Skip to main content

 

പതിനാലാമത് കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി എല്‍.ഡി.എഫ് അധികാരത്തില്‍ തിരിച്ചത്തി. മൂന്നര പതിറ്റാണ്ട് കൊണ്ട് സംസ്ഥാനം പരിചയിച്ച ഭരണമുന്നണിമാറ്റത്തിനൊപ്പം കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി നിയമസഭയില്‍ ഒരു സീറ്റ് നേടിയിരിക്കുന്നു എന്ന സവിശേഷതയാണ് ഈ തെരഞ്ഞെടുപ്പിനുള്ളത്. തിരുവനന്തപുരം ജില്ലയിലെ നേമത്ത് ഒ. രാജഗോപാലിന്റെ വിജയത്തിലൂടെ പാര്‍ട്ടി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരാജയ പരമ്പരയ്ക്ക് അന്ത്യം കുറിച്ചിരിക്കുകയാണ്.

 

ഏറെ പ്രതീക്ഷയോടെ ബി.ജെ.പി മത്സരിച്ച ഈ തെരഞ്ഞെടുപ്പില്‍ നേമത്തെ വിജയത്തിന് പുറമേ ഏഴു മണ്ഡലങ്ങളിലെ രണ്ടാം സ്ഥാനമാണ് പാര്‍ട്ടിയുടെ നേട്ടം. കാസര്‍ഗോഡ്‌ ജില്ലയിലെ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ കേവലം 89 വോട്ടിനാണ് പരാജയപ്പെട്ടത്. മഞ്ചേശ്വരത്തിന് പുറമേ കാസര്‍ഗോഡ്‌ മണ്ഡലം, പാലക്കാട്‌ ജില്ലയിലെ മലമ്പുഴ, പാലക്കാട്, കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാണ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയത്. ബി.ജെ.പിയും എസ്.എന്‍.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ബി.ഡി.ജെ.സും അടങ്ങുന്ന എന്‍.ഡി.എയ്ക്ക് ഏകദേശം 14-15 ശതമാനം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞുവെന്നാണ് ആദ്യ വിലയിരുത്തലില്‍ കാണുന്നത്. ഇത് സഖ്യം കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ നേടിയ അതേ വോട്ടുവിഹിതമാണ്. അതേസമയം, 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയത് 11 ശതമാനത്തില്‍ താഴെയും 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറു ശതമാനവും ആണെന്ന വസ്തുതയുമായി ചേര്‍ത്തുവായിക്കുമ്പോള്‍ എട്ടു ശതമാനത്തിലധികം ജനങ്ങളുടെ അധികപിന്തുണ ഏറെക്കുറെ സ്ഥിരമായി ആര്‍ജിക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിയുന്നു എന്ന് മനസിലാക്കാം.

 

യു.ഡി.എഫിന്റെ വോട്ടുവിഹിതത്തില്‍ സാധാരണ കാണുന്ന കുറവേ ഉള്ളൂവെങ്കിലും മുന്നണി നേടിയ 47 സീറ്റുകളില്‍ 27 സീറ്റുകള്‍ മലപ്പുറം, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ നിന്നും 25 സീറ്റുകള്‍ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് കക്ഷികള്‍ എന്നീ പാര്‍ട്ടികളും നേടിയതാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലേക്ക് യു.ഡി.എഫിന്റെ പിന്തുണ ചുരുങ്ങിയിരിക്കുന്നു. സംസ്ഥാനത്തുടനീളം 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 22 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. അതില്‍ത്തന്നെ പത്ത് സീറ്റുകള്‍ ഈ മൂന്ന്‍ ജില്ലകളില്‍ നിന്നാണ്. അതായത്, ഭൂരിപക്ഷ സമുദായത്തിനിടയില്‍ പാര്‍ട്ടിക്കെതിരായ ഒരു ഏകീകരണം സംഭവിക്കുകയും എല്‍.ഡി.എഫിന് അതിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ രത്നച്ചുരുക്കമെന്ന് കാണാം. പൊതുവേ, യു.ഡി.എഫ് ഭരണത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ആനുപാതികമല്ലാത്ത അധികാരം കയ്യാളുന്നു എന്ന നിരീക്ഷണം മുന്‍പേ ഉണ്ടായിട്ടുളതാണ്. ഇത് പരസ്യമായി പറഞ്ഞവരില്‍ പ്രമുഖന്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയുമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അഞ്ചാം മന്ത്രി വിവാദം മുതല്‍ ലീഗ് മന്ത്രിമാര്‍ ഉള്‍പ്പെട്ട പല വിവാദങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അതിനോട് സ്വീകരിച്ച സമീപനവും ഇപ്പോഴത്തെ  ഭൂരിപക്ഷ ഏകീകരണത്തിനു പ്രേരകമായിട്ടുണ്ടെന്ന് നിരീക്ഷിക്കാവുന്നതാണ്.

