യു.എന്‍.ഐ മുന്‍ ദില്ലി ചീഫ് ഓഫ് ബ്യൂറോ എസ്. സുരേഷിന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി |
ഡെല്‍ഹി നിയമസഭയിലെ 70 സീറ്റുകളിലേക്ക് ഡിസംബര്‍ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പ് ആവേശകരമായ ഒരു ത്രികോണ മത്സരമായി മാറിയിരിക്കുന്നു. പരമ്പരാഗത രാഷ്ട്രീയ ശക്തികളായ കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും പുറമേ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (എ.എ.പി) തെരഞ്ഞെടുപ്പിനെ ത്രികോണ പോരാട്ടമായി മാറ്റിയതിനൊപ്പം രണ്ട് ബദ്ധവൈരികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.
മൂന്ന്‍ വ്യതിരിക്ത ഘടകങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രകടമാണ്. ഒന്ന്‍, കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പ്രകടനവും സര്‍ക്കാറുകളോട് തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമാകുന്ന നിഷേധ വികാരവും (anti-incumbency), രണ്ട്, 15 വര്‍ഷമായി അധികാരത്തിന് പുറത്ത് നില്‍ക്കുന്ന നൈരാശ്യത്തില്‍ നിന്നുളവായ, എങ്ങനേയും അധികാരത്തില്‍ തിരിച്ചെത്താനുള്ള ബി.ജെ.പിയുടെ പാരവശ്യം, മൂന്ന്‍, തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന എ.എ.പി ഉയര്‍ത്തുന്ന ആവേശകരമായ വെല്ലുവിളി.
കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ തന്റെ സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ നാലാമതും തന്നെ മുഖ്യമന്ത്രി പദത്തിലെത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് പ്രതീക്ഷിക്കുന്നു. ഡെല്‍ഹിയുടെ പുരോഗതിയ്ക്ക് തടസ്സമുണ്ടാകരുതെന്നും ഈ പുരോഗതി തുടരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യൂ എന്നുമാണ് ഷീലയുടെ അഭ്യര്‍ത്ഥന.
അതേസമയം പണപ്പെരുപ്പം, ഉള്ളി, ഉരുളകിഴങ്ങ്, തക്കാളി തുടങ്ങിയ പച്ചക്കറികളുടെ വിലക്കയറ്റം, വൈദ്യുതിനിരക്കിലെ വന്‍വര്‍ധന, ജലവിതരണത്തിലെ തകരാറുകള്‍, അഴിമതി എന്നിവയാവും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളാകുക എന്ന് ബി.ജെ.പി വിശ്വസിക്കുന്നു. ഭരണത്തിലെ തങ്ങളുടെ റെക്കോഡ് സംസ്ഥാനത്ത് തങ്ങള്‍ മുന്‍പ് അധികാരത്തില്‍ ഇരുന്ന സമയത്ത് തന്നെ തെളിയിക്കപ്പെട്ടതാണെന്ന് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ പറയുന്നു. മെട്രോ, മേല്‍പ്പാലങ്ങള്‍ തുടങ്ങി തങ്ങള്‍ ആരംഭിച്ചതും ചെയ്തതുമായ കാര്യങ്ങള്‍ക്ക് അന്താരാഷ്ട്ര പ്രശംസ തന്നെ ലഭിച്ചതാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. സ്വതന്ത്രവും സുതാര്യവും ജനസൗഹൃദവുമായ ഒരു സര്‍ക്കാരാണ് ഡെല്‍ഹിയിലെ ജനങ്ങള്‍ക്ക് ഹര്‍ഷ വര്‍ദ്ധന്റെ വാഗ്ദാനം. സുതാര്യതയിലും ഇ-ഗവേണന്‍സിലും ഉയര്‍ന്ന തലങ്ങള്‍ തങ്ങളുടെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.
