Skip to main content

2012 നവംബര്‍ 25ന് മലപ്പുറത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് സംസ്ഥാനത്തെ പാസ്പോര്‍ട്ട് ഓഫീസര്‍മാരുടെ യോഗം വിളിച്ചിരുന്നു. (കുറച്ചുകൂടി തെളിച്ചുപറഞ്ഞാല്‍, കൂടുതലും തന്റെ പാര്‍ട്ടിപ്രവര്‍ത്തകരടങ്ങുന്ന ഒരു യോഗത്തിലേക്ക് പാസ്പോര്‍ട്ട് ഓഫീസര്‍മാരെ വിളിച്ചുവരുത്തിയതാണ്.) വിഷയം തിരുത്തലുകള്‍ വരുത്തിയ പാസ്പോര്‍ട്ടുകള്‍ ആയിരുന്നു. വ്യാജവിവരങ്ങളും ഫോട്ടോ തന്നെയും അടങ്ങിയ പാസ്പോര്‍ട്ടുകള്‍ ഏറ്റവും അധികം മലപ്പുറത്താണ് എന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ അവയ്ക്ക് അദാലത്തിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് അന്ന് ആവശ്യപ്പെട്ടു. തിരുത്തലുകള്‍ കൂടുതലും ഗള്‍ഫ് മേഖലയില്‍ ജോലി ലഭിക്കുന്നതിനാവശ്യമായി വരുത്തിയവയാണ്.

 

ഇന്ന്‍ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ പാസ്പോര്‍ട്ട് തിരുത്തിയത് കൊണ്ട് മാത്രം രക്ഷയില്ലാത്ത സ്ഥിതിയാണ്. സൗദി അറേബ്യ കൊണ്ടുവന്ന നിതാഖത് നിയമവും കുവൈത്തിലെ സമാനമായ നയവും എല്ലാം മലയാളി പ്രവാസികളെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. വാണിജ്യ-വ്യവസായ മേഖലകളിലെ ജോലികളില്‍ കൂടുതല്‍ സ്വദേശികളെ ഉള്‍പ്പെടുത്തുക എന്നതാണ് ഈ നയത്തിന്റെ ഉദ്ദേശം. പ്രവാസികള്‍ അയച്ചുതരുന്ന പണം ഏറെക്കുറെ സമ്പദ് വ്യവസ്ഥയുടെ ചാലകമായി മാറിയ കേരളത്തില്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് നയതന്ത്ര ഇടപെടലിനു തന്നെ ആവശ്യം  ഉയര്‍ത്തി. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തില്‍ കേന്ദ്രസംഘം വൈകാതെ ഈ വിഷയത്തില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്.

 

അതിനിടെ റിയാദ് ഗവര്‍ണ്ണര്‍ കഴിഞ്ഞ ദിവസം പ്രവിശ്യയില്‍ നിയമം നടപ്പിലാക്കുന്നതില്‍ രണ്ടു മാസത്തെ സാവകാശം പ്രഖ്യാപിച്ചു. പ്രധാനമായും സാമ്പത്തിക രംഗത്ത് നയം വരുത്തിവെച്ച ദോഷഫലങ്ങളാണ് ഈ വീണ്ടുവിചാരത്തിന് കാരണം. ഞങ്ങള്‍ മുന്‍പ് ഇതേ പംക്തിയില്‍ ചൂണ്ടിക്കാണിച്ച പോലെ സമൂഹത്തിലെ മനുഷ്യവിഭവ ശേഷിയെ മിനുക്കിയെടുക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കാതെ സ്വദേശിവല്‍ക്കരണ നടപപടികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഫലപ്രദമാകില്ല. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രദ്ധ പതിയേണ്ടത് ഒരു വിദേശ രാജ്യത്തിന്റെ നയങ്ങളും നിയമങ്ങളും തിരുത്തുന്നതിലേറെ തങ്ങളുടെ പൗരര്‍ നിയമാനുസൃതമായി വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നു എന്നുറപ്പ് വരുത്തുന്നതിലാണ്.

 

അവിടെയാണ്, നേരത്തെ പറഞ്ഞ പാസ്പോര്‍ട്ട് പ്രശ്നം ഒരു സൂചകമാകുന്നത്. പാസ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തുന്നത് കുറ്റകരമായിട്ടും അധികാരികള്‍ നിക്ഷിപ്ത താല്പര്യങ്ങള്‍ മൂലം അവയെ അവഗണിക്കുന്നു. അങ്ങിനെ പാസ്പോര്‍ട്ട് ലഭിക്കുന്നവര്‍ക്ക്  അനധികൃത വിസ ഒരു തെറ്റാണെന്ന് തോന്നില്ല. വിദേശത്തേക്ക് നിയമാനുസൃത വിസകളില്‍  മാത്രമേ പോകാവൂ എന്ന് എത്ര പരസ്യം ചെയ്തിട്ടും കാര്യമില്ല. എമിഗ്രേഷന്‍ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുക എന്നതാണ് വിദേശത്ത് സ്വന്തം പൗരരുടെ സുഗമമായ വാസം ഉറപ്പു വരുത്താന്‍ ആദ്യം ചെയ്യേണ്ടത്.

 

ഇക്കാര്യത്തില്‍ കേരള സര്‍ക്കാറും സമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ജീവിതോപാധികള്‍ തേടി അന്യനാടുകളിലേക്ക് ചേക്കേറുന്ന പാരമ്പര്യം മലയാളിക്കുണ്ട്. എന്നാല്‍ മദ്രാസും ബോംബെയും ദില്ലിയും പോലെ മറ്റൊരു ഇന്ത്യന്‍ സംസ്ഥാനമല്ല ഗള്‍ഫ് രാജ്യങ്ങള്‍. എങ്ങിനെയും ഒരു വിസ സംഘടിപ്പിച്ച് ഗള്‍ഫിലെത്താം, ഗള്‍ഫ് മാത്രമല്ല ഏതു വിദേശ രാജ്യത്തും, എന്ന ചിന്താഗതി മാറിയില്ലെങ്കില്‍ നിയമത്തിന്റെ നീണ്ട കരങ്ങളെ ഭയന്നു തന്നെ കഴിയേണ്ടി വരും.