രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടിയുമായി ഒരു കുടുംബം ദങ്കലിന്റെ സെക്കൻഡ് ഷോയ്ക്കു പോയി. രണ്ടാം ക്ലാസ്സുകാരൻ ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കൊള്ളട്ടെ എന്ന ഉദ്ദേശ്യമായിരുന്നു അവർക്ക്. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ രണ്ടാം ക്ലാസ്സുകാരൻ പറയുന്നു, തനിക്ക് വീണ്ടും ദങ്കൽ കാണണമെന്ന്. അവർ ആവേശ പൂർവ്വം വീണ്ടും കാണിക്കാമെന്നേറ്റു. കാരണം അവർക്കും അതു രണ്ടാമത് കാണണം. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ചിത്രമാണ് ആമിർ ഖാന്റെ ദങ്കൽ. ഒരു സിനിമയുടെ സാധ്യതകളെ, സിനിമയോട് എങ്ങനെ നീതി പുലർത്തണമെന്ന്‍, അതേസമയം ഒരു വ്യവസായം എന്ന നിലയിൽ ലാഭമുണ്ടാക്കണമെന്നും ഒക്കെ ദങ്കൽ കാണിച്ചുതരുന്നു. ഏതു വൃത്തികേടുകളും സിനിമയിൽ കാട്ടിക്കൂട്ടുന്നത് കച്ചവടത്തിന്റെ പേരിലാണ്. എന്നാൽ ഏതു തൊഴിലും നന്നായി ചെയ്താൽ മെച്ചമുണ്ടാകുന്നതു പോലെ സിനിമയും നന്നായി ചെയ്താൽ ലാഭമുണ്ടാകുമെന്നും ദങ്കൽ ഓർമ്മിപ്പിക്കുന്നു.
ഏതെല്ലാം തലത്തിലാണ് ദങ്കൽ പ്രേക്ഷകരിലേക്ക് പ്രവേശിക്കുന്നതെന്ന് സിനിമ കണ്ടിറങ്ങുന്നവരുടെ ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളിലൂടെയാണ് വെളിവാകുന്നത്. സിനിമ കാണുന്ന രണ്ടാം ക്ലാസ്സുകാരൻ മുതൽ ഏതു പ്രായക്കാരുടേയും ഉള്ളില്‍ ഒരേപോലെ ആസ്വാദ്യതയും, അതോടൊപ്പം അറിയാതെ സാമൂഹ്യ നിക്ഷേപങ്ങൾ സംഭവിക്കുന്നതും അറിയാൻ കഴിയുന്നു. ഒരു നടൻ എന്ന നിലയിൽ മലയാളത്തിലെ മോഹൻ ലാലിനോട് തട്ടിച്ചു നോക്കിയാൽ ആമിർ ഖാൻ വെറും ശരാശരി മാത്രമേ ആകുന്നുള്ളു. എന്നാൽ ഒന്നര ദശാബ്ദത്തിലേറെയായി, അതായത് ലഗാൻ മുതൽ, ആമിർ ഖാൻ ഇന്ത്യൻ സിനിമയ്ക്കും ലോകസിനിമയ്ക്കും നൽകുന്ന സംഭാവന വളരെ വലതും വിലമതിക്കാനാവാത്തതുമാണ്. തീർച്ചയായും അശുതോഷ് ഗവാരിക്കറേയും രാജ്കുമാർ ഹിറാനിയേയും നിതേഷ് തിവാരിയേയും പോലുള്ള സംവിധായകരെ കുറച്ചുകാണുകയല്ല. അവരുടെ കഴിവിനെ പ്രയോജനപ്പെടുത്തിക്കൊണ്ട് ആമിർ ഖാൻ എടുക്കുന്ന നേതൃത്വപരമായ ധൈര്യവും ക്ഷമയും പരിശ്രമവും മൂലമാണ് ലഗാൻ, ത്രീ ഇഡിയറ്റ്‌സ്, പി.കെ, താരേ സമീൻ പർ, ദങ്കൽ എന്നതുപോലുള്ള സിനിമകൾ സംഭവിക്കുന്നത്.
