Skip to main content
തിരുവനന്തപുരം

vs achuthanandanടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരനെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ കെ.സി രാമചന്ദ്രനെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവന പുറത്തിറക്കി. എന്നാല്‍ പാര്‍ട്ടി നടപടി അപൂര്‍ണ്ണമാണെന്ന് പറഞ്ഞ് അല്‍പസമയത്തിനകം തിരുത്തുമായി വി.എസ് രംഗത്തെത്തി.

 

ടി.പി വധത്തിനു പിന്നില്‍ വ്യക്തിവിരോധം മാത്രമാണെന്നത് അന്വേഷണ കമ്മീഷന്‍റെ നിഗമനം മാത്രമാണെന്നും സംശയം ദുരീകരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടിതലത്തില്‍ ഇനിയും അന്വേഷണമാകാമെന്നും വി.എസ് അഭിപ്രായപ്പെട്ടു. നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് സ്ത്രീ കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നും വി.എസ് ചോദിച്ചു.

 

ഇന്ത്യയിലെ മറ്റൊരു പാര്‍ട്ടിക്കും നടപ്പിലാക്കാന്‍ കഴിയാത്ത നടപടിയാണ് കെ.സി രാമചന്ദ്രനെ പുറത്താക്കിയതിലൂടെ സി.പി.ഐ.എം എടുത്തിരിക്കുന്നത്. ടി.പി വധക്കേസില്‍ പാര്‍ട്ടിക്കാര്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രഖ്യാപനം നടപ്പായിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

 

എന്നാല്‍ റിപ്പോര്‍ട്ട് വി.എസിന് സ്വാഗതം ചെയ്യാന്‍ കഴിയില്ലെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ പറഞ്ഞു. വി.എസ്. അവസരവാദം കളിക്കുകയാണെന്നും നടപടിയില്‍ വി.എസ് എങ്ങനെ തൃപ്തനായെന്ന് അറിയില്ലെന്നും രമ പറഞ്ഞു.

 

പാര്‍ട്ടിതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി രാമചന്ദ്രനെ കഴിഞ്ഞ ദിവസമാണ് സി. പി.ഐ.എമ്മില്‍നിന്ന് പുറത്താക്കിയത്. കെ.സി രാമചന്ദ്രനടക്കം 11 പ്രതികളെ വിചാരണക്കോടതി ശിക്ഷിച്ച് ഒരുമാസം പിന്നിട്ടപ്പോഴാണ് ഈ നടപടി.