൊഴിക്കുകയായിരുന്നുവെങ്കില്‍ നെഹ്‌റു പിന്നില്‍ നിന്ന്‍ കുത്തുകയായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ ലേഖനത്തിനെതിരെ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വിയും കഴിഞ്ഞ ദിവസം ലേഖനത്തെ അപലപിച്ചു. ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും യഥാര്‍ത്ഥ മുഖം ജനങ്ങള്‍ തിരിച്ചറിയേണ്ട സമയമായിരിക്കുന്നുവെന്ന് സിംഗ്വി പറഞ്ഞു.