ഒറ്റ നോട്ടത്തിൽ മഹാവീർ സിംഗ് ഫോഗട്ട് എന്ന ഒരു ഗുസ്തിക്കാരന്റെ കഥയാണ് ദങ്കൽ. പ്രാരാബ്ധം നിമിത്തം അദ്ദേഹത്തിന് രാജ്യത്തിനു വേണ്ടി സ്വർണ്ണ മെഡൽ എന്ന ലക്ഷ്യം നേടാനാകാതെ ഗുസ്തി ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ തന്റെ മകനെ ഗുസ്തി ചാമ്പ്യനാക്കുമെന്ന് അദ്ദേഹം ദൃഢനിശ്ചയമെടുക്കുന്നു. പക്ഷേ അദ്ദേഹത്തിന് പിറന്ന നാലു കുട്ടികളും പെൺമക്കൾ. തന്റെ നഷ്ടസ്വപ്‌നം അദ്ദേഹത്തെ നിതാന്ത വിഷാദത്തിലാക്കുന്നു. അങ്ങനെയിരിക്കെ ഒരു നാൾ തങ്ങളെ ചീത്ത പറഞ്ഞതിന്റെ പേരിൽ മൂത്തയാളും തൊട്ടുതാഴെയുള്ളയാളും, ഗീതയും ബബിതയും, രണ്ട് ആൺകുട്ടികളെ ഇടിച്ച് സൂപ്പാക്കി. അവരുടെ രക്ഷിതാക്കൾ പരാതിയുമായി മഹാവീറിന്റെ വീട്ടിലെത്തുന്നു. അവരുടെ രക്ഷിതാക്കളോട് മാപ്പിരന്ന് അ്‌ദ്ദേഹം അവരെ യാത്രയാക്കുന്നു. സാധാരണ രക്ഷിതാക്കൾ ചെയ്യുന്നതു പോലെ ആൺകുട്ടികളുമായി തല്ലുകൂടിയതിന് മഹാവീർ അവരെ ശാസിക്കുകയോ ഉപദ്രവിക്കുകയോ അല്ല ചെയ്തത്. ആ ആൺകുട്ടികളെ കൈകാര്യം ചെയ്ത രീതി മനസ്സിലാക്കി അവരുടെ രക്തത്തിൽ ഉളള ഗുസ്തിയുടെ പിറക്കാനുള്ള മോഹം അദ്ദേഹം തിരിച്ചറിയുകയായിരുന്നു. ഇതൊക്കെ വർത്തമാനകാലത്തിൽ തങ്ങളുടെ കുട്ടികളെ രക്ഷിതാക്കളുടെ സാമൂഹ്യസ്വപ്‌നങ്ങൾക്കനുസൃതമായി വാർത്തെടുക്കാൻ ശ്രമിക്കുന്നതിന്റ പശ്ചാത്തലത്തിൽ വളരെയധികം പ്രസക്തമാകുന്നു. അത് സർഗ്ഗാത്മകമായി അവതരിപ്പിച്ചപ്പോഴാണ് ആ വിജയം സംഭവിക്കുന്നത്.
