Skip to main content

source

ഏഷ്യാനെറ്റ് ന്യൂസിൽ 2017 ജനുവരി 11-ലെ രാത്രി എട്ടുമണി ചർച്ച സ്വാശയ കോളേജ് അധികൃതരുടെ പീഡനങ്ങളെ കുറിച്ചായിരുന്നു. ചർച്ച നയിക്കുന്നത് ആങ്കർ വിനു വി. ജോൺ. സി.പി.ഐ.എമ്മിനെ പ്രതിനിധീകരിച്ച് മുഹമ്മദ് റിയാസ്. പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർഥിയായ ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ചർച്ച. കോളേജധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പീഡനത്തെ തുടർന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്യാൻ ഇടയായതെന്നുള്ള ആരോപണമാണ് പ്രധാന ചര്‍ച്ചാവിഷയം.  എന്തിനെയെങ്കിലും ചോദ്യം ചെയ്യാൻ തയ്യാറാകുന്ന വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്നതിന് ‘ഇടിമുറി’കൾ, ലേഡീസ് ഹോസ്റ്റലിൽ രാത്രിയിൽ ചെയർമാന്റെയും മാനേജർമാരുടേയുമൊക്കെ പരിശോധന, അപ്പോൾ വിദ്യാർഥിനികൾ മാറ് മറയ്ക്കാൻ പാടില്ലെന്നുള്ള നിർദ്ദേശം, എന്തിനും ഏതിനും പിഴ തുടങ്ങിയ പീഡന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. രക്ഷിതാക്കൾ തങ്ങളുടെ നേരിട്ടുള്ള അനുഭവങ്ങളും വിവരിക്കുന്നു.

 

വിദ്യാർഥി സംഘടനകൾ നെഹ്റു കോളേജിന്റെ ചില്ലുകൾ തല്ലിപ്പൊട്ടിച്ചതിനു ശേഷമാണ് ഈ വിഷയം മാദ്ധ്യമങ്ങൾ ഏറ്റെടുത്തതെന്നുള്ള ആക്ഷേപവും ചർച്ചയ്ക്കിടയിൽ കേൾക്കുന്നുണ്ട്. അതനുസരിച്ച് സ്വാശ്രയക്കാർക്കെതിരെയുള്ള വിനുവിന്റെ ഭർത്സനത്തിന്റെ കാഠിന്യവും വർധിക്കുന്നുണ്ടായിരുന്നു. നെഹ്റു കോളേജിൽ നടന്നതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു:

"തെമ്മാടിത്തരം ചെയ്‌താല്‍ ഇടിമുറിയല്ല, അതിന്റെയപ്പുറവും തകര്‍ക്കും. അതിന് വിദ്യാര്‍ഥികള്‍ക്ക് ശേഷിയുണ്ട്. എസ്.എഫ്.ഐ നല്ല ശേഷിയുള്ള സംഘടനയാണ്. അവര്‍ക്ക് അത്യാവശ്യം അതിന് എന്തെങ്കിലും സഹായം വേണമെങ്കില്‍ ഡി.വൈ.എഫ്.ഐയും നല്ല നിലയില്‍ ജനങ്ങളുടെ വികാരത്തെ തിരിച്ചറിഞ്ഞ് സഹായം നല്‍കും."

ഇത്രയും പറഞ്ഞതിനു ശേഷം ഒരർധവിരാമമെന്നോണം റിയാസ് ഒന്നു നോക്കി. അതിന്റെയർഥം നല്ലയൊരു അടി-ഇടി സേന തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു.

 

എസ്.എഫ്.ഐയും കെ.എസ്.യുവും നെഹ്റു കോളേജിൽ കാട്ടിയ അക്രമം എന്തിന്റെ പേരിലാണെങ്കിലും തികച്ചും സാമൂഹ്യ വിരുദ്ധ പ്രവർത്തനം തന്നെയായിരുന്നു. ഗുണ്ടാപ്രവർത്തന രീതിയും ഇതു തന്നെ. വാഷ്ബേസിനുകളും കണ്ണാടിച്ചില്ലുകളുമൊക്കെ തല്ലിപ്പൊട്ടിക്കുന്നത് പ്രകടമാക്കിയത് മനുഷ്യന്റെ വികൃതമുഖമാണ്. ഒരുതരം ഭ്രാന്താണ് പ്രകടമായത്. നെഹ്റു കോളേജിന് അതുകൊണ്ട് നഷ്ടം സംഭവിക്കില്ല. അതവർ അവസരമാക്കി അവിടുത്തെ കുട്ടികളിൽ നിന്ന് അതിന്റെ പല മടങ്ങ് ഈടാക്കും. ഇത്തരത്തിലുള്ള അപകടങ്ങളെ മുന്നിൽ കണ്ട് ഇതിനായി പ്രത്യേക കോഷന്‍ മണി പോലും ഏർപ്പെടുത്തിയെന്നിരിക്കും. ഇത്തരത്തിലുള്ള വിദ്യാർഥി രാഷ്ട്രീയം മൂലമാണ് കലാലയങ്ങളിൽ നിന്ന്‍ രാഷട്രീയത്തെ ഒഴിവാക്കണമെന്ന കാഴ്ചപ്പാടിന് പൊതുസമൂഹത്തിൽ അംഗീകാരം ലഭിച്ചതെന്ന് മറക്കരുത്.