കെജ്രിവാളിന് നിര്‍ണ്ണായകം
എ.എ.പി നേതാവ് അരവിന്ദ് കേജ്രിവാളിനും ഈ ഡെല്‍ഹി തെരഞ്ഞെടുപ്പ് അതീവ നിര്‍ണ്ണായകമാണ്. ജനങ്ങളുടെ ഇടയിലുള്ള പിന്തുണ വോട്ടായി മാറ്റാന്‍ തന്റെ പാര്‍ട്ടിക്ക് കഴിയുന്നില്ലെങ്കില്‍ ഐ.ഐ.ടി ബിരുദധാരിയും ആദായ നികുതി വകുപ്പിലെ മുന്‍ ജോയന്റ് കമ്മീഷണറുമായിരുന്ന കെജ്രിവാളിന് മുഖം നഷ്ടപ്പെടുന്ന അവസ്ഥയാകും അത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ നിന്ന്‍ ഏതാനും സഹപ്രവര്‍ത്തകര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം വിട്ടുപോന്നതിനെ തുടര്‍ന്ന് ആരംഭിച്ച കേജ്രിവാളിന്റെ രാഷ്ട്രീയ ജീവിതത്തെ സ്വാധീനിക്കുന്നതായിരിക്കും ഡെല്‍ഹി തെരഞ്ഞെടുപ്പ് ഫലം.
ജനശ്രദ്ധയും വോട്ടുകളും നേടുന്നതിന് പുത്തന്‍ തന്ത്രങ്ങളാണ് കേജ്രിവാള്‍ സ്വീകരിക്കുന്നത്. പൊതുപ്രവര്‍ത്തനത്തില്‍ പണസ്വാധീനതിനെതിരെയുള്ള കുരിശുയുദ്ധത്തിന്റെ പേരില്‍ അറിയപ്പെടുന്ന കേജ്രിവാളിന്റെ പ്രധാന പ്രചാരണ വിഷയവും വാഗ്ദാനവും അഴിമതി രഹിത സര്‍ക്കാറും സുതാര്യ ഭരണവുമാണ്. തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി ചൂല്‍ കേജ്രിവാള്‍ തെരഞ്ഞെടുത്തത് ബോധപൂര്‍വമാണെന്ന് വേണം കരുതാന്‍. “തൊഴിലിന്റെ മഹത്വത്തെ പ്രതീകവല്‍ക്കരിക്കുന്ന ചൂലുകൊണ്ട് നമ്മുടെ സര്‍ക്കാറിലും നിയമനിര്‍മ്മാണസഭയിലും നിറഞ്ഞ മാലിന്യം വൃത്തിയാക്കാന്‍ സാധിക്കുമെന്ന്” പ്രതീക്ഷിക്കുന്നതായി പാര്‍ട്ടി.
അണ്ണാ ഹസാരെയുടെ നേതൃത്വത്തിന്‍ കീഴില്‍ രണ്ടു വര്‍ഷത്തിലധികം ജന്‍ ലോക്പാലിനായി ശ്രമിച്ചെങ്കിലും തങ്ങളുടെ പരിശ്രമങ്ങള്‍ വിജയം കണ്ടില്ലെന്ന് കേജ്രിവാള്‍ സമ്മതിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മാത്രമാണ് ജന് ലോക്പാല്‍ കൊണ്ടുവരാനുള്ള ഏകമാര്‍ഗ്ഗമെന്ന് പറയുന്ന അദ്ദേഹം പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ രൂപീകരിച്ച് 15 ദിവസത്തിനകം ജന് ലോക്പാല്‍ രൂപീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
അനൗദ്യോഗികമായതോ പുനരധിവാസാര്‍ത്ഥം സ്ഥാപിച്ചതോ ആയ കോളനികളിലാണ് എ.എ.പി പ്രത്യേക ശ്രദ്ധ കൊടുക്കുന്നത്. ചേരിപ്രദേശങ്ങളിലും കേജ്രിവാളിനും പാര്‍ട്ടിയ്ക്കും പിന്തുണയുണ്ട്. ഇവിടെ താമസിക്കുന്നവര്‍ക്ക് കോണ്‍ഗ്രസിനോട് പ്രകടമായ നീരസമുണ്ട്. ജലദൌര്‍ലഭ്യം, മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളുടെ അഭാവം, വിലകയറ്റം, ആശുപത്രികള്‍, പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവയുടെ അഭാവം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളില്‍ കാര്യമായൊന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തില്ല എന്നതുതന്നെ നീരസത്തിന്റെ കാരണം. ഈ നീരസം തങ്ങള്‍ക്കനുകൂലമായ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേജ്രിവാളും പാര്‍ട്ടിയും. എന്നാല്‍, തുടര്‍ച്ചയായി മൂന്നുവട്ടം അധികാരത്തിലിരുന്ന കാലയളവില്‍ വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുന്നതില്‍ തനിക്കുള്ള വൈദഗ്ധ്യം ഷീല ദീക്ഷിത് തെളിയിച്ചതാണ്. ചേരികളിലും അനൗദ്യോഗിക കോളനികളിലും താമസിക്കുന്ന ദരിദ്ര ജനവിഭാഗങ്ങളെ ലക്‌ഷ്യം വെച്ചുള്ള പരിപാടികളായിരുന്നു ഇവയില്‍ പ്രധാനം. