സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനവേദിയില്‍ നിന്ന് ഇറങ്ങിപ്പോന്ന വി.എസ്. അച്യുതാനന്ദന്‍ ഞായറാഴ്ച തിരുവനന്തപുരത്തെത്തി പ്രതിപക്ഷനേതൃ സ്ഥാനം രാജിവെയ്ക്കുമെന്നറിയുന്നു. ഞായറാഴ്ച രാവിലെ തന്നെ അദ്ദേഹം ആലപ്പുഴയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. മാധ്യമങ്ങളെ തന്റെ നീക്കം അറിയിക്കുന്ന വിശ്വസ്ഥരിലൂടെയാണ് വി.എസ്. ഈ വിവരവും രഹസ്യമെന്നോണം പുറത്തുവിട്ടിരിക്കുന്നത്. അതേ സമയം വി.എസ്. തുടര്‍ന്നുപോരുന്ന സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് ഈ വാര്‍ത്തയും പ്രചരിപ്പിച്ചിട്ടുള്ളതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സംശയമുണ്ട്. മാധ്യമസാന്നിദ്ധ്യവും സ്വാധീനവും ഉപയോഗിച്ചുള്ള വി.എസ്സിന്റെ പാര്‍ട്ടിയിലെ ഔദ്യോഗിക നേതൃത്വത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ശനിയാഴ്ചത്തെ അദ്ധ്യായവും പഴയ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു. ശനിയാഴ്ച നാല് മണിക്ക് മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന് വിശ്വസ്ഥരിലൂടെ മാധ്യമങ്ങളെ അറിയിച്ചുകൊണ്ടാണ് വി.എസ്. പാര്‍ട്ടി നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. നാല് മണിയാകാറായപ്പോഴേക്കും കേന്ദ്ര നേതൃത്വം വി.എസ്സുമായി ബന്ധപ്പെടുകയും തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെ കാണുന്നത് മാറ്റിവയ്ക്കുകയുമാണുണ്ടായത്.
ജനപക്ഷത്തു നിന്നുകൊണ്ടല്ലാതെ തനിക്ക് രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാകില്ലെന്ന നിലപാടാണ് തന്നെ അനുനയിപ്പിക്കാനെത്തിയ നേതാക്കളായ ചന്ദ്രന്‍ പിള്ളയോടും ശര്‍മ്മയോടുമൊക്കെ വി.എസ്. പറഞ്ഞത്. പുന്നപ്ര മുതല്‍ എഴുപത്തിനാല് വര്‍ഷമായി തുടങ്ങിയ തന്റെ പ്രവര്‍ത്തനം അതായിരുന്നുവെന്നും വി.എസ്. അവരോട് പറഞ്ഞു. ഇനിയും തനിക്ക് ആ നിലയിലല്ലാതെ തുടരാവില്ലെന്നുള്ള നിലപാടില്‍ മാറ്റമുണ്ടാവില്ലെന്ന ഉറച്ചുനില്‍ക്കുകയാണെ്. ടി.പി.വധക്കേസ്സിലെ രണ്ടു പ്രതികളെ പാര്‍ട്ടിയില്‍ ഇപ്പോഴും നില നിര്‍ത്തിക്കൊണ്ട് അവരോടൊപ്പം നിന്നുകൊണ്ട് തനിക്ക് എങ്ങനെ ജനപക്ഷത്തു നിന്നുള്ള രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാകുമെന്നും തന്നെ അനുനയിപ്പിക്കാന്‍ ശ്രമിച്ച് നേതാക്കളോട് അദ്ദേഹം ചോദിച്ചു.