Skip to main content
നെയ്‌റോബി

കെനിയയിലെ നെയ്റോബിലുണ്ടായ ഭീകരാക്രമണം അവസാനിച്ചു. ഷോപ്പിംഗ്‌ മാളിലുണ്ടായ ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. ശനിയാഴ്ച ഉച്ചയോടുകൂടിയാണ് ഭീകരര്‍ മാളിനകത്ത് കയറി ആക്രമണം തുടങ്ങിയത്.

 

ഏറ്റുമുട്ടലില്‍ തകര്‍ന്ന മാളിനകത്ത് ബോംബ് സ്ക്വാഡും പൊലീസും അന്വേഷണം തുടരുകയാണ്.രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണത്തിന് കെനിയന്‍ പ്രസിഡന്‍റ് ഉഹ്റു കെന്യാത്ത ആഹ്വാനം ചെയ്തു. കെനിയന്‍ സൈന്യത്തോടൊപ്പം ഇസ്രായേല്‍, യു.എസ് സൈനികരും ഭീകരര്‍ക്കെതിരായുള്ള ഏറ്റുമുട്ടലില്‍ പങ്കു ചേര്‍ന്നു. ഏറ്റുമുട്ടലിനിടെ മാളിനകത്ത് നിരവധി തവണ സ്ഫോടനങ്ങളുമുണ്ടായി. അഞ്ചു ഭീകരരെ വധിക്കുകയും ആറു സുരക്ഷാ സൈനികര്‍ കൊല്ലപ്പെടുകയുമുണ്ടായി.

 

തീവ്രവാദി ആക്രമണം നടന്ന വെസ്‌റ്റ്ഗേറ്റ്‌ മാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തുവെന്ന്‌ കെനിയന്‍ ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ വ്യക്‌തമാക്കി. മൂന്ന്‌ ദിവസം നീണ്ട ആക്രമണമാണ് ബുധനാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചത്‌. തീവ്രവാദി ആക്രമണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി കെനിയന്‍ ആഭ്യന്തരമന്ത്രി ജോസഫ് ഒലേലങ്കു പറഞ്ഞു.