ലോകത്തെ ഏറ്റവും പ്രായമേറിയ മുത്തച്ചനും മുത്തശ്ശിയും വിട വാങ്ങി. 127 കടന്ന ചൈനീസ് മുത്തശ്ശി ലുവോ മെയ്ഷനും 116 വയസ്സുള്ള ജപ്പാനിലെ ജിറോമൊന്‍ കിമുറയുമാണ് അടുത്തടുത്ത ദിവസങ്ങളില്‍ അന്തരിച്ചത്.
ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം ജന്മവര്‍ഷം പങ്കുവെക്കുന്ന മെയ്ഷന്‍ ചൈനയിലെ കുവാങ്ങ്ശി പ്രവിശ്യയില്‍ 1885-ലാണ് ജനിച്ചത്. എന്നാല്‍, കൃത്യമായ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതിരുന്നതിനാല്‍ ഇവരുടെ പ്രായം ഗിന്നസ് റെക്കോര്‍ഡ്സ് അംഗീകരിച്ചിട്ടില്ല. എന്നാല്‍, ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇവരുടെ 127-ആം ജന്മദിനം ചൈനയിലെ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു.
ചൊവാഴ്ചയാണ് മെയ്ഷന്‍ അന്തരിച്ചതായി മകന്‍ അറിയിച്ചത്. അഞ്ചു കുട്ടികളുടെ അമ്മയായ മെയ്ഷന്‍ അവസാന കുട്ടിയെ പ്രവസിച്ചത് തന്റെ 61-ആം വയസ്സിലാലാണെന്നാണ് അവകാശപ്പെട്ടിരുന്നത്.
1897 ഏപ്രില്‍ 19-ന് ജനിച്ച കിമുറ 2012 ഡിസംബറില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പുരുഷന്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കി. ഏഴു മക്കളും 14 കൊച്ചുമക്കളും 25 പേരക്കുട്ടികളും അവരുടെ മക്കളും അടങ്ങുന്നതാണ് കിമുറയുടെ കുടുംബം. പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം അതിനു ശേഷം കൃഷിയിലേക്ക് തിരിഞ്ഞു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയ ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രഞ്ചുകാരിയായിരുന്ന ജിയാന്‍ കാള്‍മെന്റ് ആയിരുന്നു. 1997-ല്‍ ഇവര്‍ മരിക്കുമ്പോള്‍ 122 വയസ്സായിരുന്നു പ്രായം. ഇനി ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമുള്ള വ്യക്തി ജപ്പാന്‍കാരനായ 115 വയസ്സുള്ള മിസാവൊ ഒകാമയാണ്.
