
സിനിമയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ 18 കോടി നഷ്ടപരിഹാരവും ചോദിച്ച് മാമാങ്കത്തിന്റെ നിര്‍മ്മാതാവ്. സംവിധായകന്‍ സജീവ് പിള്ളയോട് നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയാണ് നഷ്ടപരിഹാരമാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. മനോരമായാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മോശമായി സംവിധാനം ചെയ്തത് മൂലമാണ് അദ്ദേഹത്തെ സിനിമയില്‍ നിന്ന് പുറത്താക്കിയതെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ സജീവ് പിളളയുടെ പരിചയക്കുറവും നിസ്സഹകരണവും തനിക്ക് 13 കോടി രൂപയുടെ നഷ്ടമുണ്ടായതായതാണ് വേണു പറയുന്നത്.
നഷ്ടപരിഹാരത്തുക 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. അതിനു പുറമേ താന്‍ അനുഭവിച്ച മാനസികവ്യഥയ്ക്ക് അഞ്ചു കോടി രൂപ 15 ദിവസത്തിനകം നല്‍കണമെന്നും തിരക്കഥയ്ക്കും സംവിധാനത്തിനുമായി കൈപ്പറ്റിയിരിക്കുന്ന 21,75000 രൂപ 24 ശതമാനം പലിശയോടു കൂടി 30 ദിവസത്തിനകം തിരികെ നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
വക്കീല്‍ നോട്ടീസ് ലഭിച്ച കാര്യം സംവിധായകന്‍ സജീവ് പിളള സ്ഥിരീകരിച്ചിട്ടുണ്ട്.
