മുംബൈയില്‍ സബര്‍ബന്‍ തീവണ്ടി സര്‍വീസ് വൈകിയതിനെ തുടര്‍ന്ന്‍ വെള്ളിയാഴ്ച അക്രമാസക്തമായ പ്രതിഷേധം. കല്ലേറും തീവെപ്പും മൂലം ഹാര്‍ബര്‍, സെന്‍ട്രല്‍ ലൈനുകളില്‍ തീവണ്ടി സര്‍വീസുകള്‍ മുടങ്ങിയതോടെ തിരക്കേറിയ സമയത്ത് ആയിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു.
വൈദ്യുതി വിതരണത്തിലെ തടസ്സം മൂലം താനേ ജില്ലയില്‍ കല്യാണിനടുത്ത് താക്കൂര്‍ളി സ്റ്റേഷനിലാണ് സബര്‍ബന്‍ തീവണ്ടി സര്‍വീസ് മുടങ്ങിയത്. ഇതോടെ, അക്ഷമരായ യാത്രക്കാര്‍ സബര്‍ബന്‍ സര്‍വീസുകള്‍ സ്ഥിരമായി മുടങ്ങുന്നതില്‍ പ്രതിഷേധിക്കാന്‍ ട്രാക്കുകളില്‍ ഇറങ്ങി.
കാലത്ത് 8.30 മുതല്‍ ദിവ, മുംബ്ര സ്റ്റേഷനുകള്‍ക്കിടയിലെ നാല് ട്രാക്കുകളും യാത്രക്കാര്‍ ഉപരോധിച്ചതോടെ സര്‍വീസുകള്‍ മുടങ്ങുകയായിരുന്നു. ദിവ സ്റ്റേഷനില്‍ തീവണ്ടികള്‍ക്ക് നേരെ കല്ലെറിഞ്ഞ യാത്രക്കാര്‍ മൂന്ന്‍ ബോഗികള്‍ക്ക് തീ കൊളുത്തി. ലാത്തിച്ചാര്‍ജ് നടത്തിയാണ് പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. ഡോമ്പിവിളി, തിലക് നഗര്‍ സ്റ്റേഷനുകളിലും യാത്രക്കാര്‍ അക്രമാസക്തമായ പ്രതിഷേധം നടത്തി.
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജീവനക്കാര്‍ തീവണ്ടികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ ലൈനില്‍ ഗതാഗതം മുടങ്ങിയത്. യാത്രക്കാരുടെ അക്രമങ്ങളില്‍ ഏതാനും ജീവനക്കാര്‍ക്ക് പരിക്കേറ്റതോടെ ജീവനക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചു. റെയില്‍വേ പോലീസ് സംരക്ഷണം നല്‍കിയതോടെ സമരം പിന്‍വലിച്ചു.