 

ഈ അഞ്ച് വര്‍ഷത്തില്‍ തന്നെയാണ് ബി.ജെ.പിയുടെ ഏറ്റവും പ്രകടവും സ്ഥിരവുമായ വളര്‍ച്ചയെന്നത് എല്‍.ഡി.എഫും അതിന് നേതൃത്വം കൊടുക്കേണ്ട സി.പി.ഐ.എമ്മും ആണ് ഏറെ ശ്രദ്ധിക്കേണ്ടത്. എല്ലാം ശരിയാകും എന്ന വാക്ക് കേട്ട് കേരളം തങ്ങളുടെ മുന്നില്‍ അനുഗ്രഹത്തിനായി പാദനമസ്കാരം ചെയ്തതാണെന്ന് സി.പി.ഐ.എം കരുതില്ലെന്ന്‍ കരുതാം. കേരളത്തില്‍ മുടങ്ങാതെ നടക്കുന്ന ഭരണമുന്നണിമാറ്റം പൊതുവേ ഭരിക്കുന്ന സര്‍ക്കാറിനെതിരെയുള്ള വികാരത്തിന്റെ നിഷേധവോട്ടാണ് എന്ന്‍ കാണാം. വി.എസ് അച്യുതാനന്ദന്‍റെ ജനസമ്മതിയ്ക്ക് പോലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ നിഷേധവോട്ടില്‍ നിന്ന്‍ എല്‍.ഡി.എഫിനെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമാകട്ടെ മലയാളിയുടെ രാഷ്ട്രീയ മൂല്യബോധം അതിന്റെ നെല്ലിപ്പടി കണ്ട കാലമായിരുന്നു. ഭൂരിപക്ഷത്തിനിടയില്‍ സംഭവിച്ച ഏകീകരണവും ഭരണത്തിനെതിരെയുള്ള വികാരവും ചേര്‍ന്നപ്പോള്‍ അത് തല്‍ക്കാലം എല്‍.ഡി.എഫിന് നേട്ടമായി എന്നേ പറയാന്‍ കഴിയൂ. ഭൂരിപക്ഷത്തിനിടയില ഇപ്പോഴുണ്ടായിരിക്കുന്ന ഏകീകരണം ഒരു താല്‍ക്കാലിക പ്രതിഭാസം ആകണമെന്നില്ല എന്നും അതിന്റെ ഗുണഭോക്താവ് എപ്പോഴും എല്‍.ഡി.എഫ് ആയിരിക്കണമെന്നില്ല എന്നതും സി.പി.ഐ.എം ഓര്‍ക്കേണ്ടതാണ്.