 

കലാലയങ്ങളിൽ രാഷ്ട്രീയം അനുവദിക്കപ്പെടാത്തതാണ് ഇവ്വിധമുള്ള ഇടിമുറികളും പീഡനങ്ങളും സ്വാശ്രയ കോളേജുകളിൽ ഉണ്ടാവാൻ കാരണമെന്ന് ചർച്ചയിൽ പങ്കെടുത്ത റിയാസും കോൺഗ്രസ്സിന്റെ ടി. സിദ്ദിഖും ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ്.ഭരിക്കുന്ന കേരളത്തിൽ തങ്ങൾ നിയമം കൈയ്യിലെടുത്തുവെന്നും ഇനിയും എടുക്കുമെന്നാണ് റിയാസിന്റെ വാക്കുകളിലൂടെ പ്രകടമായത്. നെഹ്റു കോളേജിൽ നടന്ന അക്രമത്തെ ന്യായീകരിക്കുന്ന സ്വരത്തിലും ഭാവത്തിലുമായിരുന്നു വിനുവിന്റെ ചോദ്യങ്ങളും സ്വാശ്രയക്കാർക്കെതിരെയുള്ള ആക്രോശങ്ങളും.

 

നെഹ്റു കോളേജിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പലയിടങ്ങളിൽ നിന്നും പുറത്തു വന്ന വിവിധങ്ങളായ പീഡനത്തെ കണക്കിലെടുത്ത് സ്വാശ്രയ കോളേജുകളിൽ വിദ്യാർഥി രാഷ്ട്രീയം അനുവദിച്ചുകൊണ്ടുള്ള നിയമനിർമ്മാണത്തെ കുറിച്ച് സർക്കാർ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നെഹ്റു കോളേജിലെ അക്രമത്തിന്റെ പിറ്റേ ദിവസം എസ്.എഫ്.ഐക്കാരേക്കാൾ വലിയ രാഷ്ട്രീയക്കാർ തങ്ങളാണെന്ന് തെളിയിക്കാനെന്നവണ്ണം കെ.എസ്.യുക്കാർ കൊച്ചിയിൽ സ്വാശ്രയ കോളേജ് അസ്സോസിയേഷന്റെ ഓഫീസ് അടിച്ചു തകർത്തു. രാഷ്ട്രീയത്തിന്റെ പേരിൽ ഇവ്വിധമുള്ള ഭ്രാന്തിനെയാണ് കലാലയങ്ങളിലേക്ക് കടത്തിവിടാൻ പോകുന്നതെങ്കിൽ ഇടയ്ക്കും മുറയ്ക്കുമുണ്ടാകുന്ന വിദ്യാർഥി ആത്മഹത്യയ്ക്കു പകരം കലാലയങ്ങൾ കൊലപാതകക്കളങ്ങളായി മാറും. അതിന്റെ പേരിലായിരുന്നു രാഷ്ട്രീയം കലാലയത്തിനുള്ളിൽ പാടില്ലെന്നുള്ള അഭിപ്രായത്തിന് സ്വീകാര്യതയുണ്ടാകാൻ കാരണമെന്ന് വീണ്ടും ഓര്‍ക്കാം.

source

ശരിയായ കാഴ്ചപ്പാടിലാണെങ്കിൽ കലാലയങ്ങളിൽ രാഷ്ട്രീയം വളരെ അത്യാവശ്യമായ കാലഘട്ടമാണ് ഇപ്പോഴുള്ളത്. എന്നാല്‍, ഗുണ്ടാസംഘത്തെ പേടിക്കുന്നതു പോലെ മാനേജ്മെന്റുകൾ തങ്ങളെ പേടിച്ച് പീഡനങ്ങളിൽ നിന്ന് പിന്മാറുമെന്ന കാഴ്ചപ്പാടാണ് വിദ്യാർഥി സംഘടനാ നേതാക്കളിൽ നിന്നും റിയാസിനെ പോലുള്ള നേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

