Skip to main content
ശ്രീനഗര്‍

line of control

 

ജമ്മു കശ്മീരിലെ രജൌറി മേഖലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യ-പാക് സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച കാലത്ത് 5.15ന് പാക്‌ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയതായി പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതായും സംഘര്‍ഷം ഇപ്പോഴും തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ വശത്ത് ജീവനാശമോ പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

 

നാല് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് പാക് സൈന്യം നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതായി ആരോപണം ഉയരുന്നത്. ഏപ്രില്‍ 25 വെള്ളിയാഴ്ച പൂഞ്ച് ജില്ലയിലാണ് നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം ആക്രമണം നടത്തിയത്.

 

 

എന്നാല്‍, പാക് അധിനിവേശ കശ്മീരിലെ കോട്ളിയില്‍ ഇന്ത്യന്‍ സൈന്യമാണ്‌ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയതെന്ന് പാകിസ്താനി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് വശത്തും പരിക്കുകളില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച പൂഞ്ചില്‍ നടന്ന സംഘര്‍ഷത്തിലും ഇന്ത്യയാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്നാണ് പാക് സൈന്യം പറയുന്നത്.  

 

2003-ലെ നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഇരുരാജ്യങ്ങളും പരസ്പരം ഉറപ്പ് നല്‍കിയിരുന്നു. നിയന്ത്രണരേഖയില്‍ നടന്ന തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ ഇരുഭാഗത്തും സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.