കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നേരിട്ട് പണം എത്തിക്കുന്ന പാക്കേജാണ് രാജ്യത്തിന് ആവശ്യമെന്നും ഇപ്പോഴത്തെ സാമ്പത്തിക പാക്കേജ് അപര്യാപ്തമാണെന്നും രാഹുല്‍ ഗാന്ധി. കൈയ്യില്‍ പണം ഇല്ലാത്തതാണ് ജനങ്ങളുടെ ഇപ്പോഴത്തെ പ്രശ്‌നമെന്നും അതിനാല്‍ അവരുടെ കയ്യില്‍ നേരിട്ട് പണം എത്തിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴി മാധ്യമങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
വായ്പാ പാക്കേജ് എന്നാണ് സര്‍ക്കാരിന്റെ 20ലക്ഷം കോടിയുടെ പാക്കേജിനെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി ഈ പാക്കേജ് നിര്‍ബന്ധമായും പുനഃപരിശോധിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കുടിയേറ്റ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടത് വായ്പ അല്ല എന്നും അവര്‍ക്ക് വേണ്ടത് നല്‍കിയില്ല എങ്കില്‍ മഹാദുരന്തമാകും അഭിമുഖീകരിക്കേണ്ടി വരിക എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാഷ്ട്രീയത്തിന് അതീതമാണ് തന്റെ പ്രതികരണം എന്ന് കൂട്ടിച്ചേര്‍ത്ത രാഹുല്‍ ഗാന്ധി കേരളത്തിന്റെ കൊറോണയ്‌ക്കെതിരായ പോരാട്ടം ഓരോ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും പറഞ്ഞു.

