മലയാളത്തിന്‍റെ യുവതാരങ്ങള്‍ ഫഹദ് ഫാസിലും നസ്‌റിയ നസീമും വിവാഹിതരാകുന്നു. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആഗസ്റ്റിലാകും വിവാഹം. ഇത് ഒരു പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ തീരുമാനമെടുത്തതിന് ശേഷം ഫഹദിന്റേയും നസ്രിയയുടേയും അഭിപ്രായം ചോദിക്കുകയായിരുന്നെന്നും ഫാസില്‍ പറഞ്ഞു.
അജ്ഞലി മേനോന്റെ പുതിയ സിനിമയായ എല്‍ ഫോര്‍ ലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഫഹദും നസ്രിയയും. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.
കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ 30 കാരനായ ഫഹദ് ഇപ്പോള്‍ മലയാളത്തിന്‍റെ ന്യൂ ജനറേഷന്‍ നായകന്‍ എന്ന ലേബലോടെ ചലച്ചിത്ര ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ്. 19-കാരിയായ നസ്‌റിയയാകട്ടെ അവതാരകയായാണ് തന്‍റെ കരിയര്‍ തുടങ്ങിയത്. പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായെത്തിയ നസ്‌റിയ മാഡ് ഡാഡ് എന്ന ചിത്രത്തില്‍ നായികയായി. സലാല മൊബൈല്‍സ് ആണ് നസ്‌റിയയുടെ പുതിയ ചിത്രം. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍.
പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരങ്ങളാണ് ഫഹദും നസ്രിയയും. മലയാളസിനിമയിലെ തിളക്കമേറിയ താരങ്ങളായ ഇരുവരുടെയും അപ്രതീക്ഷിത വിവാഹവാര്‍ത്ത ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.ഫഹദുമായി ബന്ധപ്പെട്ട് മറ്റ് പല ഗോസിപ്പുകളും കേട്ടിരുന്നെങ്കിലും ഫഹദ്-നസ്രിയ പ്രണയത്തെ കുറിച്ച് ഒരു ചര്‍ച്ചകളും സിനിമാ ലോകത്ത് ഉണ്ടായിരുന്നില്ല.