പിന്നീട് അച്ഛൻ എന്ന പദവിയെ പിന്നിലാക്കിക്കൊണ്ട് വിട്ടുവീഴ്ചയില്ലാത്ത കോച്ചായി അവരെ ഗുസ്തിക്കാരാക്കി പരിവർത്തനം ചെയ്യുന്നു. ഇങ്ങനെയാണ് കഥ നീണ്ടു പോകുന്നത്. എന്തിലാണോ നൂറു ശതമാനം ശ്രദ്ധയർപ്പിക്കുന്നത് അപ്പോൾ സ്വപ്‌നം എത്ര ഉയരത്തിലുള്ളതായാലും അകലെയല്ല എന്നും ഈ സിനിമ വളരെ മനോഹരമായി ഓർമ്മിപ്പിക്കുന്നു. കൗമാരത്തിന്റെ കൗതുകങ്ങളിലേക്കു പോലും ആ പെൺകുട്ടികളുടെ മനസ്സ് പോകാതെ കോച്ചായ അച്ഛന്‍ ശ്രദ്ധ പുലർത്തുന്നു. അവിടെ വൈകാരികതകൾക്ക് തെല്ലും സ്ഥാനമില്ല. മഹാവീറിന്റെ ഗ്രാമത്തിൽ പെൺകുട്ടികളുടെ വർത്തമാനവും ഭാവിയുമെല്ലാം തിട്ടപ്പെടുത്തിയിട്ടുള്ളതാണ്. കളിപ്രായം കഴിയുമ്പോൾ തന്നെ വീട്ടുജോലി പഠിപ്പിക്കുന്നു. പതിനാലു വയസ്സാകുമ്പോൾ കല്യാണം കഴിച്ചയയ്ക്കുന്നു. പിന്നീട് കുട്ടികളെ പ്രസവിച്ചും അവരെ വളർത്തിയും വീട്ടുജോലി ചെയ്തും ജീവിതം കഴിക്കുന്നു. ആ മാമൂലുകൾക്കെതിരെയുള്ള ഒറ്റയാൾ പോരാട്ടമാണ് ആമിറിന്റെ കഥാപാത്രം ചെയ്യുന്നത്. ആ എതിർപ്പ് സ്വന്തം ഭാര്യയിൽ നിന്നുമാണ് ആദ്യം നേരിടുന്നത്. ഗുസ്തിക്കാരായ പെൺമക്കളെ ആര് വിവാഹം കഴിക്കാൻ വരുമെന്ന ചോദ്യത്തിന് അച്ഛൻ കഥാപാത്രത്തിന്റെ മറുപടിയുണ്ട്, 'അവരെ ആരും ഇങ്ങോട്ടു വന്ന് ഇഷ്ടപ്പെടേണ്ട, ആരെ കല്യാണം കഴിക്കണമെന്ന് അവർ തെരഞ്ഞെടുക്കും' എന്നായിരുന്നു. കേരളത്തിൽ ഒരുപക്ഷേ സിനിമയിലെ ഈ മുഹൂർത്തം നല്ലൊരു മുഹൂർത്തം എന്നു മാത്രമേ തോന്നുകയുള്ളു. എന്നാൽ ഉത്തരേന്ത്യൻ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഇത് ചിലരുടെയെങ്കിലും ജീവിതത്തെ മാറ്റിക്കുറിക്കുന്നതിന് കാരണമാകുമെന്നുള്ളത് തീർച്ചയാണ്.
ഉറച്ചു പോയെ എല്ലാ മാമൂലുകളേയും ഭേദിക്കുന്നു ദങ്കൽ. അതോടൊപ്പം വർത്തമാനകാല കമ്പോളം മെനഞ്ഞുവിടുന്ന സംസ്‌കാരത്തിന്റെ സ്വാധീനങ്ങൾക്കെതിരെയുള്ള നിശബ്ദവും എന്നാൽ ഒന്നിനും എതിര് നിൽക്കാതെയുമുള്ള സർഗ്ഗാത്മകമായ പ്രതികരണവുമായി ഈ സിനിമ നീങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ മാനേജ്‌മെന്റ് സ്‌കൂളുകൾ വരെ വാർപ്പ് മാതൃകകളിലൂടെ ലാഭവർധന തന്ത്രങ്ങളിൽ പരിശീലിപ്പിച്ചാണ് ഏറ്റവും സമർഥരായ കുട്ടികളെ സമൂഹത്തിലേക്ക് ഇറക്കിവിടുന്നത്. സംസ്ഥാന തല ചാമ്പ്യനായ ഗീത നാഷണൽ സ്‌പോർട്‌സ് അക്കാദമിയിലേക്ക് പോകുന്നു. അവിടെ വച്ച് അവൾ യൗവ്വനത്തിന്റെ മാടിവിളിക്കൽ കൗതുകങ്ങൾക്ക് വശംവദയാകുകയും ഗുസ്തിയുടെ സൂക്ഷ്മാംശങ്ങളിലൂടെയല്ലാതെയുളള തന്ത്രപ്രയോഗത്തിൽ പരിശീലിപ്പിക്കപ്പെടുകയും അതാണ് ശരിയെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അതു മനസ്സിലാക്കിയ അച്ഛൻ ഗീതയുമായി തർക്കത്തിനോ അതിൽ നിന്ന് പിന്തിരിപ്പിക്കാനോ മുതിരുന്നില്ല. ക്രമേണ അന്താരാഷ്ട്ര വേദികളിൽ തോൽവി ഏറ്റുവാങ്ങുമ്പോൾ അവൾ യാഥാർഥ്യം തിരിച്ചറിയുകയും അച്ഛനിലേക്കടുക്കുകയും ചെയ്യുന്നു. അപ്പോഴാണ് അച്ഛനും കോച്ചും ഒരേ തൂക്കത്തിൽ ആ കഥാപാത്രത്തിൽ പ്രവർത്തിക്കുന്നത്. സ്‌നേഹത്തിന്റെ ഊർജ്ജം കടത്തിവിട്ട് ഏതു തടസ്സങ്ങൾ വരുമ്പോഴും അപ്പോൾ തുറക്കപ്പെടുന്ന വാതിലുകൾ അനായാസം തുറന്നുകൊണ്ട് അക്കാദമിയിൽ തുടരവേ തന്നെ വ്യവസ്ഥാപിത അക്കാദമി പരിശീലനത്തിൽ നിന്ന് അവളെ മോചിപ്പിച്ച് വീണ്ടും റിങ്ങിൽ വിജയം കൊയ്യിക്കുന്നു.
ഗീതയിൽ ആക്രമണോത്സുക ഊര്‍ജ്ജമാണ് മുന്നിട്ടു നിൽക്കുന്നത്. പുലിയെപ്പോലെ. മഹാവീർ അക്കാദമി കോച്ചിനോട് പറയുന്ന രംഗമുണ്ട്. പുലിയായ അവളെ ആനയാക്കി മാറ്റാൻ ശ്രമിച്ചതിനെ കുറിച്ച്. ഒടുവിൽ അവൾ പുലിയും ആനയുമല്ലാതെയായി മാറി. അവൾ അന്താരാഷ്ട്ര വേദികളിൽ നേരിട്ട പരാജയത്തിന്റെ കാരണമതായിരുന്നു. ഇന്ന് വിദ്യാർഥികൾ നേരിടുന്ന മുഖ്യ പ്രശ്‌നവുമാണിത്. തങ്ങളുടെ വാസന എന്തെന്ന് കണ്ടെത്താതെ അടിച്ചേൽപ്പിക്കുന്ന വിഷയങ്ങൾ പഠിച്ച് ജീവിതത്തെ ദുർഘടമാക്കുന്നു. അവർ പിന്നീട് ആത്മനിന്ദയിൽ അഴിമതിക്കാരും കുടുംബത്തിനും സമൂഹത്തിനും കൊള്ളരുതാത്തവരുമായി മാറുന്നു. അവരുടെ താളം തെറ്റിയ ജിവിതത്തിൽ നിന്ന് അവരുടെ സന്തതികളിലൂടെ അവതാളമല്ലാതെ മറ്റെന്തുണ്ടാകാൻ എന്നതിനെക്കുറിച്ചും ഈ ചിത്രം ആലോചിപ്പിക്കുന്നു. അക്രമോത്സുകതയെ ശ്രദ്ധിക്കാതെ വിട്ടാൽ അത് വിപരീതാത്മകതയിൽ കലാശിക്കും. എന്നാൽ ശ്രദ്ധിച്ചാൽ അതു സർഗ്ഗാത്മകമാകുന്നിടത്താണ് സ്പോർട്‌സിന്റെ പ്രസക്തി വരുന്നതെന്നുള്ളത് സാമൂഹ്യശാസ്ത്രപരമായി ശ്രദ്ധയാകർഷിക്കുന്നു.