 

കാരണം, ബി.ജെ.പിയ്ക്ക് എതിരെ ഒരു വിധിയെഴുത്ത് ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, ആ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായത്തിനാണ് ഈ തെരഞ്ഞെടുപ്പ് തുടക്കം കുറിക്കുന്നത്. പാര്‍ട്ടി റുബിക്കോണ്‍ നദി മുറിച്ചുകടന്നിരിക്കുന്നു. 15 ശതമാനം എന്നത് നിര്‍ണ്ണായകമായ ഒരു വോട്ടടിത്തറ തന്നെയാണ്. എല്‍.ഡി.എഫിനോ യു.ഡി.എഫിനോ കാര്യമായ ഇടിവ് വോട്ടുവിഹിതത്തില്‍ വന്നിട്ടില്ല ഇക്കാലയളവില്‍ എന്നത് ചേര്‍ത്തുവായിക്കുമ്പോള്‍ പുതിയ വോട്ടര്‍മാരെയാണ് പാര്‍ട്ടി ആകര്‍ഷിക്കുന്നത് എന്നും അനുമാനിക്കാവുന്നതാണ്. നേമത്തെ വിജയം നിയമസഭയില്‍ ഒരു സാന്നിധ്യം മാത്രമല്ല പാര്‍ട്ടിയ്ക്ക് നല്‍കുന്നത്. കേന്ദ്രഭരണത്തിന്റെ ആനുകൂല്യത്തില്‍ ഒരു ഭരണമാതൃക ആ മണ്ഡലത്തില്‍ അവതരിപ്പിക്കാനും പാര്‍ട്ടിയ്ക്ക് അവസരം നല്‍കുന്നു. കുമ്മനം രാജശേഖരനില്‍ നിശ്ചയദാര്‍ഡ്യമുള്ള ഒരു നേതൃത്വവും പാര്‍ട്ടിയ്ക്ക് ഇപ്പോഴുണ്ട്. അടുത്ത അഞ്ച് വര്‍ഷക്കാലയളവില്‍ ഇപ്പോഴുള്ള അടിത്തറയ്ക്ക് മുകളില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ ബി.ജെ.പി ശ്രമിക്കും. പരമ്പരാഗതമായി എല്‍.ഡി.എഫിനും യു.ഡി.എഫിനും പോകുന്ന വോട്ടുകളും സ്ഥിരമായി രണ്ട് മുന്നണിയ്ക്കും മാറി ചെയ്യുന്നവരുമാണ് ഇനി പാര്‍ട്ടിയുടെ മുന്നിലുള്ളത്. അതായത് ബി.ജെ.പിയുടെ യഥാര്‍ത്ഥ വെല്ലുവിളി തുടങ്ങുന്നേ ഉള്ളൂ. തീര്‍ച്ചയായും യു.ഡി.എഫിന് ആണ് ബി.ജെ.പിയുടെ വെല്ലുവിളി ഇനി രൂക്ഷമായി നേരിടേണ്ടി വരിക. എന്നാല്‍, എല്‍.ഡി.എഫും സുരക്ഷിതമാണ് എന്ന്‍ പറയാനാകില്ല, ഈ തെരഞ്ഞെടുപ്പിന് സമാനമായ ഭരണവിരുദ്ധവികാരത്തിന്റെയും ഭൂരിപക്ഷ സാമുദായിക ഏകീകരണത്തിന്റെയും അവസ്ഥയാണ് ഇനിയും സംസ്ഥാനത്ത് സംജാതമാകുന്നതെങ്കില്‍.

 

ഒരു എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി തീര്‍ച്ചയായും ഇത് ഒഴിവാക്കുക എന്നതായിരിക്കും. എന്നാല്‍, പലപ്പോഴും ഒരേസമയം നടത്തുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായ പ്രീണനങ്ങള്‍ അതിന് സഹായിക്കുകയില്ല എന്നുമാത്രം പറയട്ടെ. സാമുദായിക അടിസ്ഥാനത്തിലുള്ള ഏകീകരണത്തില്‍ നിന്ന്‍ രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള ഏകീകരണത്തിലേക്ക് സമൂഹത്തെ നയിക്കുക എന്നതായിരിക്കണം സി.പി.ഐ.എമ്മിനും എല്‍.ഡി.എഫിനും മുന്നിലുള്ള പ്രധാന ദൗത്യം.