 

ജിഷ്ണുവിന്റെ അമ്മയുടെ വേദനയെ കുറിച്ച് റിയാസ് ചർച്ചയ്ക്കിടയിൽ പറയുകയുണ്ടായി. വളരെ ശരിയാണ്. ആത്മഹത്യയായാലും കൊലപാതകമായാലും മക്കൾ നഷ്ടപ്പെട്ട അമ്മമാരുടെ ദു:ഖം ഒന്നു തന്നെയായിരിക്കും. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയിട്ടുള്ളതിൽ നല്ലൊരു ശതമാനം ആൾക്കാർ വെട്ടും കൊല്ലും ഗുണ്ടായിസവുമൊക്കെ നടത്തിയിട്ടുള്ള പാരമ്പര്യമുള്ളവരാണ്. കള്ളക്കടത്തും മദ്യക്കച്ചവടവുമൊക്കെ നടത്തിയിരുന്നവർ. അവർ പുതുതലമുറയെ സമ്പൂർണ്ണ മനുഷ്യനാക്കി മാറ്റുക എന്ന വിദ്യാഭ്യാസത്തിന്റെ ഉദാത്ത ലക്ഷ്യം നിറവേറ്റാൻ വേണ്ടിയല്ല ഈ രംഗത്തെത്തിയത്. തങ്ങളുടെ പഴയ മേഖലയെക്കാൾ ലാഭവും നടത്തിപ്പിനുള്ള സുഗമ സ്വഭാവവുമാണ് അവരെ ഈ രംഗത്തേക്ക് ആകർഷിച്ചത്. ഏതു പ്രതികൂല സാഹചര്യത്തേയും മറികടന്ന് കുടുതൽ ശക്തിയോടെ മുന്നേറാനുള്ള നിക്ഷേപം അവർ മുൻകൂട്ടി തന്നെ നടത്തും. അതുകൊണ്ടാണ് ഏതു ഭരണം വന്നാലും അവർക്ക് രക്ഷകർ ഉണ്ടാകാൻ കാരണം.

 

നിലവിലെ സാഹചര്യത്തിൽ സ്വാശ്രയ കോളേജിൽ വിദ്യാർഥി രാഷ്ട്രീയം അനുവദിക്കപ്പെട്ടാൽ ഗുണ്ടാസംവിധാനം ഉള്ളതും ആ സംസ്കാരത്തിൽ നടത്തപ്പെടുന്നതുമായ മാനേജുമെന്റുകൾ അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും. കാരണം കുറഞ്ഞ നിരക്കിൽ (സബ്സിഡി) അവർ സദാസമയവും കോളേജിനുള്ളിൽ ഗുണ്ടാപ്രവർത്തനത്തിന് കുട്ടികളെ തന്നെ ഉപയോഗിക്കും. നെഹ്റു കോളേജിലും കൊച്ചിയിലും കണ്ട ദൃശ്യങ്ങൾ അതാണ് ഓർമ്മിപ്പിക്കുന്നത്. മാത്രവുമല്ല, വിദ്യാർഥി സംഘടനകളെ പരസ്പരം തമ്മിൽ തല്ലിച്ച് നിർത്തുന്നതിലും അവർ സാമർഥ്യം കാണിക്കും.

പീഡനങ്ങൾ യാഥാർഥ്യം; പരിഹാരം അനിവാര്യം

ഒരു വ്യക്തിയുടെ വ്യക്തിത്വ രൂപീകരണത്തിന്റെ ഏറ്റവും നിർണ്ണായക കാലമാണ് വിദ്യാർഥികളുടെ കലാലയ കാലം. ഈ കാലഘട്ടത്തിലാണ് ചില സ്വാശ്രയ കോളേജുകളിൽ വിദ്യാർഥികൾ ശാരീരികമായും വൈകാരികമായും സാമ്പത്തികമായും നിഷ്ഠൂരമായ പീഡനത്തിലൂടെ കടന്നുപോകുന്നത്. അവിടെ നിന്ന് പുറത്തിറങ്ങുന്നവർ സമൂഹത്തിലേക്കാണു വരുന്നത്. അതിനാൽ വിദ്യാർഥികൾ നേരിടുന്ന വ്യക്തിപരമായ പ്രശ്നം എന്നതിനൊപ്പം അടിയന്തര പ്രാധാന്യമുള്ള സാമൂഹ്യ വിഷയമായും ഇതിനെ കാണേണ്ടതുണ്ട്. അതിനുതകുന്ന വിധം നിലവിലുള്ള നിയമങ്ങളെ ശക്തമാക്കാനും പുതിയ നിയമങ്ങളും അതനുസരിച്ച് സംവിധാനങ്ങളും സൃഷ്ടിക്കാനും സർക്കാർ തയ്യാറാവേണ്ടതാണ്.

