Skip to main content
വാഷിംഗ്‌ടണ്‍

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയുടെ അറസ്റ്റുമായി ബന്ധപ്പെട്ടു ഉയര്‍ന്ന വിവാദത്തില്‍ യു.എസ് ഖേദം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനോട്‌ വിഷയം ചര്‍ച്ച ചെയ്യവേ ആണ് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ ഖേദപ്രകടനം. സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കരുതെന്ന് കെറി ആവശ്യപ്പെട്ടു.

 

അതേസമയം, ഖോബ്രഗഡെയ്ക്കെതിരെയുള്ള കേസിനെ യു.എസ് അറ്റോര്‍ണ്ണിയും ഇന്ത്യന്‍ വംശജനുമായ പ്രീത് ഭരാര പ്രതിരോധിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലിയ്ക്ക് നില്‍ക്കുന്നവരെ ചൂഷണം ചെയ്യുന്നത് തടയാന്‍ കൊണ്ടുവന്ന യു.എസ് നിയമം മറികടക്കാനാണ് ഖോബ്രഗഡെ ശ്രമിച്ചതെന്ന്‍ ഭരാര ആരോപിച്ചു. കേസ് പരിഗണിക്കുന്ന മാന്‍ഹട്ടനിലെ ഫെഡറല്‍ പ്രോസിക്യൂട്ടറായ ഭരാര ഖോബ്രഗഡെയ്ക്ക് ലഭിക്കുന്ന സഹതാപം എന്തുകൊണ്ട് ഖോബ്രഗഡെയുടെ ചൂഷണത്തിന് ഇരയായ ഇന്ത്യക്കാരിയ്ക്ക് ലഭിക്കുന്നില്ലെന്ന് പ്രസ്താവനയില്‍ ചോദിക്കുന്നു.

 

കുട്ടികളെ പരിചരിക്കാന്‍ കൊണ്ടുവന്ന ആയ സംഗീത റിച്ചാര്‍ഡിന് ന്യൂയോര്‍ക്ക് സംസ്ഥാനത്തെ മിനിമം വേതനത്തിന്റെ മൂന്നിലൊന്ന്‍ മാത്രം നല്‍കുകയും വ്യവസ്ഥാപിത സമയത്തില്‍ കൂടുതല്‍ ജോലിയെടുപ്പിക്കുകയും ചെയ്തു എന്നതാണ് ന്യൂയോര്‍ക്കിലെ ഇന്ത്യയുടെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ഖോബ്രഗഡെയ്ക്കെതിരെയുള്ള ആരോപണം.  ഇതിനായി വിസാ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന കേസില്‍ ഡിസംബര്‍ 12-ന് ന്യൂയോര്‍ക്ക് പോലീസ് ഖോബ്രഗഡെയെ അറസ്റ്റ് ചെയ്യുകയും ഫെഡറല്‍ കോടതി അന്ന്‍ തന്നെ 2,50,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.

 

എന്നാല്‍, നയതന്ത്ര പരിഗണന നല്‍കാതെ ഉദ്യോഗസ്ഥയെ പൊതുസ്ഥലത്ത് വിലങ്ങുവെച്ച് അറസ്റ്റ് ചെയ്തതും വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയതും സാധാരണ കുറ്റവാളികള്‍ക്കൊപ്പം തടവില്‍ സൂക്ഷിച്ചതും ഇന്ത്യയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യു.എസ് കോണ്‍സുലാര്‍ ഉദ്യോഗസ്ഥറുടെ ആനുകൂല്യങ്ങള്‍ പലതും മരവിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ച സര്‍ക്കാര്‍ ന്യൂഡല്‍ഹിയിലെ യു.എസ് സ്ഥാനപതി കാര്യാലയത്തിന് മുന്നിലെ ട്രാഫിക് ബാരിക്കേഡുകള്‍ നീക്കുകയും ചെയ്തിരുന്നു.

 

preet bhararaഎന്നാല്‍, ഖോബ്രഗഡെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളുടെ ഭാഗമായുള്ള പരിശോധനകള്‍ മാത്രമാണ് നടന്നതെന്നും ഇത് എല്ലാവര്‍ക്കും ബാധകമാണെന്ന് ഭരാര പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ എത്ര ഉയര്‍ന്ന സാമൂഹ്യപദവിയും അധികാരവും സമ്പത്തുമുള്ളവരായാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നതാണ് തന്റെ ഉദ്ദേശമെന്ന് അദ്ദേഹം അറിയിച്ചു. യു.എസ് പൗരരായ പ്രതികള്‍ക്ക് പോലും ലഭിക്കാത്ത പല മര്യാദകളും ഖോബ്രഗഡെയ്ക്ക് നല്‍കിയതായി ഭരാര കൂട്ടിച്ചേര്‍ത്തു. വനിതാ മര്‍ഷലാണ് ഖോബ്രഗഡെയുടെ ദേഹപരിശോധന നടത്തിയത്. കുട്ടികളുടെ മുന്നില്‍ വെച്ച് ഖോബ്രഗഡെയെ വിലങ്ങ് വെച്ചതായ റിപ്പോര്‍ട്ടുകളും ഭരാര നിഷേധിച്ചു. ഫോണ്‍ വിളിക്കാനും കുട്ടികളുടെ സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാനും പോലീസ് ഖോബ്രഗഡെയെ അനുവദിച്ചതായും ഭരാര പറയുന്നു.

 

ഭരാരയുടെ പ്രസ്താവന വരുന്നതിന് മുന്‍പാണ് മേനോനുമായുള്ള സംഭാഷണത്തില്‍ കെറി ഖേദപ്രകടനം നടത്തിയതായി യു.എസ് വിദേശകാര്യ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചത്. എന്നാല്‍, ഇരുവരും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വിദേശകാര്യ വക്താവ് തയ്യാറായില്ല. ഇന്ത്യയിലെ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ന്യൂഡല്‍ഹി അതിന്റെ കടമകള്‍ നിര്‍വ്വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ്‌ഹൌസ്‌ വക്താവ് ജേ കാര്‍ണി പ്രസ്താവിച്ചു.

 

 

അതേസമയം, ഖോബ്രഗഡെയെ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധി സംഘത്തിലേക്ക് മാറ്റുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും ഇതിനായുള്ള അപേക്ഷ യു.എസ് വിദേശകാര്യ വകുപ്പില്‍ ലഭിച്ചിട്ടില്ല. പുതിയ പദവി ഖോബ്രഗഡെയ്ക്ക് സമ്പൂര്‍ണ്ണ നയതന്ത്ര സുരക്ഷ നല്‍കുമെങ്കിലും ഇത് ഉടന്‍ പ്രാബല്യത്തില്‍ വരില്ല. മാത്രവുമല്ല, ഇത്തരം മാറ്റത്തിന് സാധാരണ നിലയില്‍ തന്നെ ആതിഥേയ രാഷ്ട്രത്തിന്റെ സമ്മതം ആവശ്യമാണ്. ഖോബ്രഗഡെയ്ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ യു.എസ്സിന്റെ നിലപാട് നിര്‍ണ്ണായകമായിരിക്കും.  ഖോബ്രഗഡെയ്ക്കെതിരെയുള്ള കേസിനെ കുറിച്ച് സെപ്തംബറില്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാറിനെ അറിയിച്ചതാണെന്നും യു.എസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.  

Tags