Skip to main content

Aami

ആമി കണ്ടുകൊണ്ടിരിക്കാവുന്ന സിനിമയാണ്. മാധവിക്കുട്ടിയുടെ ഒരു രചനയും വായിച്ചിട്ടില്ലാത്ത എന്നാല്‍ കമലാദാസിനെയും കമലാസുരയ്യയുമൊക്കെ അറിയുന്ന മലയാളിക്ക് അവരുടെ വൈകാരികജീവിതവും സംഘര്‍ഷങ്ങളും കൗതുകപൂര്‍വ്വം കണ്ട് ആസ്വദിക്കാവുന്ന സിനിമ. എന്നാല്‍ ആമിയില്‍ തുടങ്ങി കമലാസുരയ്യയില്‍ അവസാനിക്കുന്ന മാധവിക്കുട്ടിയെ ലോകം അറിയുന്നത് അവരുടെ ഭ്രമാത്മകസ്വഭാവപ്രകടനത്തിന്റെ പേരിലല്ല. മറിച്ച് അവരുടെ സര്‍ഗ്ഗവൈഭവത്തിന്റെ അഥവാ അസാധാരണമായ പ്രതിഭാസ്‌ഫോടനത്തിന്റെ പേരിലാണ് . ആ സ്‌ഫോടനത്തിന്റെ ചെറിയ പൊരിപോലും കമലിന് പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ആമിയെന്ന സിനിമയുടെ കലാപരമായ പരാജയവും കമലാ സുരയ്യയോട് ബോധപൂര്‍വ്വമല്ലെങ്കിലും ഉണ്ടായ നീതികേടും.
           

 

സാധാരണ ഒരു സ്ത്രീ ചെയ്യാന്‍ പേടിക്കുന്ന കാര്യങ്ങള്‍ അവര്‍ തന്റെ ജീവിതം കൊണ്ടു ചെയ്തു. അതവരുടെ വെറും വൈകാരികതകൊണ്ടല്ല.  വൈകാരികതയുടെ തൃപ്തി നേടാന്‍ പുരുഷനേക്കാള്‍ സാധ്യത സ്ത്രീക്കാണ്. മാധവിക്കുട്ടിയുടെ മുന്നില്‍ ബാല്യത്തില്‍ തന്നെ ലോകം വ്യത്യസ്തമായി വിരിഞ്ഞു വീഴുകയായിരുന്നു. ആ ലോകം സാമൂഹികമായ മുദ്രകളൊന്നുമില്ലാത്തതായിരുന്നു.സര്‍ഗ്ഗാത്മകത എന്നത് സൃഷ്ടിയാണ്. ആ സൃഷ്ടിയുടെ ചൈതന്യം അവസാനം വരെ അവരിലൂടെ പ്രവഹിച്ചു. ആ പ്രവാഹത്തിന്റെ കരകളായിരുന്നു അവരുടെ വ്യക്തിപരമായ ജീവിതവും സമൂഹവും. രണ്ടിലും ഒഴുക്കിന്റെ ശക്തി കൂടുന്നതും കുറയുന്നതുമനുസരിച്ച് ഇടിച്ചുകൊണ്ടിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ കരകളിടിഞ്ഞു. ബാല്യകൗമാരവാര്‍ധക്യങ്ങളുള്‍പ്പെടെ പല രൂപങ്ങളിലൂടെ അവര്‍ കടന്നു പോയി. എന്നാല്‍ പ്രവാഹം നിലയ്ക്കാത്തതായിരുന്നു. അത് കടലില്‍ ചേരും വരെ. ആ പ്രവാഹം ജലമാണെങ്കിലും അതിന്റെ ഒഴുക്കാണ് തരംഗത്തെ സൃഷ്ടിക്കുന്നത്.
       

