
വിനി വിശ്വലാലിന്റെ തിരക്കഥയില്‍ പുതുമുഖ സംവിധായകന്‍ ടി.പി ഫെലിനി ഹരിശ്രീ കുറിച്ച സനിമയാണ് 'തീവണ്ടി'. സിനിമ തിയേറ്ററിലെത്തും മുമ്പേ തന്നെ ഹിറ്റായിരുന്ന പാട്ട് (ജീവാംശമായ് ) മുന്‍നിര്‍ത്തിയാവും ഏതൊരുമലയാളിയും തീവണ്ടിക്ക് ടിക്കറ്റ് എടുത്തത്. തീര്‍ച്ചയായും പുകഞ്ഞ് തീരുന്ന 'ബിനീഷ്' എന്ന ചെറുപ്പക്കാരന്റെ കഥയാണ് 'തീവണ്ടി', അല്ലെങ്കില്‍ ബിനീഷിനെ പോലെയുള്ള അനേകം ചെറുപ്പക്കാരുടെ.
പുകവലി ആസ്പദമാക്കിയുള്ള സിനിമ എന്ന് പറയുമ്പോള്‍ ശോകമാവും എന്ന മുന്‍വിധി തീവണ്ടി തിരുത്തിയെഴുതുന്നു. സിനിമയിലുടനീളം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരുപാട് സംഭാഷണങ്ങളും സന്ദര്‍ഭങ്ങളുമുണ്ട്. അത് തന്നെയാകും തീവണ്ടിയെ ഇന്ന് തിയേറ്ററുകളില്‍ കുതിച്ച് പായിക്കുന്നത്. രോഗം, കരച്ചില്‍ ഇതൊക്കെ പ്രതീക്ഷിച്ച് പോകുന്നവര്‍ക്ക് മുന്നില്‍ ലിളിതമായി ഹാസ്യാത്മകതയോടെ, വിരസതയില്ലാതെ പുകവലിയെ സിനിമ വിമര്‍ശിക്കുന്നു.
'ശ്വാസകോശം സ്‌പോഞ്ച് പോലെയെന്ന്' കണ്ട് ടെന്‍ഷന്‍ അടിച്ച് ഇന്റെര്‍വെല്ലിന് തന്നെ സിഗരറ്റ് വലിക്കേണ്ട അവസ്ഥയാണെന്ന് സിനിമയില്‍ ബിനീഷ് പറയുന്നുണ്ട്. അതുപോലെയുള്ള വിരസതയൊന്നും ചിത്രത്തിലില്ല.
സിനിമയെ അനുകൂലിച്ചുകൊണ്ടുള്ള ട്രോളുകള്‍ സിനിമ സമൂഹത്തിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു. ചിത്രം നല്‍കുന്ന സന്ദേശം പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാനും അവ ജീവിതത്തില്‍ പകര്‍ത്താനും കഴിയുമെന്നതിനാല്‍ കലയ്ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു 'തീവണ്ടി'.
പല രംഗങ്ങളിലും അഡിക്ഷന്റെ തീവ്രതയെപ്പറ്റിയുള്ള ശക്തമായ ചിത്രം തീവണ്ടി പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ചിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയം വിരസമേറിയത് തന്നെയാണ്. പക്ഷേ അത് ബിനീഷും പുകവലിയുമായി ബന്ധിപ്പിച്ചിരിക്കുന്നത് അലോചിക്കുമ്പോള്‍ സഹിക്കാം. കൂട്ടത്തില്‍ ഒരു ബ്ലൂ വെയില്‍ അപാരതയും ഉണ്ട്. അതിനിടയില്‍ ദേവിയുമായുള്ള പ്രണയവും ഇഴുകി ചേര്‍ന്ന് പോകുന്നു.
നാട്ടിന്‍ പുറത്തിന്റെ നന്മയും ഭംഗിയും കാഴ്ചാവിരുന്നൊരുക്കി നല്‍കുന്നുണ്ട്. ബിനീഷായുള്ള ടൊവിനോയുടെ അഭിനയം തകര്‍ത്തു എന്ന് തന്നെ പറയാം. ബിനീഷില്‍ ചെറുപ്പകാലം മുതല്‍ കൂടെ കൂടുന്ന പുകവലിയെ തന്മയത്വത്തോടെ ടൊവിനോ അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് സിനിമകളില്‍ നായകന്റെ മാസ്സ് കാണിക്കുവാന്‍ പുകവലി ഉപയോഗിക്കുമ്പോള്‍, ഇവിടെ യഥാര്‍ത്ഥ മാസ്സ് എന്താണെന്ന് ചര്‍ച്ചചെയ്യപ്പെടുന്നു.
തീവണ്ടിയെ (ബിനീഷിനെ) പ്രണയിക്കുന്ന ദേവിയായി വേഷമിട്ടിരിക്കുന്നത് പുതുമഖതാരം സംയുക്ത മേനോന്‍ ആണ്. സുരാജ്, സുധീഷ്, സുരഭി, ഷമ്മി തിലകന്‍, നീനാ കുറുപ്പ് തുടങ്ങിയവരും ശ്രദ്ധേയ വേഷത്തിലെത്തിയിട്ടുണ്ട്. ഇതില്‍ അമ്മാവനായി വേഷമിട്ട സുധീഷ് ഒരു വന്‍ തിരുച്ചവരവാണ് നടത്തിയിരിക്കുന്നത്.
