Skip to main content
ഇസ്ലാമാബാദ്

പാകിസ്താന്‍ കരസേനാ മേധാവി ജനറല്‍ അഷ്ഫക് കയാനി വിരമിച്ച ശേഷവും സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തേക്കും. നവംബറില്‍ വിരമിക്കുന്ന അദ്ദേഹത്തെ ‘ജോയിന്റ് ചീഫ് ഓഫ്‌ സ്റ്റാഫ് കമ്മിറ്റിയുടെ’ തലവനായി നിയമിച്ചേക്കും എന്നാണു സൂചന. സൈനിക മേധാവിയുടെ ചില ചുമതലകളും അദ്ദേഹം തന്നെ നിര്‍വഹിച്ചേക്കും.

 

പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുകയും ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കയാനിയില്‍ തന്നെ സൈന്യത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ നവാസ് ശരീഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2007-ല്‍ ജനറല്‍ പര്‍വേസ്‌ മുഷറഫിന്റെ പിന്‍ഗാമിയായാണ്‌ കയാനി സേനാ മേധാവിയായി നിയമിതനായത്. 2010-ല്‍ കയാനിയുടെ കാലാവധി മുന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി മൂന്നുവര്‍ഷത്തേക്കു കൂടി നീട്ടിയിരുന്നു.

 

കയാനി ഒഴിയുമ്പോള്‍ അടുത്ത സൈനിക മേധാവി സ്ഥാനത്തേക്ക് ലഫ്‌. ജനറല്‍ റഷീദ്‌ മെഹ്‌മൂദ്‌, ചീഫ്‌ ഓഫ്‌ ജനറല്‍ സ്‌റ്റാഫ്‌ ലഫ്‌. ജനറല്‍ റഹീല്‍ ഷരീഫ്‌ എന്നിവര്‍ പരിഗണിക്കപ്പെടുന്നു. ലഫ്‌. ജനറല്‍ താരിഖ്‌ ഖാന്‍, ഐ.എസ്‌.ഐ. മേധാവി ലഫ്‌. ജനറല്‍ സഹീറുല്‍ ഇസ്ലാം എന്നിവരുടെ പേരും പരിഗണനയിലുണ്ട്‌. അടുത്ത മേധാവി ആരായിരിക്കണമെന്ന ചര്‍ച്ചകള്‍ അധികാര കേന്ദ്രങ്ങളില്‍ സജീവമായി നടക്കുകയാണ്. പാകിസ്താനിലെ ഏറ്റവും കരുത്തനായ ശക്തനായ സൈനിക മേധാവിയായി കരുതപ്പെടുന്ന കയാനിയുടെ പിന്‍ഗാമിയെ കണ്ടത്തെുന്നത് സര്‍ക്കാറിന് വലിയ വെല്ലുവിളിയാണ്.