 

തങ്ങൾ നേരിടുന്ന പീഡനത്തെ കുറിച്ച് പരാതിപ്പെട്ടാൽ ആ വിദ്യാർഥിയുടെ ഭാവിയെ തകർക്കാൻ ഇന്ന് മാനേജ്മെൻറുകൾക്കു കഴിയും. അതൊഴിവാക്കാന്‍ പഴുതടച്ചു കൊണ്ടുള്ള സംവിധാനം കൊണ്ടുവരണം. രക്ഷാകർതൃ സംഘടനാ യോഗം കാലാകാലങ്ങളിൽ കൂടിയിട്ടും കാര്യമില്ല. ശബ്ദമുയർത്തുന്നത് ആരുടെ രക്ഷിതാവാണോ ആ വിദ്യാർഥി പീഡിപ്പിക്കപ്പെടും. അതിനാൽ പരാതി സമർപ്പിക്കുന്നതാരാണെന്ന് വ്യക്തമാകാത്ത വിധം പീഡന വിവരങ്ങൾ ശേഖരിക്കാനുള്ള സർക്കാർ നേതൃത്വത്തിലുള്ള സംവിധാനം വേണം. നിലവിലെ രാജേന്ദ്രബാബു കമ്മീഷൻ സക്രിയമായി ഇടപെടൽ നടത്തണം. നിശ്ചയിക്കപ്പെട്ട എല്ലാ ഫീസുകളും ഓൺലൈൻ പേയ്മെന്റ് സംവിധാനത്തിലാണ് എന്നുള്ളത് കർശനമാക്കണം. നോട്ട് നിരോധനത്തെ തുടർന്ന്‍ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ ആദായ നികുതി ഉദ്യോഗസ്ഥർ കേരളത്തിൽ പിടിച്ചെടുത്തതിൽ ഒന്ന് നെഹ്റു കോളേജിൽ നിന്നായിരുന്നു എന്നുള്ളതും ഓർക്കാവുന്നതാണ്.

 

അധ്യാപകരുടെ അക്കാദമിക-അധ്യാപനശേഷി ഉറപ്പു വരുത്തുന്നതിനും സാങ്കേതിക സർവ്വകലാശാലയുടെ ഭാഗത്തു നിന്നും കർശനമായ നടപടിയുണ്ടാകണം. മാനേജ്മെന്റുകളുടെ പൂർവ്വ ചരിത്രത്തിലേക്കു നോക്കിയാൽ കോളേജുകളുടെ പ്രവർത്തന സംസ്കാരത്തെ ഒരു പരിധി വരെ മനസ്സിലാക്കാൻ കഴിയും. കള്ളക്കടത്ത്-മദ്യ രംഗങ്ങളിൽ നിന്നുള്ളവർ നടത്തുന്ന സ്ഥാപനങ്ങളെ പ്രത്യേകം നിരീക്ഷിക്കേണ്ടതും ആവശ്യമാണ്.

 

കുട്ടികളുടെ സമഗ്ര വികാസത്തിന് ആവശ്യമായ പദ്ധതികളും പരിപാടികളും നിയമപരമായി ഉറപ്പാക്കണം. അക്കാദമിക നേട്ടത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്കും ഒപ്പം അത്തരം പരിപാടികളുടെ ഫലപ്രദമായ നടത്തിപ്പിന്റെയും തൽഫലമായി വിദ്യാർഥികളിലൂടെ പ്രകടമാകുന്ന മികവും കണക്കിലെടുത്ത് കോളേജുകൾക്ക് റേറ്റിംഗ് സമ്പ്രദായം കൊണ്ടുവരികയും അത് വളരെ പ്രാധാന്യം കിട്ടുന്ന വിധം പരസ്യപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

 

പീഡനം ഏറ്റുവാങ്ങാൻ തയ്യാറാകുന്ന സമൂഹം മാത്രമേ പീഡനത്തിനിരയാവുകയുള്ളു എന്ന ബോധം സമൂഹത്തിന് ഉണ്ടാകേണ്ടത് എല്ലാറ്റിനേക്കാളും ആവശ്യമാണ്.