
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ് ടു. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 23നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ യഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിക്കുന്നു. 5 ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. 300 കോടിയോളം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ആദ്യഭാഗം യാഷ് എന്ന നടനെ ദേശീയ ശ്രദ്ധയിലെത്തിച്ചിരുന്നു. 2018 ഡിസംബറിലാണ് കെ.ജി.എഫ് ആദ്യഭാഗം പുറത്തിറങ്ങിയത്.
കോലാറിന്റെ സ്വര്‍ണ്ണഖനിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ റോക്കി ഭായ് എന്ന അധോലോക നായകനെയാണ് യഷ് അവതരിപ്പിച്ചത്.
യഷിന്റെ നായികയായി ശ്രീനിധി ഷെട്ടി തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുക. സഞ്ജയ് ദത്ത് അധീര എന്ന വില്ലനായി എത്തുമ്പോള്‍ രവീണ ടണ്ടന്‍ രാമിക സെന്‍ എന്ന പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്നു. 20 വര്‍ഷത്തെ ഇടവേളക്ക് ശേഷം രവീണ ടണ്ടന്‍ സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കന്നടയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് കെ.ജി.എഫ്.
