Skip to main content
തിരുവനന്തപുരം

p sathasivam

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്‌ പി. സദാശിവം കേരള ഗവര്‍ണര്‍ ആയി വെള്ളിയാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിരുവനന്തപുരം രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്‌ അശോക്‌ ഭൂഷണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് രാജിവെച്ച ഒഴിവിലാണ് സദാശിവം നിയമിതനായത്.

 

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിവിധ മന്ത്രിമാരും പങ്കെടുത്തു. എന്നാല്‍, സി.പി.ഐ.എം പ്രതിനിധിയായ തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക ഒഴികെ പ്രതിപക്ഷത്ത് നിന്ന്‍ ആരുടേയും സാന്നിധ്യമുണ്ടായില്ല. ചടങ്ങ് സംബന്ധിച്ച് രാജ് ഭവനില്‍ നിന്ന്‍ അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

 

നിയമനത്തിനെതിരെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പിനെ അവഗണിച്ചാണ് എന്‍.ഡി.എ സര്‍ക്കാറിന്റെ നടപടി. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ഒരു വ്യക്തി ഗവര്‍ണര്‍ സ്ഥാനത്ത് നിയമിക്കപ്പെടുന്നത് ഇതാദ്യമാണ്. പ്രോട്ടോക്കോള്‍ അനുസരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും താഴെയാണ് ഗവര്‍ണര്‍ പദവി. കഴിഞ്ഞ ഏപ്രിലിലാണ് 65-കാരനായ സദാശിവം ചീഫ് ജസ്റ്റിസ്‌ സ്ഥാനത്ത് നിന്ന്‍ വിരമിച്ചത്. എന്‍.ഡി.എ സര്‍ക്കാര്‍ നിയമിക്കുന്ന ഗവര്‍ണര്‍മാരില്‍ രാഷ്ട്രീയ പ്രവര്‍ത്തന മേഖലയ്ക്ക് പുറത്ത് നിന്നുള്ള ആദ്യത്തെയാളാണ് തമിഴ്‌നാട്‌ സ്വദേശിയായ സദാശിവം.

 

സദാശിവത്തിന്റെ നിയമനത്തില്‍ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരനും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗവര്‍ണര്‍ നിയമനം സംബന്ധിച്ച് കേന്ദ്രം തന്റെ അഭിപ്രായം തേടിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ്‌ ആയിരുന്നയാളെ ഗവര്‍ണര്‍ സ്ഥാനത്ത് നിയമിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി കേരളത്തിലേയും സുപ്രീം കോടതിയിലേയും അഭിഭാഷക അസോസിയേഷനുകള്‍ രാഷ്ട്രപതിയ്ക്ക് നിവേദനം നല്‍കിയിരുന്നു.

 

അതേസമയം, നടപടിയില്‍ തെറ്റായി ഒന്നുമില്ലെന്നും അര്‍ഹതയുടെ അടിസ്ഥാനത്തിലാണ് തന്റെ നിയമനമെന്നും കഴിഞ്ഞ ദിവസം പി. സദാശിവം പ്രതികരിച്ചു. ഇപ്പോള്‍ താന്‍ ഒരു സാധാരണ വ്യക്തിയാണെന്നും തന്റെ അനുഭവസമ്പത്ത് കേരളത്തിലെ ജനങ്ങളുടെ ഗുണത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ നിയമനമാണെന്ന അഭിപ്രായം തള്ളിയ അദ്ദേഹം തന്റെ നിയമനത്തില്‍ നിയമസമൂഹം സന്തോഷിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ താന്‍ ശ്രമിക്കുമെന്നും സദാശിവം കൂട്ടിച്ചേര്‍ത്തു.