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ഒട്ടേറെ അനൗദ്യോഗിക കോളനികള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയ നടപടി ആ അര്‍ത്ഥത്തില്‍ ഒരു സൂചനയാണ്.
ചില വിരോധാഭാസങ്ങളും സമാനതകളും ഇത്തവണത്തെ ഡെല്‍ഹി തിരഞ്ഞെടുപ്പില്‍ കാണാം. ഉള്ളിവിലയിലെ വര്‍ധനയും അന്ന്‍ ഭരണകക്ഷിയായിരുന്ന ബി.ജെ.പിയിലെ വിഭാഗീയതയുമാണ് 1998-ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചത്. ഉള്ളിവില വീണ്ടും ഉയര്‍ന്നിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം പരമാവധി മുതലാക്കി ഷീല ദീക്ഷിത്തിനോട് പകരം വീട്ടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്ന രാജ്യതലസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തില്‍ ഡെല്‍ഹി സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത് പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാറിനെയാണ്. കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിന് ക്രമസമാധാന വിഷയവും പോലീസ് ഭരണവും കേന്ദ്രം ഡെല്‍ഹി സര്‍ക്കാറിന് കൈമാറണമെന്ന നിലപാടാണ് ബി.ജെ.പിയ്ക്കും. ഡെല്‍ഹിയ്ക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യത്തിന് എ.എ.പിയും പിന്തുണ നല്‍കുന്നുണ്ട്.
മുന്നില്‍ തൂക്കുസഭ?
മത്സരത്തിന്റെ ത്രികോണ സ്വഭാവം പരിഗണിക്കുമ്പോള്‍ ഡെല്‍ഹിയില്‍ തൂക്കുസഭയ്ക്കുള്ള സാധ്യതകളുണ്ട്. എന്നിരുന്നാലും, എല്ലാ പാര്‍ട്ടികളും തങ്ങള്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സര്‍ക്കാറിനെതിരെയുള്ള നിഷേധ വികാരത്തെ ഷീല ദീക്ഷിത്തിന് മറികടക്കേണ്ടതുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി പോലുള്ള പ്രശ്നങ്ങളെ അപ്രസക്തമാക്കുന്നതിന് ദീക്ഷിത്തിന്റെ വ്യക്തിപ്രഭാവം കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ഡെല്‍ഹിയെ ബാധിക്കുന്ന പല പ്രശ്നങ്ങളും തന്റെ സര്‍ക്കാറിന്റെ അധികാര പരിധിയില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതല്ല എന്ന ദീക്ഷിത്തിന്റെ വാദം സമ്മതിദായകര്‍ അംഗീകരിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ക്രമസമാധാന പാലന ചുമതലയുള്ള ഡെല്‍ഹി പോലീസ് കേന്ദ്ര സര്‍ക്കാറിന് കീഴിലാണ്. അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ ഡെല്‍ഹി വികസന അതോറിറ്റിയുടെ വീഴ്ചയാണ്. നഗരത്തിലെ സേവന സൌകര്യങ്ങള്‍ പരാജയപ്പെടുന്നത് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബി.ജെ.പി ഭരിക്കുന്നത് മൂലമാണ്. അതേസമയം, മെട്രോ തന്റെ നേട്ടമായി ദീക്ഷിത് അവതരിപ്പിക്കുന്നു, അത് ആരംഭിച്ചത് മുന്‍ ബി.ജെ.പി സര്‍ക്കാറാണെങ്കിലും.
