Skip to main content
ന്യൂഡല്‍ഹി

നീണ്ടുനിന്ന തര്‍ക്കത്തിന് അന്ത്യം കുറിച്ച് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ഉത്തര്‍ പ്രദേശിലെ വാരാണാസി മണ്ഡലത്തില്‍ നിന്ന്‍ ലോകസഭയിലേക്ക് മത്സരിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് തന്റെ മണ്ഡലമായ ഗാസിയാബാദിന് പകരം ലക്നോവില്‍ നിന്നായിരിക്കും മത്സരിക്കുക.

 

modi and mm joshiപാര്‍ട്ടി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മുരളി മനോഹര്‍ ജോഷി മത്സരിച്ചിരുന്ന മണ്ഡലമാണ് വാരാണസി. മണ്ഡലം മാറുന്നതിന് ജോഷി പ്രകടിപ്പിച്ച വൈമനസ്യമാണ് പ്രഖ്യാപനം വൈകിച്ചത്. കാണ്‍പൂര്‍ മണ്ഡലത്തില്‍ നിന്നായിരിക്കും ജോഷി ഇത്തവണ മത്സരിക്കുക.

 

വാരാണാസിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെ മോഡിയ്ക്ക് നേരിടേണ്ടി വന്നേക്കാം. ഗുജറാത്തിന് പുറത്ത് മോഡി മത്സരിക്കുകയാണെങ്കില്‍ എതിര്‍ത്ത് മത്സരിക്കുമെന്ന് പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

 

വാരാണാസി സീറ്റിലെ തര്‍ക്കത്തെ തുടര്‍ന്ന്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം ശനിയാഴ്ച രാത്രിയാണ് പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിറ്റി യു.പിയില്‍ നിന്നുള്ള 55 പേരടക്കം 98 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി, വരുണ്‍ ഗാന്ധി, മനേക ഗാന്ധി, ചലച്ചിത്ര താരങ്ങളും പാര്‍ട്ടി നേതാക്കളുമായ ശത്രുഘ്നന്‍ സിന്‍ഹ, കിരണ്‍ ഖേര്‍, പാര്‍ട്ടി വക്താവ് മീനാക്ഷി ലേഖി എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.