Skip to main content
തിരുവനന്തപുരം

vs achuthanandan

 

കേരള ഗവര്‍ണര്‍ ആയി റിട്ട. ജസ്റ്റിസ്‌ പി. സദാശിവം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ക്ഷണിച്ചിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചടങ്ങില്‍ പ്രതിപക്ഷത്ത് നിന്ന്‍ ആരും പങ്കെടുത്തിരുന്നില്ല. ചടങ്ങ് സംബന്ധിച്ച് രാജ് ഭവനില്‍ നിന്ന്‍ അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇന്ന്‍ (വെള്ളിയാഴ്ച) രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.  

 

ചുമതലയേല്‍ക്കുന്നതിനായി ഇന്നലെ തിരുവനന്തപുരത്തെത്തിയ റിട്ട. ജസ്റ്റിസ്‌ പി. സദാശിവത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതിനും ഇന്ന്‍ രാവിലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനും ഉള്ള ക്ഷണം ഇന്നലെ ഉച്ചതിരിഞ്ഞ് തന്നെ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ എത്തിച്ചിരുന്നുവെന്നും ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഇത് ഒപ്പിട്ട് വാങ്ങിയതാണെന്നും സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ക്ഷണക്കത്തിന്റെ പകര്‍പ്പ് മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

 

വായിക്കുക: റിട്ട. ജസ്റ്റിസ്‌ പി. സദാശിവം കേരള ഗവര്‍ണര്‍ ആയി ചുമതലയേറ്റു

 

എന്നാല്‍, വിമാനത്താവളത്തിലേക്കുള്ള കാര്‍ പാസ് മാത്രമാണ് നല്‍കിയതെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. തന്നേയോ പ്രൈവറ്റ് സെക്രട്ടറിയേയോ ഫോണില്‍ വിളിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് ഇതില്‍ വ്യക്തമാകുന്നതെന്നും വി.എസ് ആരോപിച്ചു.

 

സത്യപ്രതിജ്ഞാ ചടങ്ങിനു സാധാരണ രാജ് ഭവനില്‍ നിന്നാണ് ക്ഷണം ലഭിക്കാറുള്ളതെന്നും ഇത്തവണ അറിയിപ്പൊന്നും ലഭിച്ചില്ലെന്നുമാണ് വി.എസ് അച്യുതാനന്ദന്‍ ചടങ്ങില്‍ നിന്ന്‍ വിട്ടുനിന്നതിന് വിശദീകരണമായി രാവിലെ പറഞ്ഞത്. സി.പി.ഐ.എം പ്രതിനിധിയായ തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക ചടങ്ങില്‍ പങ്കെടുത്തിരുന്നു.