16-ാമത് ലോകസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 7 മുതല്‍ മെയ് 12 വരെ ഒന്‍പത് തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുക. മെയ് 16-നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ ഏപ്രില്‍ പത്തിനാണ് വോട്ടെടുപ്പ്. മാതൃകാ പെരുമാറ്റച്ചട്ടവും ഇതോടൊപ്പം നിലവില്‍ വന്നു. മേയ് 31-നാണ് നിലവിലെ ലോകസഭയുടെ കാലാവധി തീരുക.
ഏപ്രില്‍ 9, 10, 12, 17, 24, 30, മേയ് 7 എന്നിവയാണ് മറ്റ് തെരഞ്ഞെടുപ്പ് തിയതികള്‍. ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. സ്കൂള്‍ പരീക്ഷകള്‍, വേനല്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് വോട്ടെടുപ്പ് തിയതികള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത് ന്യൂഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
81.4 കോടി വോട്ടര്‍മാരാണ് ഈ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക. കഴിഞ്ഞ തവണത്തേക്കാളും പത്ത് കോടി അധികമാണിത്. 9.39 ലക്ഷം പോളിംഗ് സ്റ്റേഷനുകള്‍ ആണുണ്ടാകുക. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാത്തവര്‍ക്ക് മാര്‍ച്ച് ഒന്‍പതിന് ഇതിനായി ഒരവസരം കൂടി നല്‍കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
