Skip to main content

western ghatsപശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് തങ്ങളുടെ നടപടികള്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ സംഘടിതമായ എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു. സി.പി.ഐ.എം വെള്ളിയാഴ്ച വയനാട്ടിലും ഇടുക്കിയിലും ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നു. മുഖ്യമന്ത്രി തിങ്കളാഴ്ച വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നു. പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കേരളത്തിന്റെ ഹൈറേഞ്ച് മേഖലയില്‍ ജീവിക്കുന്ന ജനങ്ങളെ ദോഷകരമായി ബാധിക്കും എന്ന വാദത്തില്‍ വ്യത്യസ്ത താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന വിഭാഗങ്ങള്‍ ഇവിടെ യോജിപ്പിലാണ്. അവരില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് പുറമേ ക്രിസ്ത്യന്‍ മതനേതൃത്വവും ഉള്‍പ്പെടുന്നു.

 

ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയുടെ ആവാസവ്യവസ്ഥയെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന പശ്ചിമഘട്ട വനമേഖല നിലനില്‍പ്പിന് നേരിടുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര പരിസ്ഥിതി വകുപ്പ് ഈ നിര്‍ദേശങ്ങളുമായി മുന്നോട്ട് വന്നത്. ജൈവികമായ ആവാസവ്യവസ്ഥയുടെ ഭാഗമായി മാത്രമേ മനുഷ്യജീവിക്കും നിലനില്‍പ്പുള്ളൂ എന്ന് തിരിച്ചറിയുന്നവര്‍ക്ക് പശ്ചിമഘട്ടത്തിന്റെ സംരക്ഷണമായിരിക്കണം ജനതാല്‍പ്പര്യമാകേണ്ടത്. അതേസമയം, ഈ സംരക്ഷണ നടപടികള്‍ വനമേഖലയിലെ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ അനിവാര്യമായും നിയന്ത്രിക്കും എന്ന് കാണാന്‍ കഴിയാത്തവരല്ല നമ്മുടെ രാഷ്ട്രീയ-മത നേതൃത്വം. കാരണം, പശ്ചിമഘട്ടം നിലനില്‍പ്പിന് ഭീഷണി നേരിട്ടത് മനുഷ്യന്റെ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ്. പണമായി മാറ്റേണ്ട വിഭവമാണ് വനം എന്ന കൊളോണിയല്‍ ചിന്തയില്‍ നിന്നാണ് പശ്ചിമഘട്ടത്തിലെ കുടിയേറ്റവും വികസനവും വിനോദസഞ്ചാരവുമെല്ലാം ആരംഭിക്കുന്നത്. അനിയന്ത്രിതമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കടിഞ്ഞാണ്‍ ഇട്ടല്ലാതെ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം യാഥാര്‍ത്ഥ്യമാകുകയുള്ളൂ. അതിനുപോലും തയ്യാറാകാത്തതിനെ ജനതാല്‍പ്പര്യമായല്ല, സ്ഥാപിതതാല്‍പ്പര്യമായേ വിശേഷിപ്പിക്കാനാവൂ.

 

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച ഗാഡ്ഗില്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പകരം ഈ റിപ്പോര്‍ട്ട് അവലോകനം ചെയ്യാന്‍ നിയുക്തമായ കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് സ്വീകരിച്ചിരിക്കുന്ന പശ്ചാതലത്തില്‍ ഈ സ്ഥാപിതതാല്‍പ്പര്യം കുറേക്കൂടി സ്പഷ്ടമാണ്. പരിസ്ഥിതി വിദഗ്ദനായ മാധവ് ഗാഡ്ഗില്‍ നേതൃത്വം കൊടുത്ത സമിതിയുടെ റിപ്പോര്‍ട്ട് ഒരര്‍ഥത്തില്‍ പശ്ചിമഘട്ടത്തിന്റെ രോദനമായിരുന്നു. എന്നാല്‍, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അതിശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണ് ആസൂത്രണ സമിതി അംഗവും ബഹിരാകാശ ശാസ്ത്രജ്ഞനുമായ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ പുതിയ സമിതിയെ പരിസ്ഥിതി വകുപ്പ് നിയോഗിച്ചത്. പശ്ചിമഘട്ട വനമേഖലയാകെ പാരിസ്ഥിതിക ദുര്‍ബ്ബല മേഖലയായി പ്രഖ്യാപിച്ചുള്ള നിയന്ത്രണങ്ങള്‍ ആണ് ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശിച്ചതെങ്കില്‍ കസ്തൂരിരംഗന്‍ സമിതി ഈ മേഖലയുടെ വിസ്തീര്‍ണ്ണം മൂന്നിലൊന്നായി, ഏകദേശം 60,000 ചതുരശ്ര കിലോമീറ്റര്‍, കുറച്ചു. നിയന്ത്രണങ്ങളിലും ഇളവുകള്‍, പ്രത്യേകിച്ച് ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍, സമിതി നിര്‍ദ്ദേശിച്ചിരുന്നു. എന്നിട്ടും ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാകില്ല എന്ന് പറയുന്നതിന് പിന്നില്‍ നഗ്നമായ സ്വാര്‍ത്ഥം മാത്രമാണുള്ളത്.

