Skip to main content
ന്യൂഡല്‍ഹി

advaniപൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ പങ്കിനെ കുറിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് എല്‍.കെ അദ്വാനിയുടെ തണുത്ത പ്രതികരണം. വിജയത്തില്‍ മോഡിയുടെ നേതൃത്വവും ആര്‍.എസ്.എസും ബി.ജെ.പിയും എത്രത്തോളം സംഭാവന നല്‍കി എന്നത് സംബന്ധിച്ച് വിശദമായ വിലയിരുത്തല്‍ നടത്തേണ്ടതുണ്ടെന്നായിരുന്നു വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് അദ്വാനിയുടെ മറുപടി. അഴിമതിയ്ക്കും വിലക്കയറ്റത്തിനും കുടുംബവാഴ്ചയ്ക്കും എതിരെയുള്ള വിജയമാണ് ഇതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

 

നേരത്തെ, അദ്വാനി മോഡിയെ ഫോണില്‍ വിളിച്ച് പാര്‍ട്ടിയുടെ പ്രകടനത്തില്‍ അഭിനന്ദനം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന്‍ അദ്വാനി ജയിച്ചിട്ടുണ്ട്.

 

തെരഞ്ഞെടുപ്പിന് മുന്‍പ് കഴിഞ്ഞ സെപ്തംബറില്‍ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ച അവസരത്തില്‍ ഇതിലുള്ള തന്റെ അസംതൃപ്തി അദ്വാനി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുന്നതായി പ്രഖ്യാപിച്ച അദ്ദേഹം ആര്‍.എസ്.എസ് ഇടപെടലിനെ തുടര്‍ന്ന്‍ പിറ്റേദിവസം തീരുമാനം മാറ്റുകയായിരുന്നു.

 

കേവല ഭൂരിപക്ഷത്തിനാവശ്യമായ 272 സീറ്റുകള്‍ ബി.ജെ.പിയ്ക്ക് തനിച്ച് ലഭിക്കുമെന്നാണ് വോട്ടെണ്ണല്‍ നല്‍കുന്ന സൂചന. 286 സീറ്റില്‍ ബി.ജെ.പി ജയിക്കുകയോ മുന്നില്‍ നില്‍ക്കുകയോ ചെയ്യുന്നുണ്ട്. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യമായ എന്‍.ഡി.എ 341 സീറ്റിലും മുന്നിലാണ്. 1984-ന് ശേഷം ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കുന്നത് ഇതാദ്യമാണ്.