കോമൺവെൽത്ത് ഗെയിംസിന്റെ ഫൈനലിൽ അക്കാദമി കോച്ചിന്റെ സ്വാർഥതയും പകയും നിമിത്തം ഗീതയെ പരാജയപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മഹാവീറിനെ സ്‌റ്റേഡിയത്തിനോട് ചേർന്ന മുറിയിൽ തന്ത്രപരമായി പൂട്ടിയിടുന്നു. റിങ്ങിൽ ഗുസ്തി പിടിക്കുന്ന ഗീത ഓരോ ചലനത്തിലും ഗ്യാലറിയില്‍ അച്ഛനെ പരതുന്നു. അവൾക്ക് നീക്കങ്ങൾ പിഴയ്ക്കുന്നു. ഒടുവിൽ അവസാനത്തെ അവസരം വരുമ്പോൾ അവളെ കുഞ്ഞുന്നാളിൽ കുളത്തിലേക്ക് എറിഞ്ഞിട്ട് കരയിൽ നിന്നു വിളിച്ചു പറയുന്ന അച്ഛന്റെ വാക്കുകൾ അവളുടെ നാഭിയിൽ നിന്നുയർന്നു വരുന്നതുപോലെ അടിത്തട്ടിൽ നിന്നു പൊന്തി വരുന്നു. 'എന്നും ഞാൻ നിന്റെ രക്ഷയ്ക്കുണ്ടാവില്ല' എന്ന ഓർമ്മിപ്പിക്കൽ. അതോടെ അച്ഛനിൽ നിന്നു തന്നെ ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് ഗ്യാലറിയിലേക്കു നോക്കാതെ ഗുസ്തിയിലേക്കു മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുന്നു. ഇവിടെ സിനിമ ഒരു നിമിഷം കൊണ്ട് ആദ്ധ്യാത്മിക തലത്തിലേക്കും ഉയരുന്നു. അവൾക്ക് നീക്കങ്ങൾ പിഴച്ചത് അച്ഛനെ ഗ്യാലറിയിൽ തേടുന്നതിലൂടെ നഷ്ടമായ ശ്രദ്ധയിലൂടെയാണ്. കളിയേക്കാൾ ഉപരി അച്ഛനോടുള്ള മമത. എന്തിലാണോ ഏർപ്പെട്ടിരിക്കുന്നത് അതിൽ പൂർണ്ണമായും ഏർപ്പെട്ടുകൊണ്ട് എല്ലാത്തിൽ നിന്നും മുക്തമായി കളിക്കുക. അച്ഛനുമായി മമത വിട്ട നിമിഷം അവൾ കളിക്കളത്തിൽ കളിക്കാരിയായി മാറുന്നു. ഇതു തന്നെയാണ് ഭഗവത് ഗീതയിൽ പതിനെട്ടദ്ധ്യായത്തിലൂടെ ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നത്. മമത വിടുമ്പോൾ മാത്രമേ വിജയം സംഭവിക്കുകയുള്ളു. ഒപ്പം അച്ഛന്റെ സ്വപ്നങ്ങളും.
ഇങ്ങനെ അനേകമനേകം മാനങ്ങളിലേക്ക് ഈ സിനിമ കൊണ്ടു പോകുന്നു. ഭഗവത് ഗീതയിൽ യുദ്ധത്തിലൂടെ അഹിംസയുടെ സിദ്ധാന്തം പകരുന്നതു പോലെ ദങ്കലിൽ കാഴ്ചയിൽ മാത്രമേ ഗുസ്തിയുള്ളു. ഗുസ്തിക്കാരനായ മഹാവീർ ഒന്നുമായിട്ടും ഗുസ്തി പിടിക്കുന്നില്ല. അയാൾ സർഗ്ഗാത്മകതയിൽ മാത്രം അഭയം കണ്ടെത്തുന്നു. ശ്രദ്ധയാണ് വർത്തമാനമെന്നും വർത്തമാനം കൈമോശം വരാതിരുന്നാൽ എന്തു നേടാനും ഗുസ്തി പിടിക്കേണ്ടതില്ലെന്നും ദങ്കൽ പറയാതെ പറഞ്ഞു വയ്ക്കുന്നുണ്ട്.
