Skip to main content
കണ്ണൂര്‍

കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തില്‍ 26 സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് കോടതി നിര്‍ദ്ദേശിച്ചത് പ്രകാരമാണ് നടപടി. കേസ് നിയമപരമായി നേരിടുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രതികരിച്ചു.

 

എരുവശേരി കെ.കെ.എന്‍ യു.പി സ്കൂളിലെ 109 ാം നമ്പര്‍ ബൂത്തില്‍ സ്ഥലത്തില്ലാത്ത 59 പേരുടെ വോട്ട് ചെയ്തെന്ന് ആരോപിച്ച് 19 പേര്‍ക്കെതിരെയും ഇവര്‍ക്ക് സഹായം നല്‍കി എന്നാരോപിച്ച് എഴുപേര്‍ക്ക് എതിരെയുമാണ് കുടിയാന്മല പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ബൂത്ത് ഏജന്റായിരുന്ന കോണ്‍ഗ്രസ് മണ്ഡലം അധ്യക്ഷന്‍ ജോസഫ് കോട്ടുകാപ്പള്ളി നല്‍കിയ പരാതിയിലാണ് കേസ്.  

പരാജയഭീതി മൂലമാണ് കേസെടുത്തിരിക്കുന്നതെന്ന് പി. ജയരാജന്‍ ആരോപിച്ചു. നടപടി ആസൂത്രിതമാണെന്ന് സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി ജയരാജനും കുറ്റപ്പെടുത്തി. അതേസമയം, മറ്റ് ബൂത്തുകളിലും നടന്ന കള്ളവോട്ടിന്റെ തെളിവുകളുമായി കോടതിയെ സമീപിക്കുമെന്ന്  ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

 

സി.പി.ഐ.എമ്മിന്റെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കള്ളവോട്ട് ആരോപണത്തില്‍ കേസെടുത്തിട്ടുണ്ട്.