Skip to main content

ഇസ്ലാമാബാദ്: പാകിസ്താന്റെ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്ത തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നയിക്കുന്ന പാകിസ്താന്‍ മുസ്ലിം ലീഗ് (പി.എം.എല്‍-എന്‍)അധികാരത്തിലേക്ക്. അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ ജനാധിപത്യ സര്‍ക്കാര്‍ എന്ന ബഹുമതി നേടിയെങ്കിലും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) വന്‍ തിരിച്ചടി നേരിട്ടു. മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹരീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) തൊട്ടുപിന്നിലെത്തി. 

 

63-കാരനായ നവാസ് ഷെരീഫിന് പ്രധാനമന്ത്രിക്കസേരയില്‍ ഇത് മൂന്നാമൂഴമാണ്. 1999-ല്‍ സൈനിക മേധാവിയായ പര്‍വേസ് മുഷറഫ് അധികാരം പിടിച്ചെടുത്തപ്പോള്‍ ഷെരീഫ് ആയിരുന്നു പ്രധാനമന്ത്രി. തുടര്‍ന്ന് ജയിലിലടക്കപ്പെട്ട ഷെരീഫ് വളരെക്കാലം സൗദി അറേബ്യയില്‍ പ്രവാസത്തില്‍ കഴിഞ്ഞു. 2008-ലെ തിരഞ്ഞെടുപ്പില്‍ പി.എം.എല്‍-എന്‍ ശക്തികേന്ദ്രമായ പഞ്ചാബ് പ്രവിശ്യയില്‍ ഭരണം നേടിയെങ്കിലും ദേശീയ അസംബ്ലിയില്‍ രണ്ടാം സ്ഥാനത്തായി.

 

342 അംഗ ദേശീയ അസംബ്ലിയില്‍ തിരഞ്ഞെടുപ്പ് നടന്ന 272 സീറ്റുകളില്‍ 130 എണ്ണത്തില്‍ പി.എം.എല്‍-എന്‍ വിജയിച്ചു. പി.പി.പിക്ക് 33-ഉം പി.ടി.ഐക്ക് 29ഉം സീറ്റുകള്‍ ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് ഏഴു സീറ്റുകളുടെ കുറവ് മാത്രമാണ് പി.എം.എല്‍-എന്നിനുള്ളത്. അസംബ്ലിയിലെ മറ്റു സീറ്റുകള്‍ വനിതകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി സംവരണം ചെയ്തിരിക്കുകയാണ്. പാര്‍ട്ടികള്‍ക്ക് ഇവ ആനുപാതികമായി ലഭിക്കും.  

 

ഊര്‍ജ മേഖല നേരിടുന്ന പ്രതിസന്ധി, ദുര്‍ബ്ബലമായ സാമ്പത്തിക വളര്‍ച്ച എന്നിവയാണ് പുതിയ സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതും അടിയന്തര ആവശ്യമാണ്. ശക്തിപ്പെടുന്ന ഇസ്ലാമിക തീവ്രവാദവും പുതിയ സര്‍ക്കാറിന് ഭീഷണിയായേക്കും. വോട്ടെടുപ്പ് ദിവസം 24 പേരടക്കം 150-ല്‍പ്പരം ആളുകളാണ് തിരഞ്ഞടുപ്പ് പ്രചാരണത്തിനിടെ നടന്ന സ്ഫോടനങ്ങളില്‍ മാത്രം കൊല്ലപ്പെട്ടത്.