
പ്രണയം, കുടുംബം, നര്‍മ്മം, സാഹോദര്യം, ചില സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍, വേറിട്ട വില്ലത്തരം ഇതിനെയെല്ലാം ഒരു തോണിയിലാക്കി കുമ്പളങ്ങിയിലൂടെ മധു സി നാരായണന്‍ ഒഴുക്കുകയാണ്, ശ്യാം പുഷ്‌കരന്റെ തിരക്കഥയുടെ പിന്‍ബലത്തില്‍. മാസ്സെന്നോ ക്ലാസ്സെന്നോ ഉള്ള തരംതിരിവ് കുമ്പളങ്ങിയുടെ രാത്രികള്‍ക്ക് യോജിക്കുമെന്ന് തോന്നുന്നില്ല. കുറച്ച് മനുഷ്യരുടെ പച്ചയായ ജീവിതമാണ് സിനിമ പറയുന്നത്.
ഒരു വീട്ടില്‍ നാല് സഹോദരങ്ങള്‍ സജി, ബോണി, ബോബി, ഫ്രാങ്കി. ഫ്രാങ്കിയായി വേഷമിട്ടിരിക്കുന്നത് മാത്യു എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്, സജിയായി സൗബിനും ബോണിയായി ശ്രീനാഥ് ഭാസിയും ബോബിയായി ഷെയ്‌നും. ഇതില്‍ ഏറ്റവും ഇളയവനായ ഫ്രാങ്കി വെക്കേഷന് വീട്ടിലേക്ക് എത്തുന്നതിലൂടെയാണ് സിനിമയുടെ തുടക്കം. ഫ്രാങ്കിയുടെ ഭാഷയില്‍ ആ പഞ്ചായത്തിലെ ഏറ്റവും മോശമായ വീടാണ് തങ്ങളുടേത്. വാതിലുകളില്ലാത്ത വൃത്തിയില്ലാത്ത യോജിപ്പില്ലാത്ത വീട്. ആ കുത്തഴിഞ്ഞ വീടിന്റെ നന്മയിലേക്കുള്ള പ്രയാണമാണ് പിന്നെ. ആ മാറ്റത്തിന് ഓരോ സംഭവങ്ങള്‍ നിമിത്തമാകുന്നു.

അതില്‍ പ്രധാനം ബോബിയുടെ ബേബിമോളുമായുള്ള പ്രണയമാണ്. ഒരു പക്ഷേ ഈ അടുത്തിടെ കണ്ടിട്ടുള്ളതില്‍ വച്ച് മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്ന ജോഡിയാണ് ബോബിയും ബേബിമോളും. ബോബിയായി വേഷമിട്ട ഷെയ്‌ന്റെയും ബേബിമോളായി എത്തിയ അന്നയുടെയും ചിരി എടുത്ത് പറയേണ്ടതാണ്. അവരുടെ പ്രണയത്തില്‍ ഒരു നാടകീയതയും കൊണ്ടുവന്നിട്ടില്ല. തീര്‍ത്തും റിയലിസ്റ്റിക്കായിട്ടാണ് ഷെയ്‌നും അന്നയും പ്രണയം കൈകര്യം ചെയ്തിരിക്കുന്നത്.

മാറ്റത്തിന് കാരണമായ മറ്റൊരു സംഭവം സജിയുടെ ആത്മഹത്യാ ശ്രമമാണ്. അതുവരെ സജിയെ ഒരു അലസനായി മാത്രമാണ് നമുക്ക് വിലയിരുത്താനാവുക. സജിയുടെ ആ അലസതയ്ക്ക് പിന്നില്‍ ചില കാരണങ്ങളുണ്ട്. അല്‍പം മാനവികവും സാമൂഹികവുമായ ചില പ്രശ്‌നങ്ങളാണവ. അതറിയുമ്പോള്‍ കാണികളില്‍ ചിലരുടെയെങ്കിലും സാമൂഹ്യ സമീപനങ്ങളില്‍ വ്യതിയാനം സംഭവിച്ചേക്കാം.

അടുത്ത കാരണം കഥയിലെ വില്ലനായ ഷമ്മിയാണ്. ഷമ്മിയായി ഫഹദ് ജീവിക്കുകയായിരുന്നു എന്ന് വേണമങ്കില്‍ പറയാം. കാരണം അത്രത്തോളം ശ്രമകരമായ ഒരു വേഷമാണ് ഷമ്മിയുടേത്. നമ്മുടെ പതിവ് വില്ലന്‍ സങ്കല്‍പങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്നു ഷമ്മി. കമ്പിപ്പാരയ്ക്ക് ഒരാളെ കുത്താന്‍ ശ്രമിച്ചിട്ട് ലക്ഷ്യം തെറ്റുമ്പോള്‍ ചിരിച്ചുകൊണ്ട് 'ജസ്റ്റ് മിസ്സ്' എന്ന് പറയുന്ന വില്ലനെ ഒരിക്കലും നാം കണ്ടിട്ടില്ല. അത്തരത്തില്‍ തീര്‍ത്തും വ്യത്യസ്തമായ വില്ലന്‍ വേഷമാണ് ഫഹദ് ചെയ്തിരിക്കുന്നത്.

ആരുടെയും പ്രചോദനമില്ലാതെ തനിയെ തന്നെ ചിരിക്കാന്‍ പോന്ന ഒരുപിടി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. പിന്നെ അഭിനയത്തിന്റെ കാര്യത്തില്‍ എല്ലാവരും മികച്ച് നില്‍ക്കുന്നു. പ്രത്യേകിച്ച് ഷെയ്‌നും, സൗബിനും, ഫഹദും, അന്നയും, ചിത്രത്തിലെ ബേബിമോളുടെ ചേച്ചിയും.
മൊത്തത്തില്‍ പറഞ്ഞാല്‍ തികച്ചും വേറിട്ടൊരു കഥയെ അതിന് കൃത്യമായി യോജിക്കുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച്, അത് അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തി സിനിമയാക്കിയിരിക്കുന്നു.