വെറും ഏതാനും മിനിട്ടുകൾ മാത്രം നീണ്ടു നിൽക്കുന്ന രംഗങ്ങളിൽ മാത്രമാണ് ആമിർ ഖാൻ സിക്‌സ് പാക്കുമായി ചെറുപ്പക്കാരനായ ഗുസ്തിക്കാരനായി പ്രത്യക്ഷപ്പെടുന്നത്. ബാക്കിയെല്ലാം ഗുസ്തിയിൽ നിന്നു വിരമിച്ച ഗുസ്തിക്കാരന്റെ വീർത്ത തടിയുമായാണ് അദ്ദേഹം സാന്നിദ്ധ്യമറിയിക്കുന്നത്. സിനിമയ്ക്കു വേണ്ടി അദ്ദേഹം എടുത്ത തയ്യാറെടുപ്പ് ശ്ലാഘിക്കാതെ നിവൃത്തിയില്ല. നായികാ കേന്ദ്രീകൃതമായ ചിത്രമെന്നു വേണമെങ്കിൽ ദങ്കലിനെ പറയാം. ഗീതയായി അഭിനയിച്ച് ഫാത്തിമ സന ഷെയ്ഖിന്റെ പ്രകടനം അവരിലേക്ക് അടുപ്പിക്കാൻ പോകുന്ന പുരസ്‌കാരങ്ങൾ എത്രയെന്ന് കണ്ടറിയാം. അത്രയ്ക്ക് ഗംഭീരമെന്നേ പറയാൻ കഴിയൂ. ഒരു പ്രൊഫഷണൽ ഗുസ്തിക്കാരിയെപ്പോലെ, അതിസൂക്ഷ്മ ഷോട്ടുകളിലൂടെ അവരുടെ പ്രകടനം സിനിമയുടെ വിജയത്തിൽ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ഗുസ്തിക്കാരിയുടെ പ്രകടനത്തൊടപ്പം ഭാവപ്പകർച്ചയിലും അവർ വിജയിച്ചു. അതുപോലെ ബബിതയായി അഭിനയിച്ച് സാന്യ മല്‍ഹോത്രയും തന്മയത്വമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഒരു ചെറു അംശം പോലും ഗൃഹപാഠത്തിന്റെ പൂർണ്ണതയിൽ നിന്ന് അന്യമായിരുന്നില്ല.
ആമിർ ഖാന്റെ സംഭാവനകൾ കാണുമ്പോഴാണ് മലയാളത്തിലെ മോഹൻ ലാലൊക്കെ വിചാരിച്ചാൽ സംഭവിക്കാവുന്ന മഹാത്ഭുതങ്ങളുടെ സാധ്യത വെളിവാകുന്നത്. അദ്ദേഹം മുൻകൈയ്യെടുക്കുന്ന പക്ഷം മികച്ച തിരക്കഥയൊരുങ്ങാൻ പ്രയാസമില്ല. ഒപ്പം ധനം മുടക്കാനും ആളുകള്‍ തയ്യാറാകും. കഥാപാത്രത്തിനു വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്നതിലും മോഹൻ ലാൽ ഒട്ടും പിന്നിലല്ല. പക്ഷേ, അതൊക്കെ ഭാവിയിൽ പേരിന് ദോഷമുണ്ടാകുന്ന വിധമുള്ള അറുബോറൻ പുലിമുരുകന്‍ പോലുള്ള സംരംഭങ്ങൾക്കു വേണ്ടി പാഴാക്കിക്കളയുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നിവരിൽ നിന്നൊക്കെ കേരളം ഇന്നും ഒരു പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. അവരും ദങ്കലൊക്കെ കാണുന്നുണ്ടാകുമെന്നു കരുതാം. എന്തായാലും ആമിർ ഖാനെ സല്യൂട്ട് ചെയ്യാതിരിക്കാൻ നിവൃത്തിയില്ല. മനുഷ്യന്റെ ഉന്നമന ലക്ഷ്യത്തോടെയുള്ള പ്രവൃത്തിയുടെ വികസിത രൂപമാണ് യഥാർഥ ദേശസ്‌നേഹമെന്നത്. ആ നിലയിൽ ഉദാത്തമായ ദേശസ്‌നേഹ ചിത്രം തന്നെയാണ് ദങ്കൽ. ഈ സിനിമ രാജ്യത്തിന്റെ സംസ്‌കാരത്തെ സർഗ്ഗാത്മകമായി അത്രയ്ക്ക് സ്വാധീനിക്കുമെന്നതിൽ സംശയമില്ല.