തലശ്ശേരിയ്ക്കടുത്ത് കതിരൂരില്‍ വധിക്കപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇ. മനോജിന്റെ വീട് വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് സന്ദര്‍ശിച്ചു. ഉച്ചതിരിഞ്ഞ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ അദ്ദേഹം അവിടെ നിന്ന്‍ ഹെലിക്കോപ്റ്ററിലാണ് തലശ്ശേരിയിലെത്തിയത്.
സംഭവം കേന്ദ്രം ഗൗരവമായാണ് കാണുന്നതെന്നും കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങളില്‍ വധിക്കപ്പെട്ട മറ്റ് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കുടുംബാഗങ്ങളുമായും തലശ്ശേരി ആര്‍.എസ്.എസ് കാര്യാലയത്തില്‍ രാജ്നാഥ് സിങ്ങ് കൂടിക്കാഴ്ച നടത്തും. നേരത്തെ, കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
സെപ്തംബര്‍ ഒന്നിനാണ് മനോജ് വധിക്കപ്പെട്ടത്. പ്രധാന പ്രതിയായി കരുതപ്പെടുന്ന വിക്രമന്‍ സി.പി.ഐ.എം പ്രവര്‍ത്തകനാണ്. ഇയാള്‍ കോടതി മുന്‍പാകെ കീഴടങ്ങുകയായിരുന്നു. സുഹൃത്തിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് മനോജിനെ വധിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

