രാഷ്ട്രീയ സംസ്‌കാരത്തിന്റെ ശുദ്ധീകരണമാണ് ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്കു തുടക്കമിട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി തെറ്റായി പ്രവർത്തിക്കുന്നവർക്കു രാഷ്ട്രീയ രക്ഷാകർത്താവ് ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ സർക്കാരിനു കഴിഞ്ഞുവെന്നും വ്യക്തമാക്കി. മേയ് 20 മുതല്‍ ജൂണ്‍ അഞ്ചു വരെ സംസ്ഥാനമാകെ വിവിധ പരിപാടികള്‍ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടത്തും.
2011–2016 കാലത്തെ യുഡിഎഫ് ഭരണം തളർച്ചയുടെ കാലഘട്ടമായിരുന്നുവെന്നും ജീർണമായ രാഷ്ട്രീയ സംസ്കാരമായിരുന്നു അവരുടേതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അധികാരവും അഴിമതിയും അനാശാസ്യതയും കൂട്ടിച്ചേര്‍ന്ന ജീര്‍ണാവസ്ഥയാണ് നിലനിന്നത്. വ്യക്തമായ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ് ഇടതുസർക്കാരിന്റെ പ്രവർത്തനമെന്നും മതനിരപേക്ഷ, അഴിമതിരഹിത കേരളം ആണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സ്വപ്നം കാണുന്ന ഒരു നവകേരളമാണ്. നാലു മിഷനുകളിലൂടെ ഇതു പടുത്തുടർത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോളവത്കരണകാലത്ത് ഒരു ബദല്‍ മുന്നോട്ടുവെക്കാനാണ് പരിശ്രമിക്കുന്നത്. രക്ഷപ്പെടുമെന്ന തോന്നൽ പരമ്പരാഗത വ്യവസായങ്ങൾക്കുണ്ടായെന്ന്‍ കയർ, കശുവണ്ടി, കൈത്തറി വ്യവസായങ്ങളില്‍ സ്വീകരിച്ച നടപടികള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ വര്‍ധിപ്പിച്ചതും വീട്ടിലെത്തിക്കാൻ കഴിഞ്ഞതും നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യത്തെ വെളിയിട വിമുക്ത സംസ്ഥാനമായി കേരളം മാറി. രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കപ്പെടും. അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് അറിയപ്പെടുന്ന കേരളം ഉടന്‍ അഴിമതി വിമുക്ത സംസ്ഥാനമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിനുള്ളതെന്നും ഗെയിൽ പദ്ധതി ഉടൻ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയപാത വികസനത്തില്‍ ഭൂമിയേറ്റെടുക്കലിന്റെ എതിർപ്പ് കുറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.