ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ഇടതു മുന്നണിയും സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഫുട്‌ബോള്‍ താരം ബൈചുംഗ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്കു മത്സരിക്കും. ഡാര്‍ജിലിംഗ് മണ്ഡലത്തില്‍നിന്നാണ് ബൂട്ടിയ ലോക്‌സഭയിലേക്കു മത്സരിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി വ്യക്‌തമാക്കി.
ബൂട്ടിയയ്‌ക്കു പുറമേ പ്രസൂന്‍ ബാനര്‍ജിയും നാടക പ്രവര്‍ത്തക അര്‍പിത ഘോഷ്, സിനിമാ താരങ്ങളായ മൂണ്‍ മൂണ്‍ സെന്‍, ഇന്ദ്രനീല്‍ സെന്‍, ദേബ് (ദീപക് അധികാരി), ശതാബ്‌ദി റോയ്, തപസ് പാല്‍, സന്ധ്യ റോയ് എന്നിവരും തൃണമൂല്‍ പട്ടികയിലുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്‍റെ പട്ടികയില്‍ 11 വനിതാ സ്ഥാനാര്‍ഥികളുണ്ട്.
കൊല്‍ക്കത്ത നഗരത്തിലെ രണ്ട് മണ്ഡലങ്ങളിലും ഇടതു മുന്നണി നിര്‍ത്തിയിരിക്കുന്നത് സ്ത്രീകളെയാണ്. കൊല്‍ക്കത്ത നഗരസഭയിലെ പ്രതിപക്ഷ നേതാവ് രൂപ ബാഗ്ചി ഉത്തര കൊല്‍ക്കത്തയിലും നന്ദിനി മുഖര്‍ജി ദക്ഷിണ കൊല്‍ക്കത്തയിലും മത്സരിക്കും. അഞ്ച് സിറ്റിങ് എം.പിമാര്‍ക്ക് സീറ്റ് നിഷേധിച്ച ഇടതുമുന്നണി 26 പുതുമുഖങ്ങളെ അണിനിരത്തുന്നു. ഇതില്‍ പത്ത് പേര്‍ 40 വയസ്സില്‍ താഴെയുള്ളവരാണ്.
മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് മത്സരിക്കും. കലാ-സാംസ്‌കാരിക-കായിക രംഗത്തുനിന്നുള്ളവരെ തെരഞ്ഞെടുപ്പ് മത്സരത്തിനിറക്കുന്നതുവഴി കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനാകുമെന്നാണു മമതയുടെ പ്രതീക്ഷ. അണ്ണാ ഹസാരെയുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഉടന്‍ പുറത്തിറക്കുമെന്നും മമത വ്യക്‌തമാക്കി.
