കലാലയ തിരഞ്ഞെടുപ്പുകളില്‍ വിദ്യാര്‍ഥികള്‍ പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. എതിരാളികളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോഴും അവരുടെ പേര് പരാമര്‍ശിക്കുന്നത് കഴിവതും ഒഴിവാക്കും. ജനാധിപത്യ മര്യാദയൊന്നുമല്ല പ്രചോദനം. തങ്ങളായിട്ട് എതിരാളികളുടെ പേര് വിദ്യാര്‍ഥികളുടെയിടയില്‍ പരിചിതമാക്കണ്ട എന്നതാണ് നയം. എന്നാല്‍ കലാലയ തിരഞ്ഞെടുപ്പിലെ പാഠങ്ങള്‍ പോലും മറന്നു പോയിരിക്കുന്നു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന കേരളത്തിലെ ഇന്നത്തെ നേതാക്കള്‍.
ശിവഗിരി മഠം നടത്തുന്ന ധര്‍മ്മ മീമാംസ പരിഷത്തിന്റെ വേദിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എത്തുന്നതിനെതിരെ സി.പി.ഐ.എം നേതാക്കളും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ മോഡിയുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും ഉയര്‍ത്തുന്ന കടുത്ത വിമര്‍ശനങ്ങള്‍ ആത്യന്തികമായി പ്രധാനമന്ത്രി പദം ലക്ഷ്യമിട്ട് നരേന്ദ്ര മോഡി ആരംഭിച്ച പ്രചാരണത്തെ സഹായിക്കുകയാണ്. ആളുകള്‍ കണ്ട് കണ്ടാണ് കടല്‍ വലുതാവുന്നതെന്ന കവിവാക്യം പോലെ പറഞ്ഞ് പറഞ്ഞാണ് നേതാക്കള്‍ വലുതാവുന്നത്. അതിലുമുപരി മോഡിക്കെതിരെ ഉയരുന്ന വിമര്‍ശനത്തിന്റെ മുന തങ്ങള്‍ക്കു നേരെയും തിരിഞ്ഞിരിക്കുന്നു എന്ന്‍ കണ്ടില്ലെന്ന് നടിക്കുന്നതിലൂടെ ഇവരും മോഡിയും ഒരേ നുകത്തിലെ കാളകള്‍ ആകുന്നു.
വാക്കുകള്‍ക്ക്- എന്തുച്ചരിക്കുന്നു എന്നതും എങ്ങിനെ ഉച്ചരിക്കുന്നു എന്നതും- രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക പ്രാധാന്യം ഉണ്ടെങ്കിലും അവസാന വിശകലനത്തില്‍ രാഷ്ട്രീയം പ്രഭാഷണമല്ല, പ്രവര്‍ത്തനം തന്നെയാണ്. നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നതാണ് നിങ്ങളുടെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നത്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം മതനിരപേക്ഷതയോട് പുലര്‍ത്തുന്ന സമീപനം വാക്കിലും പ്രവൃത്തിയിലും ഒരുപോലെയല്ല എന്നത് കഴിഞ്ഞ കുറെ കാലമായി വീണ്ടും വീണ്ടും കേരള സമൂഹം കണ്ടു കൊണ്ടിരിക്കുന്നതാണ്. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് മൃദു വര്‍ഗ്ഗീയ സമീപനങ്ങള്‍ സ്വീകരിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വവും രാഷ്ട്രീയ വിജയത്തിന് തീവ്ര വര്‍ഗ്ഗീയ സമീപനം സ്വീകരിച്ച മോഡിയും അപ്പോള്‍ വ്യത്യാസപ്പെടുന്നത് അളവിലാണ്, ഗുണത്തിലല്ല. പാലില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാം എന്ന് നിങ്ങള്‍ അനുവദിച്ചു കഴിഞ്ഞാല്‍ വെള്ളം മാത്രം തരുന്ന പാല്‍ക്കാരനെ കുറ്റം പറയാന്‍ ന്യായമില്ല എന്ന് എം.എന്‍. വിജയന്‍ പറഞ്ഞത് മറ്റൊരു സന്ദര്‍ഭത്തില്‍ ആണെങ്കിലും ഇവിടെയും പ്രസക്തം തന്നെ.