കേജ്രിവാള്‍ അഴിമതി ഒരു രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്തിയതും കോണ്‍ഗ്രസിനെ ബുദ്ധിമുട്ടിച്ചേക്കാം. അഴിമതിയും ഒപ്പം, ഡെല്‍ഹിയില്‍ കഴിഞ്ഞ ഡിസംബര്‍ 16-ന് നടന്ന കൂട്ട മാനഭംഗവും കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന വിഷയങ്ങളാണ്. ഈ രണ്ട് പ്രശ്നങ്ങളും ഡെല്‍ഹി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി കടുത്ത വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി എന്നുമാത്രമല്ല, രണ്ടവസരങ്ങളിലും ഷീല ദീക്ഷിത്തിന് പ്രതിനായക വേഷമാണ് ചാര്‍ത്തിക്കിട്ടിയത്.
കോണ്‍ഗ്രസിന് നേരെ നിഷേധ വികാരം ശക്തമാക്കുന്ന മറ്റ് ചില വിഷയങ്ങള്‍ കൂടിയുണ്ട്. വൈദ്യുതി നിരക്കിലെ വര്‍ധനയും ഇന്ധനവിലയും പ്രധാന തെരഞ്ഞെടുപ്പ് വിഷയമായിരിക്കുന്നു. എ.എ.പിയും ബി.ജെ.പി.യും ഈ പ്രശ്നം തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമത്തിലാണ്. മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്താല്‍ ഡെല്‍ഹിയിലെ വൈദ്യുതി നിരക്ക് കുറവാണെന്ന പ്രചാരണവുമായാണ് സര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കുന്നത്. എന്നാല്‍, ഇത് കണക്കിലെ കളി കൊണ്ടുള്ള കുറവാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ, ഭക്ഷണ സാധനങ്ങളുടെ വിലയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം കുതിച്ചുകൊണ്ടിരിക്കുന്നതും കോണ്‍ഗ്രസിന് ശുഭസൂചനയല്ല.
ബി.ജെ.പിയുടെ പ്രശ്നങ്ങളും ഗൌരവമുള്ളതു തന്നെ. വിഭാഗീയതയും കൂറുമാറ്റവും പാര്‍ട്ടിയെ വലച്ചു കൊണ്ടിരിക്കുന്നു. ഔന്നത്യമുള്ള ഒരു ഡെല്‍ഹി നേതാവിനെ അവതരിപ്പിക്കുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടു. വിജയ് ഗോയലിനെ ഒഴിവാക്കി ഡോ. ഹര്‍ഷ വര്‍ദ്ധനെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതു തന്നെ അതിനാടകീയതയുടേയും വിവാദത്തിന്റേയും പശ്ചാത്തലത്തിലാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ രണ്ടാം നിര നേതാവായ ഹര്‍ഷ വര്‍ദ്ധന്റെ സ്ഥാനാര്‍ഥിത്വം ഷീല ദീക്ഷിത്തിന് ആശ്വാസമായേക്കാം. എന്നാല്‍, കറുത്ത കുതിരയായുള്ള കേജ്രിവാളിന്റെ രംഗപ്രവേശം ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു എക്സ് ഫാക്ടര്‍ സൃഷ്ടിച്ചിരിക്കുകയാണ്.
