ഇന്ത്യക്കാരുടെ സാംസ്കാരിക സ്വത്വം ഹിന്ദുത്വമാണെന്നും രാജ്യത്ത് കഴിയുന്ന എല്ലാവരും ഈ മഹാസംസ്കാരത്തിന്റെ പിന്തുടര്‍ച്ചക്കാരാണെന്നും രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍.എസ്.എസ്) മേധാവി മോഹന്‍ ഭഗവത്. ഒഡിഷയിലെ കട്ടക്കില്‍ ഞായറാഴ്ച ഒരു പൊതുപരിപാടിയിലായിരുന്നു ഭഗവതിന്റെ പരാമര്‍ശങ്ങള്‍. എന്നാല്‍, ഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന രീതിയിലുള്ള പരാമര്‍ശമടങ്ങിയ പ്രസംഗം വിവാദത്തിനിടയാക്കിയിട്ടുണ്ട്.
ഇന്ത്യക്കാരെ ലോകം മുഴുവന്‍ ഹിന്ദുക്കള്‍ എന്നാണ് മനസിലാക്കുന്നതെന്നും അതുകൊണ്ട് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നുമായിരുന്നു ഭഗവത് പറഞ്ഞത്. ഇംഗ്ലണ്ടില്‍ കഴിയുന്നവരെ ഇംഗ്ലീഷുകാരെന്നും ജര്‍മ്മനിയില്‍ കഴിയുന്നവരെ ജര്‍മ്മന്‍കാരെന്നും യു.എസ്.എയില്‍ കഴിയുന്നവരെ അമേരിക്കക്കാരെന്നും വിളിക്കുന്നത് പോലെ ഹിന്ദുസ്ഥാനില്‍ കഴിയുന്നവര്‍ ഹിന്ദുക്കള്‍ എന്ന്‍ അറിയപ്പെടുന്നതായി അദ്ദേഹം വിശദീകരിച്ചു.
ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്നും ഏത് ദൈവത്തെ ആരാധിക്കുന്ന ഏത് മതക്കാരും ദൈവത്തെ ആരാധിക്കാത്തവരും ഹിന്ദുക്കളാണെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു. ദൈവത്തെ ആരാധിക്കാത്തവര്‍ നിരീശ്വരവാദികള്‍ ആകണമെന്നില്ലെന്നും എന്നാല്‍, വിശ്വാസമില്ലാത്ത ഒരാളാണ് നിരീശ്വരവാദിയെന്നും സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ച് ഭഗവത് പറഞ്ഞു.
അനേകം വൈജാത്യങ്ങള്‍ ഉണ്ടായിട്ടും പുരാതന കാലം മുതല്‍ ഇന്ത്യയെ ഒരുമിപ്പിച്ച് നിര്‍ത്തിയ ഏക അടിസ്ഥാനം ഹിന്ദുത്വമാണെന്ന് ഇപ്പോള്‍ ലോകം തിരിച്ചറിഞ്ഞതായി ഭഗവത് പറഞ്ഞു. എന്നാല്‍, ഇന്ത്യയിലെ ചിലര്‍ ഇത് തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇത്തരം ചര്‍ച്ച ഉയര്‍ത്തുന്നവരെ വര്‍ഗ്ഗീയവാദികള്‍ എന്ന്‍ തെറ്റായി മുദ്രകുത്തുകയും ചെയ്യുന്നതായി ഭഗവത് ആശങ്കപ്പെട്ടു.
എന്നാല്‍, ഭഗവത് ഭരണഘടന വായിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് മനിഷ് തിവാരി പ്രതികരിച്ചു. ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടമാണെന്നാണ് അതില്‍ എഴുതിയിരിക്കുന്നതെന്നും ഇന്ത്യ അഥവാ ഭാരതം എന്നാണ് ഭരണഘടനാ ശില്‍പ്പികള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഹിന്ദുസ്ഥാന്‍ അല്ലെന്നും തിവാരി ചൂണ്ടിക്കാട്ടി. ഇതേ ഭരണഘടനാ പ്രയോഗം ചൂണ്ടിക്കാട്ടിയ സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി ആര്‍.എസ്.എസ് ഭരണഘടനയെ ബഹുമാനിക്കുന്നുണ്ടോ എന്ന്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ വിവിധ മതങ്ങളെ മനസ്സില്‍ കണ്ടാണ് ബി.ആര്‍ അംബേദ്‌കര്‍ ഹിന്ദുസ്ഥാന്‍ എന്നതിന് പകരം ഭാരതം എന്ന പദം ഉപയോഗിച്ചതെന്ന് ബി.എസ്.പി നേതാവ് മായാവതിയും ചൂണ്ടിക്കാട്ടി.

