അധിനിവേശിത പലസ്തീന്‍ പ്രദേശത്തെ സ്ഥിതിയെ സംബന്ധിച്ച് പ്രാഥമിക പരിശോധന തുടങ്ങിയതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐ.സി.സി) പ്രോസിക്യൂട്ടര്‍ ഫതൌ ബെന്‍സൗദ. നെതര്‍ലന്‍ഡ്‌സിലെ ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.സി.സിയുടെ സ്ഥാപിത ഉടമ്പടിയായ റോം സ്റ്റാറ്റ്യൂട്ടില്‍ പലസ്തീന്‍ അതോറിറ്റി സര്‍ക്കാര്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. അംഗരാഷ്ട്രങ്ങളില്‍ നടക്കുന്ന യുദ്ധക്കുറ്റങ്ങളും വംശഹത്യ പോലുള്ള മാനവരാശിയ്ക്കെതിരായ കുറ്റങ്ങളും വിചാരണ ചെയ്യുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് ഐ.സി.സി
ജനുവരി രണ്ടിനാണ് പലസ്തീന്‍ അതോറിറ്റി ഐ.സി.സിയില്‍ അംഗമായത്. നടത്തിയ 2014 ജൂണ്‍ 13 മുതല്‍ അധിനിവേശിത പലസ്തീന്‍ പ്രദേശത്ത് നടന്നതായി ആരോപിക്കുന്ന കുറ്റങ്ങളും ഐ.സി.സിയുടെ നിയമപരിധിയില്‍ വരുമെന്ന് പലസ്തീന്‍ സര്‍ക്കാര്‍ ജനുവരി ഒന്നിന് പ്രഖ്യാപിച്ചിരുന്നു.
2014 ജൂണ്‍ 12-ന് കാണാതായ മൂന്ന്‍ ഇസ്രയേല്‍ കൗമാരക്കാരെ പലസ്തീന്‍ സംഘടന ഹമാസ് തട്ടിക്കൊണ്ടുപോയതായി ഇസ്രയേല്‍ ആരോപിച്ചിരുന്നു. ജൂണ്‍ 30-ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ഗാസയ്ക്ക് നേരെ ഇസ്രയേല്‍ നടത്തിയ 50 ദിവസം നീണ്ടുനിന്ന ആക്രമണത്തില്‍ ഏകദേശം 2,220 പലസ്തീന്‍കാരും 70 ഇസ്രയേല്‍കാരും കൊല്ലപ്പെട്ടിരുന്നു.
യുദ്ധത്തില്‍ ഇസ്രയേല്‍ നടത്തിയ കുറ്റങ്ങള്‍ക്കെതിരെ ഐ.സി.സിയില്‍ നടപടി ആവശ്യപ്പെടുമെന്ന് ഉടമ്പടിയില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ച സമയത്ത് തന്നെ പലസ്തീന്‍ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട പലസ്തീന്‍കാരില്‍ മൂന്നിലൊന്നും കുട്ടികളാണ്. യുദ്ധത്തില്‍ രണ്ട് ഭാഗത്തുള്ളവരുടേയും നടപടികള്‍ അന്വേഷണ പരിധിയില്‍ വരുമെന്ന് ഐ.സി.സി അറിയിച്ചു.