സര്‍ക്കാറിനെതിരെയുള്ള നിഷേധവികാരം പൂര്‍ണ്ണമായും തങ്ങള്‍ക്കനുകൂലമായി മാറ്റാന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞതായി തോന്നുന്നില്ല. ശക്തമായ ഒരു പോസിറ്റീവ് പ്രചാരണം ഉയര്‍ത്തുന്നത്തിലും സര്‍ക്കാറിനെതിരെ യുക്തമായ ബദല്‍ മുന്നോട്ട് വെക്കുന്നതിലും ഇതുവരെ പാര്‍ട്ടി വിജയിച്ചിട്ടില്ല.
കേജ്രിവാളിനും വെല്ലുവിളികള്‍ ഇല്ലാതില്ല. നിലവില്‍ വന്നിട്ട് എട്ടുമാസം മാത്രമായ അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്ക് മറ്റ് വ്യവസ്ഥാപിത പാര്‍ട്ടികളെ അപേക്ഷിച്ച് സാമ്പത്തിക ശക്തിയും സംഘടനാ സംവിധാനവും പരിമിതമാണ്. മാത്രവുമല്ല, കേജ്രിവാളിന്റെ പ്രചാരണം ഏറിയകൂറും കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും എതിരായ അധിക്ഷേപങ്ങളാണ്. കാമ്പുള്ളതും ഗുണാത്മകവുമായ സന്ദേശങ്ങള്‍ സമ്മതിദായകര്‍ക്ക് നല്‍കാന്‍ കെജ്രിവാളിനു കഴിയേണ്ടതുണ്ട്. നല്ല നാളെയുടെ സ്വപ്നം അവര്‍ക്ക് നല്‍കാന്‍ കെജ്രിവാളിനു കഴിഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ആ സ്വപ്നം വിശ്വസനീയവും നേടിയെടുക്കാവുന്നതുമാണെന്ന് അവരെ ബോധ്യപ്പെടുത്താനും കെജ്രിവാളിനു കഴിയണം.
പഞ്ചാബികളും വ്യാപാരികളായ ബനിയ സമുദായക്കാരുമാണ് പരമ്പരാഗതമായി ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കുന്നവര്‍. ബി.ജെ.പിയില്‍ മദന്‍ലാല്‍ ഖുറാനയുടെ യുഗം അസ്തമിക്കുകയും വി.കെ മല്‍ഹോത്രയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഷീല ദീക്ഷിത്തിനെ പരാജയപ്പെടുത്താന്‍ ആകാതെ വന്നതോടെയുമാണ് ബി.ജെ.പിയുടെ പ്രസിഡന്റ് സ്ഥാനത്ത് വിജയ് ഗോയല്‍ എത്തുന്നത്. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ തന്റെ അടുപ്പക്കാരെ നിയമിച്ച് ഗോയല്‍ പാര്‍ട്ടിയിലെ തന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് പഞ്ചാബി വിഭാഗത്തില്‍ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
യുവാക്കളും സ്ത്രീകളുമാണ് ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ പോകുന്ന രണ്ട് വിഭാഗങ്ങള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കനുസരിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ള 1.15 കോടി വോട്ടര്‍മാരില്‍ 63,81,003 പേര്‍ പുരുഷന്മാരും 51,29,490 പേര്‍ സ്ത്രീകളുമാണ്. 2008-ല്‍ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 1.07 കോടിയായിരുന്നു, 59,75,917 പുരുഷനാരും 47,62,499 സ്ത്രീകളും.
ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൂക്കു സഭയാണ് ഇപ്പോള്‍ നിലവില്‍ കാണുന്ന വോട്ടെണ്ണലിന് ശേഷമുള്ള അവസ്ഥ. മൂന്ന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളില്‍ ആരെങ്കിലും സ്വന്തം നിലയില്‍ മന്ത്രിസഭയുണ്ടാക്കാനുള്ള സാധ്യതകള്‍ അതിവിദൂരമാണ്.