 

പശ്ചിമഘട്ടത്തെ ശാപമായി കാണുന്ന നേതൃത്വമാണ് യഥാര്‍ത്ഥത്തില്‍ പശ്ചിമഘട്ടം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നടത്തിയ വാദത്തിനിടയിലാണ് കേരളം പശ്ചിമഘട്ടത്തേയും അറബിക്കടലിനേയും ശാപമായി വിശേഷിപ്പിച്ചത്. തീരദേശ നിയമവും പശ്ചിമഘട്ട സംരക്ഷണ നടപടികളും ചേരുമ്പോള്‍ ‘വികസന’ത്തിന്‌ ഒരിഞ്ചു ഭൂമി പോലും ലഭിക്കുന്നില്ല എന്നതായിരുന്നു ഇത്തരമൊരു പരാമര്‍ശത്തിന് കേരളത്തെ പ്രേരിപ്പിച്ചത്. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ചും സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും പള്ളി കൊള്ളുന്ന കേരളത്തില്‍ ആരുടേയും ഞരമ്പുകളില്‍ ചോര തിളച്ചില്ല, ഇത് കേട്ട്. കവിത നഷ്ടപ്പെട്ട ഭരണാധികാരികളില്‍ നിന്ന്‍ ഭാവനാസമ്പന്നമായ നടപടികള്‍ പ്രതീക്ഷിക്കാനാകില്ല. സമൂഹം എന്ന നിലയില്‍ കേരളം നേരിടുന്ന പ്രതിസന്ധിയുടെ സൂചകമായി പശ്ചിമഘട്ടം മാറുന്നതും അങ്ങനെയാണ്.   

 

പശ്ചിമഘട്ടം
കാളിദാസന്‍ പച്ചപ്പട്ടുടുത്ത കന്യകയായി വിശേഷിപ്പിച്ച പശ്ചിമഘട്ടം ദക്ഷിണേന്ത്യന്‍ പരിസ്ഥിതിയുടേയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ്. കാവേരി, കൃഷ്ണ, ഗോദാവരി, പെരിയാര്‍, ഭാരതപ്പുഴ, നേത്രാവതി തുടങ്ങി എല്ലാ ദക്ഷിണേന്ത്യന്‍ നദികളുടെയും ഉത്ഭവസ്ഥാനം. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഗതി തടയുന്നതിലൂടെ ദക്ഷിണേന്ത്യയുടെ  കാലാവസ്ഥയേയും പശ്ചിമഘട്ടം നിര്‍ണ്ണയിക്കുന്നു. ഈ നദികളേയും കാലാവസ്ഥയേയും ആശ്രയിച്ചാണ്‌ ദക്ഷിണേന്ത്യയിലെ കൃഷിയും ജീവിതവും. അപൂര്‍വ്വങ്ങളായ സസ്യ-ജന്തു ജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടത്തെ മലനിരകള്‍. ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിനായി അതീവ പരിഗണന നല്‍കേണ്ട ലോകത്തിലെ എട്ട് ഹോട്ട്സ്പോട്ടുകളില്‍ ഒന്ന്. യുനെസ്കോ ലോക പൈതൃക പ്രദേശമായി അംഗീകരിച്ച ഇടം.