Skip to main content
കൊച്ചി

ramesh chennithalaഅനധികൃത പലിശയിടപാട് നടപടികള്‍ക്കെതിരെ നടത്തുന്ന ഓപ്പറേഷന്‍ കുബേരയുടെ അടുത്ത ഘട്ടത്തില്‍ കുറ്റവാളികള്‍ക്കെതിരെ ഗുണ്ടാ നിയമമായ കാപ്പാ ചുമത്തുന്ന കാര്യം പരിഗണിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മണിചെയിന്‍ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഓപ്പറേഷന്‍ കുബേരയുടെ പരിധിയില്‍ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ കുബേരയുടെ ഭാഗമായി 19 പൊലീസ് ജില്ലകളിലും അദാലത്ത് നടത്തുമെന്നും മന്ത്രി അറിയിച്ചു.  

 

വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും ക്രിമിനല്‍ നടപടിക്രമത്തിലും ഭേദഗതി കൊണ്ടുവരുന്ന കാര്യവും സര്‍ക്കാര്‍ ആലോചനയിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കരുതല്‍ തടങ്കല്‍ ആറു മാസം എന്നത് ഒരു വര്‍ഷമായി ഉയര്‍ത്തി ഗുണ്ടാ നിയമം ഭേദഗതി ചെയ്യുന്നതും സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

സംസ്ഥാനത്ത് ഇതുവരെ ആഭ്യന്തരമന്ത്രിക്കു നേരിട്ടു 10,000 പേരും ഫെയ്‌സ്ബുക്ക് വഴി 5000 പേരും പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അദാലത്തില്‍ വെച്ച് പരാതിക്കാരെ അറിയിക്കും. ആധാരം പണയം വയ്ക്കുകയും തുകയെഴുതാതെ ചെക്കു കൊടുക്കുകയും ചെയ്തു കടക്കെണിയിലായവര്‍ക്ക് ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ പരാതി നല്‍കാന്‍ സംവിധാനമുണ്ടാകും. ജൂൺ 20-നകം അദാലത്തുകൾ പൂർത്തിയാക്കുമെന്നും ചെന്നിത്തല അറിയിച്ചു.

 

ഓപ്പറേഷന്‍ കുബേര അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ചെന്നിത്തല ആരോപിച്ചു. എന്നാല്‍, ലക്ഷ്യം കാണാതെ വച്ച കാല്‍ പിന്നോട്ടെടുക്കില്ലെന്ന്‍ അദ്ദേഹം പറഞ്ഞു.

Tags