 

ജലചലനത്തില്‍ നിന്നും തരംഗത്തെ വേര്‍പിരിക്കാതെ തരംഗസ്പന്ദനം ആമിയെന്ന കഥാപാത്രത്തിലേക്കു കൊണ്ടുവരാന്‍ സംവിധായകന്‍ കമലിന് കെല്‍പ്പില്ലാതെ പോയി എന്ന് സമ്മതിക്കേണ്ടി വരും. അതിത്തിരി പ്രയാസവുമുള്ള കാര്യമാണ്. കാരണം കമലാ സുരയ്യയേക്കാള്‍ ധൈര്യമുള്ള പ്രവൃത്തികള്‍ ഇപ്പോഴത്തെയും എക്കാലത്തേയും സ്ത്രീകള്‍ ചെയ്യുന്നുണ്ട്. കുഞ്ഞുമക്കളെ ഉപേക്ഷിച്ച് പ്രായം കുറഞ്ഞ കാമുകന്മാരോടൊത്ത് സ്ത്രീകള്‍ പോകുന്നതൊക്കെ ഇന്ന് സര്‍വ്വസാധാരാണമാണ്. എന്നാല്‍ അതൊക്കെ വാര്‍ത്തയാകുന്നത് വെറും പൈങ്കിളി വികാരങ്ങളാല്‍ സംഭവിക്കുന്ന തീരുമാനങ്ങള്‍ കൊണ്ടാണ്. ഇവിടെ തന്നെത്തന്നെ  കഥാപാത്രമായും കൗതുകത്തോടെയും കാണുന്ന ഒരു കമലാസുരയ്യയുണ്ട്. ആ ആമിയെ, മാധവിക്കുട്ടിയെ, കമലാദാസിനെ പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുക്കാന്‍ ആമി സിനിമയ്ക്ക് പറ്റിയില്ല. ഒരു നെടിയ കിനാവുപോലെ ജീവിതത്തെ കണ്ട് ജീവിച്ചു അവര്‍. ജീവിതം ഒരു നെടിയ കിനാവു മാത്രമാണ്. അതറിയാത്തവര്‍ ജീവിതത്തെ യാഥാര്‍ത്ഥ്യമായി കാണുന്നു. അവിടെ നിന്നുകൊണ്ടവര്‍ പറയുന്നു മാധവിക്കുട്ടിക്ക് ഫാന്റസിയും റിയാലിറ്റിയും തിരിച്ചറിയാന്‍ കഴിയാത്ത തലത്തിലൂടെയാണ് അവര്‍ ജീവിച്ചതെന്ന്. ആ സമൂഹമധ്യത്തില്‍ നിന്നുകൊണ്ടല്ല മറിച്ച് മാധവിക്കുട്ടിയോട് ചേര്‍ന്ന് നിന്ന്, അവരുടെ മൂക്കുത്തിയിലൂടെ പ്രസരിച്ച പ്രസരണത്തെ അറിഞ്ഞാല്‍ മാത്രമേ കമലാ സുരയ്യയെന്ന അപൂര്‍വ്വ സര്‍ഗ്ഗപ്രതിഭയുടെ സര്‍ഗ്ഗചൈതന്യത്തെ തൊടാന്‍ കഴിയുകയുളളൂ.
       

 

കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന വിധവും അതിന്റെ അന്തരീക്ഷ സൃഷ്ടിയിലുമെല്ലാം കമല്‍ വിജയിച്ചിട്ടുണ്ട്. മഞ്ജു വാര്യരേക്കാള്‍ മാധവിക്കുട്ടിയെ പ്രകടിപ്പിക്കാന്‍ കഴിഞ്ഞത് കമലയുടെ കൗമാരം അവതരിപ്പിച്ച നീലാഞ്ചനയ്ക്കാണ്. പ്രപഞ്ചവികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തന്റെ ശരീരം പര്യാപ്തമല്ലെന്ന തോന്നല്‍ ആ കുട്ടിക്ക് കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു.  ഒരുപക്ഷേ ആ കുട്ടിയുടെ പ്രായം കൂടി അവതരണത്തിന് കൂട്ടായിട്ടുണ്ടാകാം. എന്നിരുന്നാലും ശ്ലാഘനീയമായ രീതിയില്‍ ആ ഭാഗം ആ നീലാഞ്ചനയില്‍ ഭദ്രമായിരുന്നു.  മഞ്ജു വാര്യര്‍ക്ക് മാധവിക്കുട്ടിയുടെ അവസാന കാലത്തോടു മാത്രമാണ് നന്നായി നീതി പുലര്‍ത്താന്‍ കഴിഞ്ഞത്.  മഞ്ജു വാര്യര്‍ അസാധ്യ അഭിനയശേഷിയുള്ള നടിയാണ്. എന്നാല്‍ അവര്‍ മിമിക്രി കലയില്‍ അത്ര പ്രഗത്ഭയല്ലെന്നു തോന്നുന്നു. മാധവിക്കുട്ടിയുടെ ഭ്രമാത്മകസ്വഭാവത്തിന് ഒരു സംഗീതമുണ്ടായിരുന്നു. അവരുടെ സംഭാഷണത്തിലും ചിരിയിലുമൊക്കെ എപ്പോഴും നിഴലിച്ചിരുന്ന മോഹന രാഗം. ആ രാഗം മഞ്ജു വാര്യര്‍ക്ക് കൊണ്ടുവരാന്‍ കഴിയാതെ പോയത് ഒരു പക്ഷേ മാധവിക്കുട്ടിയെ അനുകരിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായിരിക്കാം. ജീവിതത്തില്‍ ആദ്യമായാണ് സംസാരിക്കുന്നതെന്നു തോന്നുന്ന പോലുള്ള കൗതുകമായിരുന്നു അവരുടെ സംഭാഷണത്തിന്. മഞ്ജു വാര്യര്‍ നല്‍കിയ സംഭാഷണത്തിന് ഒരു ഇഴച്ചിലുണ്ടായിരുന്നു. ആ ഇഴച്ചിലിലാണ് ചിലപ്പോള്‍ കൊഞ്ചി സംസാരിക്കുകയാണോ എന്നു പോലും തോന്നിക്കുന്ന വിധം മാധവിക്കുട്ടിയുടെ സംഭാഷണത്തിലെ ആത്മാവ് നഷ്ടമായത്. മാത്രവുമല്ല, മാധവിക്കുട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത അടുത്ത നിമിഷം അവര്‍ എന്താണ് പറയുന്നതെന്ന് അവര്‍ക്കുമറിയില്ല ആര്‍ക്കും മുന്‍കൂട്ടി നിശ്ചയിക്കാനും പറ്റില്ല. അപ്രവചിതത്വം. അതായിരുന്നു അവരുടെ അനുനിമിഷപ്രതിഭാസ്ഫുരണം. അത് അവതരിപ്പിക്കണമെങ്കില്‍ തിരക്കഥയുടെ പിന്തുണ കൂടി വേണം. എന്നാലും കമലാസുരയ്യയാതിന് ശേഷവും അവസാനഭാഗവും മേക്കപ്പിന്റെ സഹായത്തോടെ  മഞ്ജു ഗംഭീരമാക്കി.
        

 

സിനിമയിലെ കാലസൃഷ്ടിയിലും കമല്‍ വിജയിച്ചിട്ടുണ്ട്. കുറച്ചു നേരം മാത്രമേ രണ്‍ജി പണിക്കര്‍ അതില്‍ വരുന്നുള്ളുവെങ്കിലും 'എന്റെ കഥ' സമൂഹത്തിലേക്ക് വിന്യസിച്ച മാധവിക്കുട്ടിയെക്കുറിച്ചുളള ധാരണയുടെ ജീവല്‍രൂപം എന്താണെന്നും, എന്റെ കഥയും മാധവിക്കുട്ടിയും തമ്മിലുള്ള ബന്ധം എത്രവരെയെന്നും പ്രകടമാക്കുന്നതില്‍ രണ്‍ജിയുടെ ഏതാനും നിമിഷത്തെ അഭിനയം നിര്‍ണ്ണായകമായി. വി.എം.നായുടെ കഥാപാത്രം അല്‍പ്പം പാളിയെങ്കിലും മാധവദാസിന്റെ കഥാപാത്രത്തെ മരുളി ഗോപി ഗംഭീരമാക്കി. റഫീക് അഹമ്മദിന്റെ വരികള്‍ ബിജിബാല്‍, തൗഫീക് ഖുറേഷി എന്നിവരുടെ സംഗീതം എന്നിവ കേമമല്ലെങ്കിലും ശരാശരിയേക്കാള്‍ നിലവാരം പുലര്‍ത്തി.